‘മോദി രാഷ്ട്രീയ ലാഭത്തിനായി സ്വന്തം ഭാര്യയെ ഉപേക്ഷിച്ചയാള്‍, മോദി വൃത്തികെട്ട രാഷ്ട്രീയം കളിക്കുന്നു’ : മായാവതി

Jaihind Webdesk
Monday, May 13, 2019

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ‘മുതലക്കണ്ണീർ’ ആക്ഷേപത്തിന് മറുപടിയുമായി ബി.എസ്.പി അധ്യക്ഷ മായാവതി. നരേന്ദ്രമോദി വൃത്തികെട്ട രാഷ്ട്രീയം കളിക്കുന്നുവെന്ന് മായാവതി കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാന്‍ വേണ്ടി ആല്‍വാര്‍ കൂട്ടമാനഭംഗത്തെപ്പറ്റി മോദി മിണ്ടിയില്ല. സ്വന്തം ഭാര്യയെ രാഷ്ട്രീയലാഭത്തിനായി ഉപേക്ഷിച്ച മോദിക്ക് മറ്റ് സ്ത്രീകളെ എങ്ങനെ ബഹുമാനിക്കാന്‍ കഴിയുമെന്നും മായാവതി പരിഹസിച്ചു.

രാജസ്ഥാനിലെ ആൾവാറില്‍ യുവതിയെ മാനഭംഗപ്പെടുത്തിയ സംഭവത്തിൽ അപലപിച്ച മായാവതിയുടെ നീക്കത്തിനെതിരെ പ്രധാനമന്ത്രി നടത്തിയ വിമര്‍ശനത്തിനായിരുന്നു മായാവതിയുടെ പ്രതികരണം. മായാവതി ഒഴുക്കുന്നത് മുതലക്കണ്ണീരാണെന്നാണ് പ്രധാനമന്ത്രി ആരോപിച്ചത്.

കഴിഞ്ഞ അഞ്ച് വര്‍ഷത്തെ മോദി ഭരണത്തില്‍ രാജ്യത്ത് നിരവധി ദളിത് പീഡനങ്ങളാണ് അരങ്ങേറിയത്. ഇതിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്ത് മോദി രാജിവെക്കാത്തത് എന്തുകൊണ്ടാണെന്നും മോദിക്ക് മറുപടിയായിറക്കിയ പത്രക്കുറിപ്പില്‍ മായാവതി ചോദിച്ചു.