ഗുജറാത്ത് കൂട്ടക്കൊലയുടെ പേരിൽ മോദിയെ വിമർശിച്ച സോണിയാ ഗാന്ധിയെ സംഘപരിവാർ വേട്ടയാടിയ ചരിത്രം പിണറായി മറക്കരുത്: കെ.സി വേണുഗോപാൽ എംപി

Jaihind Webdesk
Monday, June 27, 2022

കോൺഗ്രസ് നേതാക്കളെക്കുറിച്ച് പച്ചക്കള്ളം പറയുന്നത് പിണറായി വിജയൻ നിർത്തണമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എംപി. ഗുജറാത്ത് കൂട്ടക്കൊലയ്ക്ക് ഉത്തരവാദി നരേന്ദ്ര മോദിയാണെന്ന് വിമർശിക്കുകയും മോദിയെ മരണത്തിന്‍റെ വ്യാപാരിയെന്നു വിളിച്ചു എന്നതിന്‍റെയും പേരിൽ ആർഎസ്എസും സംഘപരിവാർ ശക്തികളും സോണിയാ ഗാന്ധിയെ വർഷങ്ങളോളം വേട്ടയാടിയ ചരിത്രം പിണറായി മറക്കരുത്. മുഖ്യമന്ത്രി സ്ഥാനമേറ്റ ശേഷം നരേന്ദ്ര മോദി എന്ന വാക്ക് ഉച്ചരിക്കാൻ പോലും ഭയക്കുന്ന ഭീരുത്വമുള്ള ഒരാൾ സോണിയാ ഗാന്ധിയെ വിമർശിക്കുന്നത് പരിഹാസ്യമാണെന്നും അദ്ദേഹം പറഞ്ഞു.

സാകിയ ജഫ്രിയുടെ നിയമ പോരാട്ടങ്ങൾക്ക് മാത്രമല്ല അവർക്ക് എല്ലാ പിന്തുണയും കോൺഗ്രസ് നൽകിയിട്ടുണ്ട്. 2002 ൽ സോണിയാഗാന്ധി തന്‍റെ മാതാവിനെ സന്ദർശിച്ചിട്ടുണ്ടെന്ന് വർഷങ്ങൾക്ക് മുമ്പ് സാക്ഷ്യപ്പെടുത്തിയത് സാകിയ ജാഫ്രിയുടെ മകൻ തൻവീർ ജഫ്രിയാണ്. നിർഭയമായി രാഷ്ട്രീയ നിലപാടുകൾ സ്വീകരിക്കുന്ന നേതാവാണ് രാഹുൽ ഗാന്ധി. ഫാസിസ്റ്റ് നയങ്ങൾ ഇന്ത്യക്കാർക്ക് മേൽ അടിച്ചേൽപ്പിക്കുന്ന നരേന്ദ്ര മോദിക്കെതിരെയുമുള്ള രാഹുൽ ഗാന്ധിയുടെ നിലയ്ക്കാത്ത പോരാട്ടം ലോകമെമ്പാടുമുള്ളവർക്കറിയാം. ബിജെപി യുടെ വർഗ്ഗീയ നിലപാടുകളോട് സന്ധി ചെയ്യാതെ ഒരോ നിമിഷവും പോരാടുന്ന രാഹുൽ ഗാന്ധിയുടെ മതേതര നിലപാടിനെ വിമർശിക്കാൻ പിണറായിക്ക് എന്തവകാശമാണുള്ളതെന്നും കെ.സി വേണുഗോപാല്‍ എംപി ചോദിച്ചു.

സ്വർണ്ണ, കറൻസി കള്ളക്കടത്തു കേസുകളിൽ നിന്നും രക്ഷപെടാൻ ബിജെപിയുമായി അവിശുദ്ധ ബന്ധമുണ്ടാക്കിയ മുഖ്യമന്ത്രിയാണ് സംഘപരിവാർ ശക്തികൾക്ക് മുമ്പിൽ മുട്ടിലിഴയുന്നത്.വാളയാറിനപ്പുറത്തും ഇപ്പുറത്തും കോൺഗ്രസ് കേന്ദ്ര ഏജൻസികളുടെ രാഷ്ട്രീയ പ്രതികാര നടപടികളെ എപ്പോഴും തുറന്നെതിർക്കുകയാണെന്നും അല്ലാതെ മുഖ്യമന്ത്രിയെപ്പോലെ അന്വേഷണം ഭയന്ന് സന്ധി ചെയ്യുകയല്ലെന്നും കെ.സി വേണുഗോപാൽ പറഞ്ഞു. വളയാറിനപ്പുറത്തെ സിപിഎമ്മിനെ പറ്റി അധികം പറയാതിരിക്കുന്നതാണ് പിണറായിക്ക് നല്ലതെന്നും കെ.സി വേണുഗോപാൽ എംപി പറഞ്ഞു.