ശബരിമലയെ രാഷ്ട്രീയലക്ഷ്യത്തോടെ ഉപയോഗിക്കാന്‍ തീരുമാനിച്ചതിന്‍റെ പ്രതിഫലനമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. അബദ്ധങ്ങളും പച്ചക്കള്ളങ്ങളും അവാസ്തവങ്ങളും കുത്തിനിറച്ചതായിരുന്നു പ്രധാനമന്ത്രിയുടെ ശബരിമല സംബന്ധിച്ച നിരീക്ഷണങ്ങള്‍.
ശബരിമല വിഷയത്തില്‍ ബി.ജെ.പി മലക്കംമറിഞ്ഞതുപോലെ ചെയ്യാന്‍ സര്‍ക്കസുകാര്‍ക്ക് മാത്രമേ സാധിക്കൂ. ബി.ജെ.പിയുടെയും ആര്‍എസ്എസിന്‍റെയും ദേശീയ നേതൃത്വം സ്ത്രീപ്രവേശനത്തെ ആദ്യം സ്വാഗതം ചെയ്തു. സുബ്രഹ്മണ്യം സ്വാമിയെപ്പോലുള്ള നേതാക്കള്‍ അഭിനന്ദിച്ചു. ബി.ജെ.പിയുടെ സംസ്ഥാന അധ്യക്ഷന്‍ ശബരിമലയെ രാഷ്ട്രീയനേട്ടത്തിനുള്ള സുവര്‍ണവസരമായി കണ്ടു. ഇതുതന്നെയാണ് പ്രധാനമന്ത്രിയും ലക്ഷ്യമിടുന്നതെന്ന് കെ.പി.സി.സി അധ്യക്ഷന്‍ ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് നിലപാടിനെക്കുറിച്ച് പ്രധാനമന്ത്രി അജ്ഞത നടിക്കുകയാണ്.
പത്തനംതിട്ടയിലും പാര്‍ലമെന്‍റിലും ഡല്‍ഹിയിലും കോണ്‍ഗ്രസിന് സ്ഥായിയായ ഒറ്റ നിലപാടേ ഉള്ളു. വിശ്വാസികളോടൊപ്പമാണ് അതെന്നും. എ.ഐ.സി.സി അധ്യക്ഷന്‍ തന്നെ ഈ നിലപാടിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അഴിമതി, അക്രമം, വര്‍ഗീയത തുടങ്ങിയ കാര്യങ്ങളില്‍ സി.പി.എമ്മും ബി.ജെ.പിയും ഇരട്ടക്കുട്ടികളാണെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. കര്‍ഷകര്‍ക്കുവേണ്ടി മുതലക്കണ്ണീര്‍ ഒഴുക്കിയ പ്രധാനമന്ത്രി, കേരളത്തിലെ കര്‍ഷകര്‍ക്കുവേണ്ടി എന്തു ചെയ്തു? കാര്‍ഷിക കടം എഴുതിത്തള്ളിയ കോണ്‍ഗ്രസ് സര്‍ക്കാരുകളെ ഇനിയെങ്കിലും പ്രധാനമന്ത്രി പാഠമാക്കണം.
കേരളത്തിന്‍റെ സംസ്‌കാരത്തിന് ഒട്ടും യോജിക്കാത്ത രീതിയില്‍ ബന്ദും ഹര്‍ത്താലുകളും അക്രമങ്ങളും കൊലപാതകങ്ങളും നടത്തുന്ന ബി.ജെ.പിയേയും സി.പി.എമ്മിനെയും അപലപിക്കുകയാണ് പ്രധാനമന്ത്രി ചെയ്യേണ്ടിയിരുന്നത്. പുണ്യപൂങ്കാവനത്തെപോലും ഇവര്‍ കലാപഭൂമിയാക്കിയെന്നും കെ.പി.സി.സി അധ്യക്ഷന്‍ ചൂണ്ടിക്കാട്ടി.