മാസപ്പടി വീണയെ ശരിവെക്കാത്തതുകൊണ്ട് പി കെ ശ്രീമതി പുറത്ത്! ജി ശക്തിധരന്റെ രൂക്ഷ വിമര്‍ശനം

Jaihind News Bureau
Sunday, April 27, 2025

 

സംസ്ഥാന കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കുകയായിരുന്ന പി കെ ശ്രീമതിയെ ഇറക്കി വിട്ട മുഖ്യമന്ത്രിയെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായ ജി ശക്തിധരന്‍ രൂക്ഷമായി വിമര്‍ശിച്ചു.മുഖ്യമന്ത്രിയുടെ മകളുടെ മാസപ്പടിക്കെതിരെ കേസ് എടുത്ത എസ് എഫ് ഐ ഒ യുടെ നടപടിയെ വിമര്‍ശിക്കാത്തതുകൊണ്ടാണ് പി കെ ശ്രീമതിയെ പുറത്താക്കിയതെന്നും സിപിഎമ്മിന്റെ ഇന്ത്യയിലെ ഏറ്റവും തലമുതിര്‍ന്ന മഹിളാ നേതാവിനാണ് ഈ ദുര്യോഗമെന്നും അദ്ദേഹം പറഞ്ഞു.

ജി ശക്തിധരന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

”പി കെ ശ്രീമതി പുറത്ത് പിണറായിയുടെ വിലക്ക്” എന്ന ഇന്നത്തെ മാദ്ധ്യമ വാര്‍ത്ത സിപിഎമ്മിനെ വലിയ പൊട്ടിത്തെറിയിലേക്ക് നയിക്കുകയാണ്. ഈ ഏകാധിപത്യ വാഴ്ചയെ അംഗീകരിക്കാന്‍ കഴിയില്ല. മുതിര്‍ന്ന നേതാക്കള്‍ പോലും ശ്രീമതിക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു സന്ദേശങ്ങള്‍ അയച്ചുകൊണ്ടിരിക്കുന്നു. ആണ്‍ അധികാരം തിമിര്‍ത്താടുമ്പോള്‍ എന്തിന് ഭയന്ന് പിന്മാറണം എന്നാണ് അഭിമാനികളായ സ്ത്രീകള്‍ ചോദിക്കുന്നത്?

സംസ്ഥാന കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കുകയായിരുന്ന ശ്രീമതിയെ മുഖ്യമന്ത്രി ഇറക്കിവിട്ടപ്പോള്‍ അതിനെ തടയാന്‍ ഒരു നാവും പൊന്തിയില്ല എന്നതാണ് മഹാകഷ്ടം. മുഖ്യമന്ത്രി അറിയിച്ചപ്പോള്‍ തന്നെ അത് മാധ്യങ്ങള്‍ക്ക് ചോര്‍ത്തി കൊടുത്തത്, അടുത്തയിടെ പാര്‍ട്ടിയുടെ പി ആര്‍ ഒ ആയി വാഴ്ക്കപ്പെട്ട, പാർട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട നേതാവിന്റെ മകനാണെന്ന് വ്യക്തമായിക്കഴിഞ്ഞു. ഇയാളെ തൊണ്ടിയോടെ പിടിക്കപ്പെട്ടു.

മാസപ്പടികേസില്‍ വീണ തായക്കണ്ടിയെ പ്രതിയാക്കിയിട്ട് ഒട്ടേറെ നേതാക്കള്‍ പ്രതിഷേധിച്ചിട്ടും ശ്രീമതി ടീച്ചറുടെ അര്‍ഥ ഗര്‍ഭമായ മൗനം ആണ് മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചിരിക്കുന്നത്. സമനില തെറ്റിയ അവസ്ഥയിലാണ് മുഖ്യമന്ത്രി. യോഗത്തില്‍ ശ്രീമതിയെ കണ്ടപ്പോള്‍ കരണക്കുറ്റി പുകച്ചില്ലെന്നേയുള്ളൂ. ആത്മാഭിമാനമുള്ള ഒരാള്‍ക്കും ഈ അപമാനം താങ്ങാനാവില്ല. കേരളത്തിലെ ദശലക്ഷക്കണക്കിന് സ്ത്രീകളുടെ ഏറ്റവും തലമുതിര്‍ന്ന നേതാവാണ് ശ്രീമതി.

ഏറെ കൗതുകകരം ശ്രീമതിയെ ഇകഴ്ത്തിക്കാണിച്ച മുഖ്യമന്ത്രി ഈ യോഗത്തില്‍ ഇരുന്നതും ഇതേ ഇളവിന്റെ ആനുകൂല്യത്തിലാണ്. മാത്രമല്ല ജനറല്‍ സെക്രട്ടറിയും സംസ്ഥാന സെക്രട്ടറിയും അറിഞ്ഞാണ് ശ്രീമതി ഈ യോഗത്തിനെത്തിയതും. ഉന്നത കമ്മിറ്റികളില്‍ ഉള്ളവര്‍ കീഴ് കമ്മിറ്റികളില്‍ പങ്കെടുക്കുന്നത് പുതിയ കാര്യമേയല്ല. പിപി ദിവ്യയെ ജയിലില്‍ പോയി ഇറക്കിക്കൊണ്ടുവരാന്‍ വൈമുഖ്യം കാണിക്കാത്ത പി കെ ശ്രീമതി, വീണയെ ന്യായീകരിക്കുന്ന പ്രസ്താവന ഇറക്കിയിരുന്നെങ്കില്‍ അത് പിണറായി വിജയന് കേരളത്തിനു പുറത്ത് ഗുണം ചെയ്യുമായിരുന്നു. അതിലെ രോഷമാണ് ശ്രീമതിയെ അവഹേളിക്കാന്‍ കാരണമായത്.

ഏറെ കൗതുകകരം യോഗം ചേര്‍ന്നത് രണ്ട് ദിവസത്തേക്കാണ്. പക്ഷെ ഒറ്റ മണിക്കൂര്‍ പോലും യോഗത്തിന് ദൈര്‍ഘ്യം ഉണ്ടായില്ല. ഏകഛത്രാധിപതിയായ മുഖ്യമന്ത്രിയുടെ അരുളപ്പാട് കഴിഞ്ഞപ്പോള്‍ തന്നെ അജണ്ട തീര്‍ന്നു. മൂന്നുമണിയോടെ പിരിഞ്ഞു. നേര്‍ച്ച കഴിഞ്ഞു. ഇനി പാര്‍ട്ടി ഇങ്ങിനെ പോകൂ.