‘എല്ലാം പിണറായിയുടെ കളി, അനുഭവിക്കും’; മുഖ്യമന്ത്രിക്കെതിരെ പി.സി ജോർജിന്‍റെ കുടുംബം

Jaihind Webdesk
Saturday, July 2, 2022

കോട്ടയം: എല്ലാം പിണറായിയുടെ കളിയെന്ന്  പി.സി ജോർജിന്‍റെ ഭാര്യ ഉഷ. പീഡനക്കേസിൽ പി.സി ജോർജിനെ അറസ്റ്റ് ചെയ്തതില്‍ പ്രതികരിക്കുകയായിരുന്നു ഉഷ. ജോർജിനെ മനപൂർവം കേസിൽ കുടുക്കിയതാണ്. അറസ്റ്റിന് പിന്നിൽ പിണറായി വിജയനാണ്. ഇതെല്ലാം പിണറായിയുടെ കളിയാണെന്നും രാഷ്ട്രീയ വൈരാഗ്യം തീർക്കുകയാണെന്നും പി.സി ജോർജിന്‍റെ ഭാര്യ ആരോപിച്ചു. ഒരാഴ്ചയ്ക്കുള്ളില്‍ പിണറായി വിജയന്‍ ഇതിനെല്ലാം അനുഭവിക്കുമെന്നും ഉഷ മാധ്യമങ്ങളോട് പറഞ്ഞു.

‘ഇത് എവിടുത്തെ ന്യായമാണ്. പിണറായി വിജയനെ ഞാന്‍ പോയി കാണും. വെടിവെച്ച് കൊല്ലണം. എല്ലാവരും വേദനിക്കുകയാണ്. എന്‍റെ കൊന്തയുണ്ടെങ്കില്‍ ഒരാഴ്ചക്കുള്ളില്‍ അദ്ദേഹം അനുഭവിക്കും. ഒരു നിരപരാധിയെ പിടിച്ച് ജയിലിലിടാമോ? പരാതിക്കാരി വീട്ടിൽ വന്നിട്ടുണ്ട്. അവരുമായി സംസാരിച്ചിട്ടുണ്ട്. അറസ്റ്റിനെ കുറിച്ച് സൂചനയില്ലായിരുന്നു. സാക്ഷിയാക്കാമെന്ന് പറഞ്ഞാണ് പോലീസ് വിളിച്ചു കൊണ്ട് പോയത്. പിണറായിയുടെ പ്രശ്‌നങ്ങൾ പുറത്ത് വരാതിരിക്കാനാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്’ – ഉഷ പറഞ്ഞു. കേസിനെ നേരിടുമെന്നും ഇതിന്‍റെ പിന്നിൽ കളിച്ചവർക്ക് കുടുംബത്തിന്‍റെ ശാപം കിട്ടുമെന്നും ഉഷ ജോർജ് കൂട്ടിച്ചേർത്തു.

ഒരുവിവാദത്തെ അടുത്ത വിവാദം കൊണ്ട് അടയ്ക്കുക എന്ന പിണറായിയുടെ തന്ത്രമാണിതെന്ന് പി.സി ജോർജിന്‍റെ മകന്‍ ഷോണ്‍ ജോർജ് പ്രതികരിച്ചു. ‘അറസ്റ്റ് ചെയ്തതില്‍ പ്രത്യേകിച്ച് ഞെട്ടലൊന്നും തോന്നിയില്ല. എകെജി സെന്‍റര്‍ ആക്രമിച്ച കേസില്‍ പ്രതിയെ കിട്ടാതെ സിപിഎം. തന്നെ പ്രതിക്കൂട്ടില്‍ നില്‍ക്കുകയാണ്. നിയമസഭയും നടക്കുന്നു. നിരവധി ആരോപണങ്ങള്‍ മുഖ്യമന്ത്രിയും മകളും നേരിടുന്നു. അന്ധമായ പുത്രിവാത്സല്യം പിണറായിക്ക് ഭ്രാന്ത് പിടിച്ചിരിക്കുന്നു. അപ്പോള്‍ സ്വാഭാവികമായും ഇതല്ല, ഇതിനപ്പുറവും സംഭവിക്കും. ഇതിനപ്പുറവുമുള്ള തിരക്കഥകള്‍ നാട്ടില്‍ നടക്കും’ – ഷോണ്‍ പറഞ്ഞു.