വാഗ്ദാനങ്ങൾ പാഴ്‌വാക്കായി ; കായികതാരങ്ങളെ അവഗണിച്ച് പിണറായി സർക്കാർ

Jaihind Webdesk
Wednesday, August 11, 2021

തിരുവനന്തപുരം : കായികതാരങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ നിറവേറ്റാതെ രണ്ടാം പിണറായി സർക്കാർ. 2018ലെ ഏഷ്യൻ ഗെയിംസ് മെഡൽ ജേതാക്കൾക്ക് ജോലി വാഗ്ദാനം ചെയ്ത് മൂന്നുവർഷം പിന്നിട്ടിട്ടും യാതൊരു നടപടിയും സ്വീകരിക്കാത്ത സർക്കാരിനെതിരെ പ്രതിഷേധം ഉയരുകയാണ്. ഇടതുസർക്കാർ നൽകിയ വാഗ്ദാനം പാലിക്കണമെന്നാവശ്യപ്പെട്ട് കായിക താരങ്ങൾ തലസ്ഥാനത്തെത്തി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.

2018 ൽ ഏഷ്യൻ ഗെയിംസിൽ മെഡൽ നേടി കേരളത്തിന്‍റെ അഭിമാനമായി മാറിയ കായിക താരങ്ങൾക്ക് അന്നത്തെ കായിക മന്ത്രിയായ ഇ.പി ജയരാജൻ ജോലി വാദ്ഗാനം ചെയ്തിരുന്നു. 3 വർഷങ്ങള്‍ക്കിപ്പുറം ആ വാഗ്ദാനങ്ങളെല്ലാം വാക്കുകളിൽ മാത്രം ഒതുങ്ങി. ഒന്നാം പിണറായി സർക്കാരിന്‍റെ അവസാനഘട്ടത്തിൽ ഏഷ്യൻ ഗെയിംസ് മെഡൽ ജേതാക്കള്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചിരുന്നു. രണ്ടാം പിണറായി സർക്കാർ അധികാരത്തിലേറി മാസങ്ങൾ പിന്നിട്ടിട്ടും വിഷയത്തിൽ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയെ നേരില്‍ കണ്ട് പരാതി നൽകാൻ കായിക താരങ്ങൾ തലസ്ഥാനത്തെത്തിയത്.

മുഖ്യമന്ത്രിയുമായി കൂടികാഴ്ച നടത്തിയതിനു ശേഷം ശുഭാപ്തി വിശ്വാസത്തോടെയാണ് കായിക താരങ്ങൾ മടങ്ങിയത്. ഈ കൂടികാഴ്ചയ്ക്ക് ശേഷമെങ്കിലും തങ്ങൾക്ക് അർഹതപ്പെട്ട ജോലി ലഭിക്കുമെന്നാണ് കേരളത്തിന്റെ അഭിമാനമായ കായിക താരങ്ങൾ പ്രതീക്ഷിക്കുന്നത്.