ചൈത്രയെ വിടാതെ സിപിഎം; സ്ഥലം മാറ്റിയേക്കും; നിലപാട് കടുപ്പിച്ച് ആനാവൂരും കോടിയേരിയും

Jaihind Webdesk
Wednesday, January 30, 2019

Chaitra-DCP-Pinarayi-Vijayan

സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസില്‍ അര്‍ദ്ധരാത്രി റെയ്ഡ് നടത്തിയ സംഭവത്തില്‍ ഡിസിപി ചൈത്ര തെരേസ ജോണിനെതിരെ വകുപ്പുതല നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി സൂചന. പാര്‍ട്ടിയില്‍ നിന്നുള്ള കടുത്ത സമ്മര്‍ദ്ദമാണ് മുഖ്യമന്ത്രിയെ കടുത്ത നിലപാട് എടുക്കാന്‍ നിര്‍ബന്ധിതമാക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

പാര്‍ട്ടി ഓഫീസ് റെയ്ഡ് ചെയ്ത പൊലീസ് നടപടി അനുവദിച്ചു കൊടുക്കുന്നതിന്‍റെ ഭവിഷ്യത്തുകള്‍ ചൂണ്ടിക്കാട്ടി നിലപാട് കടുപ്പിച്ച് സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനും കോടിയേരി ബാലകൃഷ്ണനും മുഖ്യമന്ത്രിക്ക് മേല്‍ ശക്തമായ സമ്മര്‍ദ്ദമാണ് ചെലുത്തുന്നത്.

സ്ഥലം മാറ്റം, ഡിസിപി നേരിട്ട് ഹാജരായി വിശദീകരണം നല്‍കുക തുടങ്ങിയ നടപടികള്‍ പരിഗണനയിലുണ്ടായേക്കും. ഇക്കാര്യത്തില്‍ ഇന്ന് മുഖ്യമന്ത്രിയുടെ അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് സൂചന.

സിപിഎം ജില്ലാ സെക്രട്ടറി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സംഭവത്തിന്മേല്‍ അന്വേഷണം നടത്തി എഡിജിപി മനോജ് ഏബ്രഹാം സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഡിജിപി കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു. എന്നാല്‍ വകുപ്പ് തല അന്വേഷണ റിപ്പോര്‍ട്ടില്‍ ഉദ്യോഗസ്ഥയ്ക്കെതിരെ നടപടികള്‍ ഒന്നും ശുപാര്‍ശ ചെയ്തിട്ടില്ലെന്ന് മാത്രമല്ല നിയമപ്രകാരമാണ് റെയ്ഡ് എന്നും വ്യക്തമാക്കുന്നുണ്ട്. അതിനാല്‍ തന്നെ ഉദ്യോഗസ്ഥയ്ക്കതിരായ സര്‍ക്കാര്‍ നടപടി വിവാദത്തിന് വഴിവയ്ക്കുമെന്ന് ഉറപ്പാണ്.
എങ്കിലും സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ സമ്മര്‍ദം കാരണം നടപടിയെടുക്കാന്‍ മുഖ്യമന്ത്രി തീരുമാനിച്ചതായിട്ടാണ് റിപ്പോര്‍ട്ട്.

ബാല പീഡന കേസിൽ മെഡിക്കൽ കോളേജ് പോലീസ് അറസ്റ്റ് ചെയ്‌ത ഡി.വൈ.എഫ്‌.ഐ പ്രവർത്തകരെ മോചിപ്പിക്കാൻ ശ്രമിച്ച സി.പി.എം പ്രവർത്തകർ പൊലീസ് സ്‌റ്റേഷനു നേരെ കല്ലേറു നടത്തിയിരുന്നു. ഇവരെ തേടിയായിരുന്നു റെയ്ഡ്. ഇതിന് എതിരെ സി.പി.എം ജില്ലാ നേതാക്കൾ രംഗത്ത് വന്നതിനെ തുടർന്ന് ഡി.സി.പിയെ സ്ഥലം മാറ്റിയിരുന്നു. ഇതിനെതിരെ സിപിഎം ജില്ലാ സെക്രട്ടറി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വകുപ്പ് തല അന്വേഷണം നടത്തിയിരുന്നു. ആദ്യം കമ്മീഷണറെ അന്വേഷണം ഏല്‍പ്പിക്കാന്‍ തീരുമാനിച്ചെങ്കിലും മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും ഉന്നത ഉദ്യോഗസ്ഥന്‍ തന്നെ അന്വേഷണം നടത്തണമെന്ന നിര്‍ദേശം വന്നതിനെ തുടര്‍ന്ന് എഡിജിപി മനോജ് ഏബ്രാഹാമിന് അന്വേഷണ ചുമതല നല്‍കുകയായിരുന്നു.

പ്രതികള്‍ സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസില്‍ ഒളിച്ചിരുന്നതായി കൃത്യമായ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയതെന്ന് ഡിസിപി ചൈത്ര തെരേസ ജോണ്‍ എഡിജിപി മനോജ് ഏബ്രാഹാമിനെ അറിയിച്ചിരുന്നു. യുവ ഐപിഎസുകാരിക്കെതിരെ കടുത്ത നടപടി വേണ്ടയെന്നാണ് ഉദ്യോഗസ്ഥരുടെയും ഐപിഎസ് ഓഫീസര്‍മാരുടെയും നിലപാട്. കൃത്യമായ വിവരം ലഭിച്ചിട്ടും പ്രതികള്‍ രക്ഷപ്പെട്ടത് പൊലീസുകാരില്‍ നിന്നും തന്നെ രഹസ്യം ചോര്‍ന്നിട്ടാണെന്ന് സേനയ്ക്കുള്ളില്‍ ആക്ഷേപമുണ്ട്.

പ്രതികളെ പിടികൂടുന്നതിന് റെയ്ഡ് നടത്താന്‍ വന്ന ക്രമസമാധാനപാലന ഡിഎസ്പിയുടെ താത്കാലിക ചുമതലയാണുണ്ടായിരുന്ന ചൈത്ര തെരേസ ജോണിനെ റെയ്ഡ് നടത്തി മണിക്കൂറുകള്‍ക്കകമാണ് മാറ്റിയത്. അവധിയിലായിരുന്ന ഡിസിപി ആര്‍.ആദിത്യയെ സര്‍ക്കാര്‍ അവധി റദ്ദാക്കി തിരികെ വിളിച്ച് ക്രമസമാധാന ഡിസിപിയുടെ ചുമതല നല്‍കുകയും അര്‍ദ്ധരാത്രിയില്‍ തന്നെ ചൈത്ര തെരേസ ജോണിനെ വനിതാ സെല്‍ എസ്പിയുടെ ചുമതലയിലേക്ക് തിരികെ നിയമിക്കുകയും ചെയ്തു. മുഖ്യമന്ത്രിയുടെ ഓഫിസി നിര്‍ദേശത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു തിടുക്കത്തില്‍ തീരുമാനം നടപ്പാക്കിയതെന്നാണ് റിപ്പോര്‍ട്ട്.