പിണറായി സർക്കാരിന്‍റെ ബാർ കോഴ കേരളം കണ്ട ഏറ്റവും വലിയ അഴിമതി; തടിതപ്പാനാണ് ശ്രമമെങ്കിൽ നിയമപരമായി നേരിടും: കെ.സി. വേണുഗോപാൽ

Jaihind Webdesk
Friday, May 24, 2024

 

തിരുവനന്തപുരം: കേരളം കണ്ട ഏറ്റവും വലിയ അഴിമതിയാണ് മദ്യനയത്തിൽ ഇളവ് വരുത്താൻ ബാർ ഉടമകളിൽ നിന്ന് കോടികൾ വാങ്ങിയ ഇടപാടെന്ന് എഐസി സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. മുഖ്യമന്ത്രി പിണറായി വിജയൻ അറിയാതെ ഒന്നും നടക്കില്ലെന്നും എക്സൈസ് മന്ത്രി എം.ബി. രാജേഷിന് ഇതിൽനിന്ന് ഒഴിഞ്ഞുമാറാൻ ആവില്ലെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു.

കെ.എം. മാണിയെ നീചമായി സിപിഎം വേട്ടയാടിയത് ഇത്തരമൊരു കേസിന്‍റെ പേരിലായിരുന്നു. ഇപ്പോൾ അദ്ദേഹത്തിന്‍റെ ആത്മാവ് സന്തോഷിക്കുന്നുണ്ടാവുമെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു. അബ്കാരി ചട്ടങ്ങളിൽ ഭേദഗതി വരുത്താൻ പിരിച്ചെടുത്ത പണം സിപിഎമ്മിന്‍റെ തിരഞ്ഞെടുപ്പ് ഫണ്ടിലേക്കാണ് പോയിട്ടുള്ളത്. കേരളത്തെ മദ്യത്തിൽ മുക്കിക്കൊല്ലാനാണ് പിണറായി സർക്കാർ ശ്രമിക്കുന്നത്. തുടർഭരണം സിപിഎമ്മിനെയും മുഖ്യമന്ത്രിയെയും അഹങ്കാരികളാക്കി മാറ്റി. ബോംബ് നിർമ്മിക്കുന്നതിനിടെ മരണപ്പെട്ടവർക്ക് സ്മാരകം പണിയുന്ന പാർട്ടിയാണ് സിപിഎം. മുഖ്യമന്ത്രി നേരിട്ട് നടത്തിയ അഴിമതിയാണിതെന്നും ഈ വിഷയത്തെ നിസാരവത്ക്കരിച്ച് തടിതപ്പാനാണ് ശ്രമമെങ്കിൽ നിയമപരമായി നേരിടുമെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.