മലപ്പുറം ജില്ലക്കെതിരായ വ്യാജപ്രചാരണങ്ങള്‍ പിന്നിലെ ലക്ഷ്യം വര്‍ഗീയത മാത്രം : പി.കെ കുഞ്ഞാലികുട്ടി

Jaihind News Bureau
Thursday, June 4, 2020

മലപ്പുറം: ഗര്‍ഭിണിയായ ആനയുടെ കൊലപാതകവുമായി ബന്ധപ്പെട്ട വിഷയത്തില്‍ മലപ്പുറം ജില്ലക്കെതിരായ നടക്കുന്ന പ്രചാരണങ്ങള്‍ വ്യാജമാണെന്നും ഇത് വര്‍ഗീയത മാത്രം ലക്ഷ്യംവെച്ചാണെന്നും പി.കെ കുഞ്ഞാലിക്കുട്ടി എം.പി. ആനയുടെ കൊലപാതകം അപലപനീയമായ സംഭവമാണ്. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം. എന്നാല്‍ ഇതിന്‍റെ പേരില്‍ കേന്ദ്രമന്ത്രിമാര്‍ അറിവില്ലായ്മ വിളമ്പുകയാണ്. മലപ്പുറം ജില്ലയിലാണെന്ന തരത്തിലുള്ള പ്രചാരണം കേന്ദ്രമന്ത്രി പ്രകേശ് ജാവദേക്കര്‍, മനേക ഗാന്ധി തുടങ്ങിയവര്‍ ഉള്‍പ്പടെ നടത്തുന്നത് അപലപനീയമാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി ഫേസ്ബുക്ക് വീഡിയോയില്‍ പറഞ്ഞു.

ഡല്‍ഹിയിടലക്കം സ്വന്തം മൂക്കിനു താഴെ ക്രൂരമായാ മനുഷ്യ ഹത്യ അരങ്ങേറിയിട്ടും തിരിഞ്ഞു നോക്കാത്തവരാണ് ഇപ്പോള്‍ പുതിയ വെളിപ്പെടുത്തലുമായി ഇറങ്ങിയിരിക്കുന്നത്. ഇതിനു പിന്നില്‍ വ്യക്തമായ അജണ്ടയുണ്ട്. അദ്ദേഹം ചൂണ്ടിക്കാട്ടി. സംഭവം നടന്നത് പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് ഫോറസ്റ്റ് ഡിവിഷനില്‍ ഉള്‍പ്പെട്ട സ്ഥലത്താണെന്നും അദ്ദേഹം പറഞ്ഞു.

ആനയെ കൊലപ്പെടുത്തിയ നടപടി മനുഷ്യന് ചേര്‍ന്നതല്ലെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഈ കൊവിഡ് കാലത്ത് മനുഷ്യര്‍ കൂടുതല്‍ സഹജീവി സ്‌നേഹത്തോടെ കഴിയുമ്പോഴാണ് നാടിനുതന്നെ ചീത്തപ്പേര് ഉണ്ടാക്കുന്ന ഇത്തരം കാര്യങ്ങള്‍ ഉണ്ടാകുന്നത് ശരിക്കും അത്ഭുതകരമാണ്. ഈ സംഭവത്തെ ശക്തമായി അപലപിക്കുന്നു. അവര്‍ക്കെതിരെ കര്‍ശനമായ നടപടി വേണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.