പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ തട്ടികൊണ്ടുപോകാന്‍ ശ്രമിച്ചു; മൂന്ന് യുവാക്കള്‍ അറസ്റ്റില്‍

Jaihind Webdesk
Tuesday, November 22, 2022

ഇടുക്കി: കമ്പംമെട്ടില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ തട്ടികൊണ്ടുപോകാന്‍ ശ്രമിച്ച മൂന്ന് യുവാക്കള്‍ അറസ്റ്റില്‍. സാമൂഹിക മാധ്യമം വഴി പരിചയപെട്ട ശേഷമാണ്, കുട്ടിയെ തട്ടികൊണ്ടുപോകാന്‍ യുവാക്കള്‍ പദ്ധതി ഒരുക്കിയത്. കുഴിത്തൊളു സ്വദേശിയായ, മംഗലത്ത് നിഷിന്‍, കുഴികണ്ടം പറമ്പില്‍ അഖില്‍, അപ്പാപ്പിക്കടന മറ്റത്തില്‍ നോയല്‍ എന്നിവരാണ് അറസ്റ്റിലായത്.

സ്‌കൂളില്‍ എത്തിയ വിദ്യാര്‍ഥിനിയെ ചിലര്‍ കാറില്‍ കയറ്റി കൊണ്ടുപോകുന്നത് ശ്രദ്ധയില്‍ പെട്ട മറ്റ് വിദ്യാർഥികള്‍ അധ്യാപകരെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലിസില്‍ വിവരം അറിയിച്ചു. പൊലീസ് അന്വേഷണത്തിലാണ് യുവാക്കളുടെ തട്ടിക്കൊണ്ടുപോകൽ ശ്രമം പിടിയിലായത്. വിവിധ ബാച്ചുകളായി തിരിഞ്ഞാണ് കമ്പംമെട്ട് പൊലിസ് അന്വേഷണം ആരംഭിച്ചത്. ഇതിനിടെ പ്രതികളിലൊരാളുടെ ഫോണ്‍, പൊലീസ് ട്രയ്സ്  ചെയ്യുകയും കട്ടപ്പനയ്ക്ക സമീപം ലൊക്കേഷന്‍ കണ്ടെത്തുകയുമായിരുന്നു. തുടര്‍ന്ന് കട്ടപ്പനയ്ക്ക് സമീപം ഇരട്ടയാറില്‍ നിന്നും ഇവരെ പിടികൂടി. പ്രതികളിലൊരാള്‍, ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെടുകയും പിന്നീട് പെണ്‍കുട്ടിയുമായി പ്രണയത്തിലാവുകയുമായിരുന്നു. കുട്ടിയുമായി എറണാകുളത്തേയ്ക്ക് കടക്കാനായിരുന്നു യുവാക്കളുടെ പദ്ധതി. പോക്സോ  നിയമപ്രകാരം ഇവര്‍ക്കെതിരെ കേസെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.