കണ്ണൂരിലെ പ്രധാന കുടിവെള്ള സ്രോതസ്സായ പഴശ്ശി ജലസംഭരണിയിൽ പ്ലാസ്റ്റിക് മാലിന്യം അടിഞ്ഞ നിലയിൽ, ഒപ്പം അണക്കെട്ടിലെ ഷട്ടറുകൾക്ക് ചോർച്ചയും. പ്ലാസ്റ്റിക് ബോട്ടിലുകൾ ഉൾപ്പടെയുള്ള മാലിന്യമാണ് അടിഞ്ഞിരിക്കുന്നത്. ഷട്ടറിലെ ചോർച്ചയെ തുടർന്ന് ലക്ഷക്കണക്കിന് ലിറ്റർ വെള്ളമാണ് പാഴായി പോകുന്നത്.
വേനൽ കാലത്തിന് മുന്നോടിയായി വെള്ളം സംഭരിക്കുന്നതിന്റെ ഭാഗമായി പഴശ്ശി അണക്കെട്ടിലെ ഷട്ടറിട്ടതോടെയാണ് നൂറുകണക്കിന് പ്ലാസ്റ്റിക് ബോട്ടിലുകളും, മറ്റ് പ്ലാസ്റ്റിക് മാലിന്യങ്ങളും ജലസംഭരിണിയിൽ അടിഞ്ഞ് കൂടിയത്. ജില്ലയിലെ മറ്റു ഭാഗങ്ങളിലേക്ക് കുടിവെള്ളം വിതരണം ചെയ്യുന്നത് പഴശ്ശി ജലസംഭരണിയിൽ നിന്നാണ്. മലയോരമേഖലയിലെ വിവിധ പ്രദേശങ്ങളിൽ നിന്നും പുഴയിലേക്ക് ഒഴുക്കിവിടുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളാണ് ഇവിടെ കെട്ടിക്കിടക്കുന്നത്. ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങൾക്കും, ആരോഗ്യ പ്രശ്നങ്ങൾക്കും പ്ലാസ്റ്റിക് മാലിന്യം ഇടയാക്കും.
പ്ലാസ്റ്റിക് മാലിന്യക്കൂമ്പാരം പുഴയിൽ കെട്ടിക്കിടക്കുന്നത് നീക്കം ചെയ്യാൻ അധികൃതർ തയ്യാറാക്കുന്നില്ലെന്ന വിമർശനം ഉയരുന്നുണ്ട്. ഷട്ടർ അടച്ചതോടെ അണക്കെട്ടിൽ ചോർച്ചയും വ്യാപകമാണ്. അഞ്ച് കോടിയോളം രൂചചെലവഴിച്ചാണ് അണകെട്ടിലെ ഷട്ടറുകൾ നവീകരിച്ചത്. ആകെയുള്ള പതിനാറ് ഷട്ടറുകളിൽ പത്തെണ്ണത്തിലും ചോർച്ചയുണ്ട്.
പ്രളയത്തെ തുടർന്ന് മരത്തടികൾ ഷട്ടറുകളിൽ വന്നിടിച്ചതാണ് ചോർച്ചയ്ക്ക് കാരണമെന്നാണ് അധികൃതർ പറയുന്നത്. ലക്ഷക്കണക്കിന് ലിറ്റർ വെള്ളമാണ് ചോർച്ചയെ തുടർന്ന് പാഴായി പോകുന്നത്. ചോർച്ചയ്ക്ക് അടിയന്തര പരിഹാരം കണ്ടില്ലെങ്കിൽ ജില്ലയിൽ കുടിവെള്ള ക്ഷാമത്തിന് കാരണമാകും.