പിങ്ക് പൊലീസ് അപമാനിച്ച സംഭവം; സെക്രട്ടേറിയറ്റ് പടിക്കല്‍ ധർണ്ണയുമായി കുടുംബം

Jaihind Webdesk
Saturday, September 25, 2021

തിരുവനന്തപുരം : അച്ഛനെയും മകളെയും പൊതുമധ്യത്തിൽ മോഷ്ടാക്കളാക്കി ചിത്രീകരിച്ച പിങ്ക് പൊലീസ് ഉദ്യോഗസ്ഥക്കെതിരെ  നടപടിയാവശ്യപ്പെട്ട് സെക്രട്ടേറിയറ്റ് പടിക്കൽ കുടുംബം ധർണ്ണ നടത്തുന്നു. പൊതുജനമധ്യത്തില്‍ അപമാനിച്ച വനിതാ സിവിൽ പൊലീസ് ഓഫീസർ രജിതക്കെതിരെ നടപടിയാവശ്യപ്പെട്ടാണ് സമരം.

ആറ്റിങ്ങലില്‍ ഐഎസ്ആ.ഒയുടെ വാഹനം വരുന്നത് കാണാൻ എത്തിയതായിരുന്നു തോന്നയ്ക്കൽ സ്വദേശി ജയചന്ദ്രനും മൂന്നാം ക്ലാസുകാരിയായ മകളും. ഇവർ നിൽക്കുന്നതിന് സമീപത്തായി പിങ്ക് പൊലീസിന്‍റെ വാഹനവും പാർക്ക് ചെയ്തിരുന്നു. ഇതിനിടെ മൊബൈൽ മോഷ്ടിച്ചെന്ന് ആരോപിച്ച് പിങ്ക് പൊലീസ് ഉദ്യോഗസ്ഥ ജയചന്ദ്രനോടും മകളോടും മോശമായി പെരുമാറിയെന്നാണ് പരാതി. എന്നാല്‍ മൊബൈൽ ഫോൺ പിന്നീട് പൊലീസ് വാഹനത്തിൽ നിന്നുതന്നെ  കണ്ടെത്തി. ഇതോടെ നാട്ടുകാരും വിഷയത്തില്‍ ഇടപെട്ടു.

പൊലീസ് റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ രജിതയെ സ്ഥലം മാറ്റിയിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണത്തിന് ദക്ഷിണമേഖലാ ഐജിയെ ചുമതലപ്പെടുത്തിയിരുന്നെങ്കിലും ഇതുവരെ റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല. കുട്ടിയുടെ ബന്ധുക്കൾ ബാലാവകാശ കമ്മീഷനടക്കം പരാതി നൽകിയിരുന്നു.