ചട്ടങ്ങൾ കാറ്റിൽ പറത്തി യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റൽ; നോക്കുകുത്തിയായി വാർഡനും സെക്യൂരിറ്റിയും; നിയന്ത്രണവും എസ്.എഫ്.ഐയ്ക്ക്

Jaihind News Bureau
Monday, December 2, 2019

ചട്ടങ്ങൾ കാറ്റിൽ പറത്തി യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റൽ. ഇവിടെ വാർഡനും സെക്യൂരിറ്റിയും വെറും നോക്കുകുത്തിയായി മാറുകയാണെന്നും ആരോപണമുണ്ട്. ഹോസ്റ്റലിന്‍റെ പൂര്‍ണ നിയന്ത്രണം എസ്.എഫ്.ഐ നേതാക്കളും അനുഭാവികളും മാത്രമടങ്ങുന്ന ഹോസ്റ്റൽ കമ്മിറ്റിക്കാണ്. ഇതും ദുരുപയോഗം ചെയ്യപ്പെടുകയാണ്. ഹോസ്റ്റലിലേയ്ക്ക് വരുന്നവരുടെയും പോകുന്നവരുടെയും വിവരങ്ങൾ ശേഖരിക്കുന്ന മൂവ്മെന്‍റ് രജിസ്റ്റർ പോലും ഇവിടെ സൂക്ഷിച്ചിട്ടില്ല. ഹോസ്റ്റലിലെ വിദ്യാർത്ഥികളുടെ എണ്ണം വാർഡന് പോലും അവ്യക്തമാണ്. നിർധന വിദ്യാർഥികൾക്ക് പോലും താമസത്തിന് അവസരം നൽകാതെയാണ് എസ്.എഫ്.ഐ ഹോസ്റ്റല്‍ പൂര്‍ണമായി കയ്യടക്കിയിരിക്കുന്നത്.

തന്നെക്കാള്‍ പ്രായമുള്ളവര്‍പോലും ഹോസ്റ്റലില്‍ ഉണ്ടെന്ന് ഹോസ്റ്റല്‍ വാര്‍ഡനും സമ്മതിക്കുന്നു. ചുരുക്കത്തില്‍ നാഥനില്ലാ കളരിയായി മാറിയിരിക്കുകയാണ് തിരുവനന്തപുരം യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റൽ. താമസക്കാരെ സംബന്ധിച്ചോ അതിഥികളെ സംബന്ധിച്ചോ വാർഡൻമാർക്ക് പോലും കൃത്യമായി അറിവില്ല. ഹോസ്റ്റൽ കാര്യങ്ങൾ നിയന്ത്രിക്കുന്നത് യൂണിവേഴ്സിറ്റി- ആർട്സ് കോളേജിലെ എസ്.എഫ്.ഐ നേതാക്കളുടെ നേതൃത്വത്തിലുള്ള ഹോസ്റ്റൽ കമ്മിറ്റി.

കോളജ് വിദ്യാർഥികൾക്ക് കുറഞ്ഞ ചിലവിൽ താമസിക്കാനായി നിർമ്മിച്ച യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിൽ ആകെയുള്ളത് 300 ഓളം മുറികളാണ്. പ്രതിമാസം ഒരു വിദ്യാർഥിയിൽ നിന്ന് 2000 രൂപയിൽ താഴെ മാത്രമാണ് ഫീസ് ഈടാക്കുന്നത്. എന്നാൽ ഹോസ്റ്റലിലെ അംഗസംഖ്യ ചോദിച്ചാൽ വാർഡനു പോലും ഉത്തരം അവ്യക്തം. വിദ്യാർഥി നൽകുന്ന അപേക്ഷ പരിഗണിച്ച് മൂന്ന് ദിവസത്തേക്കോ ഒരാഴ്ചത്തേക്കോ മാത്രമാണ് യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ ഗസ്റ്റുകൾക്ക് താമസിക്കാനുള്ള അനുവാദം. താമസിക്കുന്ന അതിഥിയുടെ വിവരങ്ങൾ വാർഡന്‍റെ ഓഫീസിൽ പ്രസിദ്ധീകരിക്കണമെന്ന ചട്ടവും നിലനിൽക്കുന്നു. അതേ സമയം, ഹോസ്റ്റലിൽ വന്നു പോകുന്നവരുടെ മൂവ്മെന്‍റ് രജിസ്റ്റർ പോലും ഇല്ലാതെ അടിസ്ഥാന നിയമങ്ങൾ പോലും കാറ്റിൽ പറത്തിയാണ് പേര് കേട്ട യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റൽ നിലകൊള്ളുന്നത്. കെ.എസ്.യു പ്രവർത്തകൻ നിതിൻ രാജിനെ മർദിച്ച ഏട്ടപ്പനെന്ന് വിളിപ്പേരുള്ള മഹേഷിനെപോലെ നിരവധി പേർ ഹോസ്റ്റലിൽ ദിവസേന വന്ന് പോകുന്നുമുണ്ട്. പുറത്ത് നിന്നെത്തുന്ന മഹേഷ് ഉൾപ്പടെയുള്ള വിദ്യാർത്ഥികൾക്ക് നിയന്ത്രണം ഇല്ലേ എന്ന ചോദ്യത്തിന് വാർഡന്‍റെ മറുപടി ചില മുടന്തന്‍ ന്യായങ്ങള്‍ മാത്രമാണ്.

ഹോസ്റ്റലിൽ താമസിക്കുന്ന വിദ്യാർഥികൾ ഓരോ അദ്ധ്യയന വർഷവും റീ അഡ്മിഷൻ എടുക്കണമെന്ന ചട്ടവും കുടിശ്ശിക അടക്കമുളള കാര്യങ്ങൾ വർഷാവർഷം തീർപ്പാക്കണമെന്ന വ്യവസ്ഥയും ഇവിടെ പാലിക്കപ്പെടാറില്ല. നിലവിൽ വാർഡന്‍റെ ചുമതലയിലുളളത് യൂണിവേഴ്സിറ്റി കോളേജിലെയും ആർട്ട്സ് കോളേജിലെയും അധ്യാപകരാണ്. എന്നാൽ ഈ അധ്യാപകർ കോളേജിലെ ജോലികൾക്ക് ശേഷം ഹോസ്റ്റലിൽ വന്ന് ഒപ്പിട്ടു മടങ്ങും. എല്ലാ കാര്യങ്ങളും നിയന്ത്രിക്കുന്നത് എസ് എഫ് ഐ നേതാക്കളും അനുഭാവികളുമടങ്ങുന്ന മാത്രമടങ്ങുന്ന ഹോസ്റ്റൽ കമ്മിറ്റിയാണ്. സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ന് മുതൽ ഹോസ്റ്റലുകളിൽ നിബന്ധനകൾ കർശനമാക്കുമെന്ന് അറിയിപ്പുണ്ടെങ്കിലും എത്രത്തോളം പ്രാവർത്തികമാകുമെന്ന് കണ്ട് തന്നെ അറിയണം.