കൊവിഡ് പ്രതിരോധത്തില്‍ കേരളം പൊളിഞ്ഞുപാളീസായി ; സർക്കാരിനെതിരെ പി.കെ കുഞ്ഞാലിക്കുട്ടി

Jaihind Webdesk
Tuesday, July 27, 2021

തിരുവനന്തപുരം : സംസ്ഥാനത്തിന്റെ ലോക്ഡൗണ്‍ നയത്തിനെതിരെ പ്രതിപക്ഷം നിയമസഭയില്‍.  കൊവിഡ് പ്രതിരോധത്തില്‍ കേരളം പൊളിഞ്ഞുപാളീസ് ആയെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി വിമർശിച്ചു. ഒരു കാലത്ത് രാജ്യത്തിന് മാതൃകയായിരുന്നു കേരളമെന്നും അടിയന്തരപ്രമേയം അവതരിപ്പിച്ച് അദ്ദേഹം പറഞ്ഞു. ലോകത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ ഇന്ത്യയിലാണ്. ഇന്ത്യയില്‍ കൂടുതല്‍ കേരളത്തിലും. വലതുകൈകൊണ്ട് ഫൈനും ഇടതുകൈകൊണ്ട് കിറ്റും. ഇതെന്ത് നയമാണെന്നും ബവ്കോയിലേതുപോലെ മറ്റിടങ്ങളിലും സമയം കൂട്ടാത്തത് എന്തെന്നും പി.കെ കുഞ്ഞാലിക്കുട്ടി ചോദിച്ചു.

സംസ്ഥാനത്ത് ജനങ്ങള്‍ക്ക് ജീവിക്കാന്‍ പറ്റാത്ത സാഹചര്യമാണ് ഉള്ളത്. വ്യാപാരികള്‍, കൂലിവേലക്കാര്‍, ചെറുകിട കച്ചവടക്കാര്‍ക്കും അങ്ങനെ ആരും തന്നെ സാമ്പത്തികമായി മെച്ചപ്പെട്ട സാഹചര്യത്തിലല്ല ഉള്ളത്. എല്ലാവരും വലിയ ദുരിതത്തിലാണ്. ഇത് പരിഹരിക്കാന്‍ സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നേരിട്ട് പണം നല്‍കണമെന്ന ആവശ്യവും കുഞ്ഞാലിക്കുട്ടി ഉന്നയിച്ചു. ഒരാള്‍ക്ക് അയ്യായിരം രൂപ വീതം നല്‍കണമെന്ന്  രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടു. സര്‍ക്കാരിനെ കുറ്റംപറയാന്‍ വേണ്ടിയല്ല, മറിച്ച് സംസ്ഥാനത്തെ യഥാര്‍ഥ സാഹചര്യം ബോധ്യപ്പെടുത്താന്‍ വേണ്ടിയാണ് അടിയന്തര പ്രമേയം അവതരിപ്പിക്കാന്‍ ഉദ്ദേശിക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

കൊവിഡ് മൂലം ജനങ്ങള്‍ക്ക് തൊഴില്‍ നഷ്ടവും വരുമാനനഷ്ടവും ഉണ്ടായെന്ന് മന്ത്രി കെ.എൻ ബാലഗോപാൽ അറിയിച്ചു. കോവിഡ് പാക്കേജില്‍ 23,000 കോടി രൂപ ചെലവഴിച്ചെന്നും ധനമന്ത്രി വിശദീകരിച്ചു.