തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കപ്പെട്ടു; സാധാരണക്കാർക്കുവേണ്ടി വിഭാവനം ചെയ്ത പദ്ധതിയിലും പ്രധാനമന്ത്രി രാഷ്ട്രീയം കാണുന്നു: രാഹുല്‍ ഗാന്ധി

Jaihind Webdesk
Tuesday, March 21, 2023

 

കല്‍പ്പറ്റ: അധികാര വികേന്ദ്രീകരണം ഉദ്ദേശിച്ച രീതിയിൽ നടപ്പാക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് സാധിക്കുന്നില്ലെന്ന് രാഹുൽ ഗാന്ധി. മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കപ്പെട്ടു. രാജ്യത്തെ സാധാരണക്കാർക്കുവേണ്ടി വിഭാവനം ചെയ്തപദ്ധതിയാണിത്. എന്നാല്‍ പ്രധാനമന്ത്രി ഇത്തരം പദ്ധതികളെ രാഷ്ട്രീയമായിട്ടാണ് കാണുന്നതെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. വയനാട് യുഡിഎഫ് ജനപ്രതിനിധികളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗ്രാമീണ മേഖലയുടെ വികസനങ്ങൾക്ക് തദ്ദേശ സ്ഥാപനങ്ങളിലെ സർക്കാർ ഇടപെടൽ കാരണം സാധിക്കുന്നില്ല. പഞ്ചായത്ത് മെമ്പറുടെ ജോലി പാർലമെന്‍റ് അംഗത്തെ പോലെ തന്നെ പ്രധാനമാണ്. ത്രിതല സമ്പ്രദായം രൂപീകരിച്ചതിന്‍റെ ഗുണഫലങ്ങൾ താഴേ തട്ടിൽ എത്തുന്നില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. തൊഴിലുറപ്പ് പദ്ധതി ജനങ്ങൾക്കിടയിൽ നിന്നും ഉയർന്നു വന്നതാണ്. ഗ്രാമീണ മേഖലയിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ അതുകൊണ്ട് സാധിച്ചിരുന്നുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഈ പദ്ധതി രാജ്യത്തെ സാധാരണക്കാർക്കുവേണ്ടി വിഭാവനം ചെയ്തതാണെന്ന് പ്രധാനമന്ത്രി ഓർക്കണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

വയനാട് മെഡിക്കൽ കോളേജിലെ അസൗകര്യങ്ങൾക്ക് പരിഹാരം ഉണ്ടാക്കും. സംസ്ഥാനത്തെ മികച്ച മെഡിക്കല്‍ കോളേജ് ആക്കി മാറ്റും. ജനങ്ങളുമായി നല്ല ബന്ധം നിലനിർത്തണം എന്ന് യുഡിഎഫ് ജനപ്രതിനിധികളുടെ യോഗത്തിൽ രാഹുൽ ഗാന്ധി പറഞ്ഞു. യുഡിഎഫിന് ജയിക്കാൻ പറ്റാത്ത മേഖലകളിൽ കൂടുതൽ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

വയനാട് ജില്ലയിലെ ത്രിതല പഞ്ചായത്ത് യുഡിഎഫ് ജനപ്രതിനിധികളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാൽ, എംഎല്‍എമാരായ ടി സിദ്ദിഖ്, ഐ.സി ബാലകൃഷ്ണൻ, ഡിസിസി പ്രസിഡന്‍റ് എന്‍.ഡി അപ്പച്ചൻ തുടങ്ങിയവർ പങ്കെടുത്തു.