മലയാളി വ്യവസായി പി കെ സജീവിന് യുഎഇ ഗവര്‍മെന്റിന്റെ ഗോള്‍ഡ് കാര്‍ഡ് വീസ

Jaihind News Bureau
Tuesday, July 23, 2019

ദുബായ് : യു.എ.ഇയില്‍ ദീര്‍ഘകാല താമസത്തിന് അവസരമൊരുക്കി നടപ്പില്‍ വരുത്തിയ , ഗോള്‍ഡ് കാര്‍ഡ് വിസക്ക് , മലയാളിയും അരോമ ഇന്റര്‍നാഷനല്‍ ബില്‍ഡിങ് കോണ്‍ട്രാക്ടിങ് കമ്പനി മേധാവിയുമായ പി.കെ. സജീവ് അര്‍ഹനായി. മികച്ച തൊഴിലാളി സൗഹൃദ നയങ്ങള്‍ക്ക് അംഗീകാരമായി, മൂന്നു വര്‍ഷം തുടര്‍ച്ചയായി ദുബായ് ഗവര്‍മെന്റ് അവാര്‍ഡ് നേടിയ ഏക മലയാളി കമ്പനിയുടെ സാരഥി കൂടിയായ സജീവ്, ജയ്ഹിന്ദ് ടി വി ഡയറക്ടര്‍ ബോര്‍ഡ് അംഗമാണ്.

ദുബായ് ഇമിഗ്രേഷന്‍ എസ്റ്റാബ്ലിഷ്‌മെന്റ് വിഭാഗം ഡയറക്ടര്‍ ലഫറ്റനന്റ് കേണല്‍ ഉമര്‍ മത്താര്‍ ഖമീസ് അല്‍ മസീനയില്‍ നിന്നാണ് , മലയാളി വ്യവസായി പി കെ സജീവ് ഗോള്‍ഡന്‍ കാര്‍ഡ് വിസ ഏറ്റുവാങ്ങിയത്. മികച്ച തൊഴിലാളി സൗഹൃദനയങ്ങള്‍ക്ക് അംഗീകാരമായി , മൂന്നു വര്‍ഷം തുടര്‍ച്ചയായി , ദുബായ് ഗവര്‍മെന്റിന്റെ തഖ്ദീര്‍ അവാര്‍ഡ് കരസ്ഥമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഈ അംഗീകാരം. നിലവില്‍ നാലായിരത്തിലേറെ ജീവനക്കാരാണ് അരോമ ഗ്രൂപ്പിന് കീഴില്‍ ജോലി ചെയ്യുന്നത്. യു.എ.ഇക്കു പുറമെ യു.കെ, ആഫ്രിക്ക, ഇന്ത്യ എന്നിവിടങ്ങളിലും അരോമ ഗ്രൂപ്പിന് സാന്നിധ്യമുണ്ട്. നിര്‍മാണമേഖലക്കു പുറമെ പഞ്ചനക്ഷത്ര ഹോട്ടല്‍ മേഖലയിലും കാര്‍ഷിക മേഖലയിലും റിയല്‍ എസ്‌റ്റേറ്റ് വ്യവസായത്തിലും സജീവമാണ് പി.കെ. സജീവ്. കൂടാതെ, മോഹന്‍ലാല്‍ നായകമായ പ്രണയം ഉള്‍പ്പടെ നിരവധി ഹിറ്റ് ചിത്രങ്ങളുടെ നിര്‍മാതാവാണ്.

കൂടുതല്‍ മികവുറ്റ ഭാവിയാണ് ദുബായിയെ കാത്തിരിക്കുന്നതെന്നും 2020 എക്‌സ്‌പോയുടെ ആതിഥേയര്‍ എന്ന നിലയില്‍ ലോകത്തിന്റെ നെറുകയിലാണ് യുഎഇയുടെ സ്ഥാനമെന്നും സജീവ് പറഞ്ഞു. ഈ കുതിപ്പിന്റെ പാതയില്‍ മലയാളികള്‍ ഉഉള്‍പ്പടെയുള്ള പ്രവാസി നിക്ഷേപകരെ രാജ്യത്തോട് ചേര്‍ത്തു നിര്‍ത്താന്‍ യു.എ.ഇ ഭരണകൂടം പുലര്‍ത്തുന്ന ഈ അംഗീകാരത്തിന് പി കെ സജീവ് നന്ദി അറിയിച്ചു.