മുഖ്യമന്ത്രിക്കെതിരെയുള്ള വിമർശനം : സിപിഎം നേതാവ് പിരപ്പൻകോട് മുരളിയെ പാർട്ടിയില്‍ നിന്ന് പുറത്താക്കിയേക്കും

Jaihind Webdesk
Monday, May 16, 2022

ആത്മകഥയിലെ വിമർശനങ്ങളിൽ മുതിർന്ന സി പി എം നേതാവ് പിരപ്പൻകോട് മുരളിയെ സി.പി.എമ്മിൽ നിന്ന് പുറത്താക്കിയേക്കും. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന് ശേഷം നടപടി ഉണ്ടാകാനാണ് സാധ്യത. മുഖ്യമന്ത്രിക്കെതിരെയുള്ള വിമർശനങ്ങൾ ഉൾപ്പെടെ വിവാദമായതിന് പിന്നാലെ മുഖ്യമന്ത്രിയുടെ നിർദ്ദേശത്തെത്തുടർന്ന് പിരപ്പിൻകോട് മുരളിയുടെ ആത്മകഥ പ്രസിദ്ധികരിച്ചിരിക്കുന്ന മാസിക പിആർഡി ഉദ്യോഗസ്ഥർ ക്ലിഫ് ഹൗസിലെത്തിച്ചു.

എന്‍റെ  കമ്മ്യൂണിസ്റ്റ് യാത്രയിലെ പോരാട്ടങ്ങൾ എന്ന ആത്മകഥയിലൂടെ മുഖ്യമന്ത്രി പിണറായി വിജയനും കോലിയക്കോട് കൃഷ്ണൻനായർക്കുമെതിരെ അതിനിശിതമായ വിമർശനവും ഗുരുതര വെളിപ്പെടുത്തലുമാണ് മുതിർന്ന സിപിഎം നേതാവായ പിരപ്പൻകോട് മുരളി നടത്തിയിട്ടുള്ളത് . വിമർശനങ്ങളെല്ലാം വിവാദമായതിന് പിന്നാലെ ആത്മകഥ പ്രസിദ്ധികരിച്ചിരിക്കുന്ന മാസിക മുഖ്യമന്ത്രി പിണറായി വിജയന്‍റെ  നിർദേശത്തെ തുടർന്ന് പി.ആർ.ഡി ഉദ്യോഗസ്ഥർ ക്ലിഫ് ഹൗസിലെത്തിച്ചിട്ടുണ്ട്. ഇതിനോടകം ആത്മകഥ നാല്പത് പതിപ്പ് കഴിഞ്ഞിട്ടുണ്ട്.. സി.പി.എം. ജീർണതയിൽ പിണറായിയും കോലിയക്കോട്

കൃഷ്ണൻനായരും വഹിച്ച പങ്ക് വിശദമായി തന്നെ ആത്മകഥയിൽ പ്രതിപാദിക്കുന്നുണ്ട്. പ്രസാധകൻ മാസികയിലെ പിരപ്പൻകോടിന്‍റെ വെളിപ്പെടുത്തൽ വിവാദമായതോടെ സിപിഎം പാടെ പ്രതിരോധത്തിലായിയിരിക്കുകയാണ് .
ആത്മകഥ എഴുത്ത് നിറുത്തണമെന്നാവശ്യവുമായി മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം സിപിഎം ജില്ലാ കമ്മറ്റി പിരപ്പൻകോട് മുരളിയെ സമീപിക്കുകയും ചെയ്തു. അതേസമയം ആത്മകഥ എഴുത്ത് തുടരുമെന്നും ഒരു കാരണവശാലും എഴുത്ത് നിർത്തില്ലെന്നും ജില്ലാ കമ്മറ്റിക്ക് പിരപ്പൻകോട് മുരളി മറുപടി നൽകി.

അനുനയ നീക്കം പാളിയതോടെ പിരപ്പൻകോട് മുരളിയെ പാർട്ടിയിൽ നിന്ന് സി.പിഎം പുറത്താക്കിയേക്കുമെന്നാണ് വിവരം . തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന് ശേഷം മുരളിക്കെതിരെ നടപടിയുണ്ടായേകും. പാർട്ടിയെ തന്നെ പ്രതിരോധത്തിലാക്കിയ ഗുരുതര സാഹചര്യം ആയതിനാൽ വിശദീകരണം ചോദിക്കലോ കാരണം കാണിക്കൽ നോട്ടീസ് നൽകലോ ഇല്ലാതെ വേഗത്തിൽ കർശന നടപടി ഉണ്ടാകാനാണ് സാധ്യത…പ്രസാധകൻ മാസികയുടെ പുതിയ ലക്കത്തിൽ വന്ന വിവരങ്ങളാണ് വിവാദമായത്. അടുത്ത ലക്കത്തിലെ പിരപ്പൻകോട് മുരളി യുടെ ആത്മകഥയുടെ ഭാഗങ്ങൾ എന്താകുമെന്നതും സിപിഎമ്മിനെ പ്രതിരോധത്തിലാക്കുന്നുണ്ട്…എന്നാൽ തൃക്കാക്കര ഉപതെരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന് ഭയന്നാണ് പിരപ്പൻകോട് മുരളിക്കെതിരെ ഇപ്പോൾ നടപടി ഉണ്ടാകാത്തതെന്നും ആക്ഷേപം ഉയരുന്നുണ്ട്.