കോംഗോയിൽ യാത്രാവിമാനം തകർന്നുവീണു; 26 മരണം

Jaihind News Bureau
Sunday, November 24, 2019

ആഫ്രിക്കൻ രാജ്യമായ ഡെമോക്രാറ്റിക് റിപബ്ലിക് ഓഫ് യാത്രാവിമാനം തകർന്നുവീണ് 26 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. 19 യാത്രക്കാരുമായി പോയ വിമാനം ജനവാസ മേഖലയിലാണ് തകർന്നു വീണത്. 17 യാത്രികരും 2 വിമാന ജീവനക്കാരും 7 നഗരവാസികളുമാണ് മരിച്ചതെന്നാണ് വിവരം. നോർത്ത് കിവു പ്രവിശ്യയിലെ ഗോമ നഗരത്തിൽ ആളുകൾ തിങ്ങിപ്പാർക്കുന്ന സ്ഥലത്താണ് വിമാനം തകർന്നു വീണത്. അപകടത്തിൽ നിരവധി വീടുകൾ തകർന്നിട്ടുണ്ട്.

സ്വകാര്യ കമ്പനിയായ ബിസി ബീയുടെ ഡോണിയര്‍ 228-200 വിമാനമാണ് അപകടത്തില്‍ പെട്ടത്. ഗോമയിൽ നിന്ന് 350 കിലോമീറ്റർ (220 മൈല്‍) ദൂരെയുള്ള ബെനിയിലേയ്ക്കുള്ള യാത്രാമധ്യേയായിരുന്നു അപകടം. ഗോമ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് ഞായറാഴ്ച പറന്നുയര്‍ന്ന ഉടനെ വിമാനവുമായുള്ള ആശയവിനിമയം നഷ്ടപ്പെടുകയും സമീപത്തെ ജനവാസ മേഖലയിൽ തകര്‍ന്ന് വീഴുകയുമായിരുന്നു.