പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി; കണ്ണൂരിൽ കെഎസ്‌യു പ്രതിഷേധം, പ്രവർത്തകരെ കസ്റ്റഡിയിൽ എടുത്ത് പോലീസ്

Jaihind Webdesk
Tuesday, June 25, 2024

 

കണ്ണൂര്‍: മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ പ്രതിഷേധിച്ച് കണ്ണൂരിൽ കെഎസ്‌യു പ്രതിഷേധം. കെഎസ്‌യു പ്രവർത്തകർ കണ്ണൂർ ഡിഡിഇ ഓഫീസിലേക്ക് നടത്തിയ മാർച്ചില്‍ പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും ഉണ്ടായി.  കെഎസ്‌യു ജില്ല പ്രസിഡന്‍റ് എം.സി. അതുലിനെ പോലീസ് നിലത്ത് കൂടി വലിച്ചു. പ്രതിഷേധ സാഹചര്യം നിലനിൽക്കുന്നതിനാൽ ഡിഡിഇ ഓഫീസിന് മുന്നിൽ പോലീസ് സുരക്ഷ ഒരുക്കിയിരുന്നു. ഇത് മറികടന്നാണ് പ്രതിഷേധം നടന്നത്. കസ്റ്റഡിയിൽ എടുക്കാനുള്ള പോലീസ് ശ്രമം കെഎസ്‌യു പ്രവർത്തകർ പ്രതിരോധിച്ചതോടെയാണ് ഡിഡിഇ ഓഫീസിന് മുന്നിൽ പിടിയുംവലിയും ഉണ്ടായത്.  കെഎസ്‌യു ജില്ല പ്രസിഡന്‍റ് എം.സി. അതുലിന്‍റെ മുണ്ട് പോലീസ് വലിച്ച് ഊരിയതായി  കെഎസ്‌യു  പ്രവർത്തകർ പറഞ്ഞു. പ്രവർത്തകരെ പോലീസ് ബലം പ്രയോഗിച്ച് കസ്റ്റഡിയിൽ എടുത്തു .