സിപിഎമ്മിന്‍റെ അസ്തിത്വം അക്രമവും കൊലപാതകവും; ആളുകളെ വെട്ടിയും കുത്തിയും കൊലപ്പെടുത്തിയതിന്‍റെ റെക്കോർഡ് പിണറായി വിജയന്: കെ. സുധാകരന്‍ എംപി

 

കണ്ണൂർ: സിപിഎം എന്ന പാർട്ടിയുടെ രാഷ്ട്രീയ അസ്തിത്വം തന്നെ അക്രമവും കൊലപാതകവുമാണെന്ന് കെപിസിസി പ്രസിഡന്‍റ് കെ. സുധാകരന്‍ എംപി. അതിലൊന്നാണ് ബോംബേറാണെന്നും കെ. സുധാകരൻ വിമർശിച്ചു. സിപിഎം പ്രവർത്തകർ തന്നെ അവരുടെ പ്രവർത്തകരെ ബോംബെറിഞ്ഞ് കൊന്നിട്ടുണ്ട്. അക്രമത്തിന്‍റെ മുന്നിൽ ആളുകളെ വിറപ്പിച്ച് നിർത്തിയാണ് സിപിഎം രാഷ്ട്രീയം കളിക്കുന്നത്.

മുഖ്യമന്ത്രി പിണറായി വിജയന്‍റെ പരാമർശത്തിന് കടുത്ത ഭാഷയിലായിരുന്നു കെ. സുധാകരന്‍റെ പ്രതികരണം. ആളുകളെ വെട്ടാനും കുത്താനും പോയതിന്‍റെ റെക്കോർഡ് പിണറായി വിജയനാണ്. എത്ര പേരെയാണ് പിണറായി വെട്ടിയും കുത്തിയും ബോംബെറിഞ്ഞും കൊലപ്പെടുത്തിയതെന്ന് കെ. സുധാകരന്‍ ചോദിച്ചു. സിപിഎം ഓഫീസിൽ നിന്ന് ബോംബ് പിടിച്ചിട്ടുണ്ട്. കോൺഗ്രസുകാർ ആരെയും ബോംബെറിഞ്ഞിട്ടില്ലെന്നും സിപിഎമ്മുകാരാണ് കോൺഗ്രസുകാരെ ബോംബെറിഞ്ഞതെന്നും കെപിസിസി പ്രസിഡന്‍റ് കണ്ണൂരിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

Comments (0)
Add Comment