പാര്‍ട്ടി കോണ്‍ഗ്രസിനിടെ പിണറായി വിജയന്റെ പത്‌നി കമലയും മകള്‍ വീണയും തഞ്ചാവൂര്‍ ക്ഷേത്ര ദര്‍ശനത്തില്‍; വീഡിയോ പുറത്ത്

Jaihind News Bureau
Sunday, April 6, 2025

മധുരയിലെ പാര്‍ട്ടി കോണ്‍ഗ്രസില്‍ അടുത്ത മൂന്നു വര്‍ഷം എങ്ങിനെയൊക്കെ വിപ്‌ളവം നടത്തണം എന്ന് ഇന്ത്യയിലെ പ്രധാന ഇടതു പാര്‍ട്ടിയായ സിപിഎം ആലോചിക്കുമ്പോള്‍ കേരളമുഖ്യമന്ത്രിയും പോളിറ്റ് ബ്യൂറോയിലെ സീനിയര്‍ അംഗവുമായ പിണറായി വിജയന്റെ കുടുംബം ആത്മീയ പാതയിലായിരുന്നു. പിണറായി വിജയന്റെ പത്‌നി കമലയും മകള്‍ വീണയും ചേര്‍ന്ന് തഞ്ചാവൂര്‍ ബ്ൃഹദീശ്വര ക്ഷേത്ര ദര്‍ശനം നടത്തുന്ന ചിത്രം പുറത്തു വന്നു. ഒരു സ്വകാര്യ യൂട്യൂബ് ചാനലാണ് ഈ വീഡിയോ പുറത്തെത്തിച്ചത്. ഏപ്രില്‍ നാലിനാണ് ഇവര്‍ ക്ഷേത്രദര്‍ശനം നടത്തിയതെന്നാണ് വ്‌ളോഗര്‍ അവകാശപ്പെടുന്നത്. അതായത് വീണയുടെ പേര് എസ് എഫ് ഐ ഒ കുറ്റപത്രത്തില്‍ ഉള്‍പ്പെട്ട വിവരംപുറത്തെത്തിയതിന്റെ പിറ്റേദിവസം

പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്ന മധുരയും തഞ്ചാവൂരും തമ്മില്‍ 300 കിലോമീറ്ററോളം ദൂരമുണ്ട്. വീണാ വിജയനും അമ്മയും സഹായികളും ചേര്‍ന്നാണ് ക്ഷേത്ര ദര്‍ശനത്തിന് എത്തിയത് എന്ന് വ്യക്തമാണ്. സുരക്ഷയ്ക്കായി പോലീസും ക്ഷേത്രത്തിന്റെ ഒഫീഷ്യല്‍ ചുമതല വഹിക്കുന്നവരും ഇവരോടൊപ്പം ഉണ്ടായിരുന്നു. ക്ഷേത്ര ദര്‍ശനത്തിനു ശേഷം ഇവര്‍ ബൃഹദീശ്വര ക്ഷേത്രത്തിന്റെപടികള്‍ ഇറങ്ങുന്നതും പുറത്തിറങ്ങിയ ശേഷം തിരിഞ്ഞു നിന്ന് ക്ഷേത്രത്തിന്റെ പ്രശസ്തമായ താഴികക്കുടത്തിന്റെ ചിത്രം എടുക്കുന്നും ദൃശ്യങ്ങളിലുണ്ട്. തമിഴ്‌നാട്ടില്‍ കാവേരി നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന തഞ്ചാവൂര്‍ ജില്ലയിലാണ് ബൃഹദീശ്വര ക്ഷേത്രം. പുരാവസ്തു വകുപ്പിന്റെ ചുമതലയിലാണ് പ്രശസ്തമായ ഈ ശിവക്ഷേത്രം. ലക്ഷക്കണക്കിന് വിശ്വാസികള്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിന് എത്താറുണ്ട്. ഭീമാകാരമായ നന്ദിയുടെ പ്രതിഷഠയും ബ്ൃഹത്തായ ശിവലിംഗപ്രതിഷ്ഠയുമാണ് ഇവിടെയുള്ളത് . പെരിയ കോവില്‍ എന്നും രാജരാജേശ്വരം കോവില്‍ എന്നും ഇത് അറിയപ്പെടുന്നു. നാഡീജ്യോതിഷത്തിനും പ്രശസ്തമാണ് തഞ്ചാവൂരും കുംഭകോണവും.

പലസ്തീനിയന്‍ കഫിയ ധരിച്ച് പിണറായിയും ബേബിയും കാരാട്ടും ബൃന്ദയും പ്രമേയം പാസ്സാക്കുന്നത് മതേതരത്വവും ക്ഷേത്രത്തില്‍ പോകുന്നത് വര്‍ഗ്ഗീയവും എന്ന ഇവരുടെ കാപട്യം തിരുത്തിയാല്‍ തന്നെ ധാരാളം. വീണ കുറ്റക്കാരിയോ എന്ന് നിയമം കണ്ടെത്തട്ടെ. അവര്‍ അമ്മയോടൊപ്പം ആ ക്ഷേത്രപടവുകള്‍ ഇറങ്ങി വരുന്നത് കണ്ട് സന്തോഷമാണ് തോന്നിയത്. അവിടെ ശത്രുസംഹാരപൂജ ഇല്ലാത്തത് കൊണ്ട് അവര്‍ മനസ്സ് തുറന്ന് പ്രാര്‍ത്ഥിച്ചിട്ടാണ് വരുന്നതെന്ന് അവരുടെ ശരീരഭാഷ വിളിച്ചു പറയുന്നു. SFIO അവരുടെ ജോലി ചെയ്യട്ടെ. ദൈവം ദൈവത്തിന്റെയും- എന്നാണ് ഈ വീഡിയോ കണ്ടിട്ട് ഒരാള്‍ കമന്‍്‌റു ചെയ്തിരിക്കുന്നത്.

ജീവിതത്തില്‍ ഒരു പ്രതിസന്ധി ഘട്ടം വന്നാല്‍ എത്ര നിരീശ്വര വാദിയും ദൈവത്തെ വിളിക്കും എന്നു പറഞ്ഞതു പോലെ കൊടികെട്ടിയ കമ്മ്യൂണിസ്റ്റായ പിണറായി വിജയന്റെ മകള്‍ വീണ വിജയനും ജീവിതത്തില്‍ പ്രതിസന്ധി ഘട്ടം വന്നതോടെ ദൈവ വഴിയിലാണ് സഞ്ചാരം എന്നാണ് മറ്റൊരു കമന്റ്