പ്ലസ് വൺ പ്രവേശനം : ആദ്യ അലോട്ട്മെന്‍റ്  ലിസ്റ്റ് ഇന്ന് ; പ്രവേശന നടപടികള്‍ നാളെ മുതല്‍

Wednesday, September 22, 2021

തിരുവനന്തപുരം : സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്‍റ്  ലിസ്റ്റ് ഇന്ന് പ്രസിദ്ധീകരിക്കും. ഹയർസെക്കൻഡറി അലോട്ട്മെന്‍റ്  ലഭിച്ച വിദ്യാർത്ഥികൾക്ക് നാളെ മുതൽ ഒക്ടോബർ ഒന്ന് വരെയും വൊക്കേഷണൽ ഹയർ സെക്കൻഡറിയിൽ പ്രവേശനം ലഭിച്ച വിദ്യാർത്ഥികൾക്ക് സെപ്റ്റംബർ 29 വരെയും സ്കൂളുകളിൽ പ്രവേശനം നേടാം. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് 15 മിനിറ്റിൽ ഒരു വിദ്യാർഥിയുടെ പ്രവേശനം പൂർത്തിയാക്കണമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ നിർദ്ദേശം.

ആദ്യ അലോട്ട്മെന്‍റില്‍ ഒന്നാമത്തെ ഓപ്ഷൻ ലഭിച്ചവർ ഫീസടച്ച് സ്ഥിര പ്രവേശനം നേടണം. കൊവിഡ് സാഹചര്യത്തിൽ ഓൺലൈനായും വിദ്യാർഥികൾക്ക് ഫീസുകൾ അടക്കാം. സ്കൂളുകളിൽ നേരിട്ടെത്തി പ്രവേശനം നേടാൻ കഴിയാത്ത വിദ്യാർഥികളിൽ നിന്ന് സർട്ടിഫിക്കറ്റുകളും ഫീസടച്ച രസീതും ഇ-മെയിലിലൂടെ വാങ്ങി പ്രവേശനം നടത്താനും സ്കൂളുകൾക്ക് വിദ്യാഭ്യാസ വകുപ്പിന്‍റെ നിർദ്ദേശം ഉണ്ട്. അതേസമയം അലോട്ട്മെന്‍റ്  ലഭിച്ചിട്ടും താൽക്കാലിക പ്രവേശനം എങ്കിലും നേടാത്ത വിദ്യാർത്ഥികളെ തുടർന്നുള്ള അലോട്ട്മെന്‍റുകളിൽ പരിഗണിക്കില്ല.