ജലീൽ കുരുക്കിൽ : നിയമനത്തിൽ മന്ത്രി നേരിട്ട് ഇടപെട്ടതിന്‍റെ രേഖകൾ പുറത്തുവിട്ട് പി.കെ ഫിറോസ്

ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ എം.ഡി നിയമനത്തിൽ മന്ത്രി കെ.ടി ജലീൽ നേരിട്ടിടപ്പെട്ടതിന്റെ രേഖകൾ പുറത്തുവിട്ട് പി.കെ ഫിറോസ്. എം.ഡി നിയമനത്തിന് മന്ത്രി സ്വന്തം ലെറ്റർ പാഡിൽ നൽകിയ ഉത്തരവിന്റെ പകർപ്പാണ് ഫിറോസ് പുറത്തു വിട്ടത്. ഇതിനു പുറമേ നിയമനം സംബന്ധിച്ച ഫയലിൽ ഉൾപ്പെട്ട ജലീലിന്‍റെയും വകുപ്പു സെക്രട്ടറിയുടെയും കുറിപ്പുകളുടെ പകർപ്പും ഫിറോസ് പുറത്തുവിട്ടു.

കോർപ്പറേഷൻ എം.ഡിയുടെ വിദ്യാഭ്യാസ യോഗ്യത പുനർ നിർണ്ണയിക്കാൻ ക്യാബിനറ്റ് തീരുമാനവും ധനവകുപ്പിന്‍റെ അനുമതിയും വേണമെന്നിരിക്കെയാണ് ഇതിനെ മറികടന്ന് തന്റെ ബന്ധുവായ കെ.ടി അദീപിന് നിയമനം നൽകാൻ മന്ത്രി ഇടപെട്ടതെന്ന രേഖകളാണ് ഇതോടെ പുറത്തു വന്നിട്ടുള്ളത്. കോർപ്പറേഷൻ എം.ഡിയുടെ തസ്തിക നിർമ്മിച്ചത് ക്യാബിനറ്റ് തീരുമാനത്തിലൂടെയായതിനാൽ വിദ്യാഭ്യാസ യോഗ്യത പുനർനിർണ്ണയിക്കാൻ മന്ത്രിസഭാ യോഗ തീരുമാനം വേണമെന്നാണ് ചട്ടം. എന്നാൽ ഇത് വേണ്ടതില്ലെന്നും മുഖ്യമന്ത്രിക്ക് ഇക്കാര്യത്തിൽ തീരുമാനമെടുക്കാമെന്നുമായിരുന്നു മന്ത്രിയുടെ നിലപാട്.

ഇത് ഫയലിൽ കുറിച്ച മന്ത്രി മുഖ്യമന്ത്രി പിണറായി വിജയന് ഫയൽ കൈമാറുകയും ചെയ്തു. അഞ്ച് ദിവസം ഫയൽ കൈവശം വെച്ച ശേഷം മുഖ്യമന്ത്രി ഇതിൽ ഒപ്പിട്ട് മടക്കി നൽകുകയും ചെയ്തുവെന്നും രേഖകൾ തെളിയിക്കുന്നു. മന്ത്രി ജലീൽ മുഖ്യമന്ത്രിയെ കബളിപ്പിച്ചതാണോയെന്നും അതല്ലെങ്കിൽ മുഖ്യമന്ത്രി കൂടി ഈ വഴിവിട്ട നടപടിയിൽ പങ്കുപറ്റിയിട്ടുണ്ടോയെന്ന് പിണറായി വിജയൻ തന്നെ കേരളത്തിലെ പൊതുസമൂഹത്തോടു വ്യക്തമാക്കണമെന്നും ഫിറോസ് ആവശ്യപ്പെട്ടു.

വകുപ്പു സെക്രട്ടറിയുടെ നിർദ്ദേശം തള്ളിയായിരുന്നു ജലീലിന്റെ നടപടി. ക്യാബിനറ്റ് അനുമതി വേണമെന്ന വകുപ്പു സെക്രട്ടറിയുടെ നിർദ്ദേശത്തെ മറികടന്നാണ് ജലീൽ ബന്ധുവായ അദീപിന് നിയമനം നൽകാൻ ശുപാർശയുമായി രംഗത്ത് വന്നതെന്നും ഫിറോസ് ആരോപിക്കുന്നു. നിയമനത്തിൽ മന്ത്രിയുടെ പങ്ക് കൂടുതൽ വെളിപ്പെട്ടതോടെ ജലീലിന്റെ രാജിക്ക് സി.പി.എമ്മിൽ നിന്നു തന്നെ സമ്മർദ്ദ മുയർന്നേക്കും. കോർപ്പറേഷൻ നിയമനം സംബന്ധിച്ച് വിവാദങ്ങൾ ഉയർന്നതോടെ കഴിഞ്ഞ തവണ കൂടിയ സി.പി.എംസെക്രട്ടേറിയറ്റിലും ഇത് ചർച്ച ചെയ്തിരുന്നു. എന്നാൽ ജലീലിന് പൂർണ്ണ പിന്തുണയാണ് സി.പി.എം വിഷയത്തിൽ നൽകി വരുന്നത്.

 

https://www.youtube.com/watch?v=AlDZgb4POcY

corruptionKT JaleelPK Firoz
Comments (0)
Add Comment