അഴിമതി ആരോപണങ്ങളില്‍ പിണറായിക്ക് മറുപടിയില്ല ; കാട്ടുകള്ളനെന്ന് വിളിച്ചിട്ടും പ്രതികരിക്കാത്ത മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നത് : സതീശന്‍ പാച്ചേനി

Jaihind News Bureau
Wednesday, August 26, 2020


കണ്ണൂർ : നിയമസഭയില്‍ എം.എല്‍.എമാര്‍ കാട്ടുകള്ളനെന്ന് മുഖത്ത് നോക്കി വിളിച്ചിട്ടും ഒന്നും പ്രതികരിക്കാന്‍ തയാറാകാതെ നാണംകെട്ടയാളാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് ഡി.സി.സി പ്രസിഡന്‍റ് സതീശന്‍ പാച്ചേനി. സെക്രട്ടേറിയറ്റിലെ ഫയലുകള്‍ കത്തിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് സംസ്ഥാന വ്യാപകമായി നടത്തുന്ന കരിദിനാചരണത്തോടനുബന്ധിച്ച് കണ്ണൂര്‍ പഴയ ബസ് സ്റ്റാന്‍ഡില്‍ നടന്ന പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വര്‍ണ്ണകള്ളക്കടത്ത്,  ലൈഫ് മിഷന്‍ വെട്ടിപ്പ്, പാതയോരത്തെ സ്ഥലം പാട്ടത്തിന് കൊടുക്കാനുള്ള തീരുമാനത്തിലെ അഴിമതി, ആരോഗ്യ വകുപ്പിലെ പി .പി.ഇ കിറ്റ് ഇടപാടിലെ അഴിമതി, സര്‍ക്കാര്‍ സര്‍വ്വീസില്‍ സ്വജനപക്ഷപാതത്തിലൂടെ നിയമനം തുടങ്ങിയവയെല്ലാം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി കാട്ടുകള്ളനാണെന്ന് സഭയില്‍ പ്രതിപക്ഷ എം.എല്‍.എമാര്‍ പറഞ്ഞിട്ടും മുഖ്യമന്ത്രിക്ക് മറുപടിയുണ്ടായില്ല.  പകരം അവിശ്വാസ പ്രമേയ വേളയില്‍ കാടും പടലും ചൂണ്ടിക്കാട്ടി അതേക്കുറിച്ച് മാത്രം സംസാരിച്ച മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും സതീശന്‍ പാച്ചേനി പറഞ്ഞു.

സെക്രട്ടേറിയറ്റിലും നിയമസഭാ ഹാളിലും ജനാധിപത്യ വിരുദ്ധമായ സംഭവങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ അരങ്ങേറിയത്. സെക്രട്ടേറിയറ്റിനകത്ത് പ്രോട്ടോകോള്‍ ഓഫീസില്‍ തീപിടുത്തമുണ്ടായപ്പോള്‍ വിചിത്രമായ വാദങ്ങളാണ് സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്നുണ്ടായത്. അതു പോലെ സര്‍ക്കാറിനെതിരെയുള്ള അവിശ്വാസ പ്രമേയം ചര്‍ച്ച ചെയ്യുമ്പോള്‍ പ്രതിപക്ഷനേതാവ് അരമണിക്കൂര്‍ കൂടുതല്‍ സംസാരിച്ചതിന് വിമര്‍ശിച്ചവര്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എഴുതിക്കൊണ്ടുവന്ന വാക്കുകള്‍ വായിച്ച് തീര്‍ത്തത് മൂന്ന് മണിക്കൂറിലേറെ സമയമാണ്. മുഖ്യമന്ത്രി അധിക പ്രസംഗം നടത്തിയിട്ടും സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ പ്രസംഗം അവസാനിപ്പിക്കാന്‍ പറയാന്‍ പോലും തയാറായിട്ടില്ല. ഒരു മൈതാന പ്രസംഗം നടത്തിയത് പോലെയാണ് അവിശ്വാസ പ്രമേയത്തിനുള്ള മുഖ്യമന്ത്രിയുടെ മറുപടിയെന്നും സതീശന്‍ പാച്ചേനി പറഞ്ഞു.

ഐ.ടി മേഖലയിലുള്ള വീണ വിജയനും അവരുടെ കമ്പനിക്കും വേണ്ടി ഐ.ടി സെക്രട്ടറിയായിരുന്ന എം ശിവശങ്കർ ചെയ്തു കൊടുത്ത വഴിവിട്ട നടപടികള്‍ പുറത്താകുമെന്ന് കണ്ടാണ് സ്വര്‍ണ്ണകള്ളക്കടത്തും അനധികൃത നിയമനം നടത്തിയതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച ശിവശങ്കറിനെ പിണറായി സംരക്ഷിച്ചത്. ആരോപണം ഉയര്‍ന്നപ്പോള്‍ അവധി കൊടുത്ത മുഖ്യമന്ത്രി സംഭവത്തെ ലഘൂകരിക്കാനാണ് ശ്രമിച്ചതെന്നും സതീശന്‍ പാച്ചേനി കുറ്റപ്പെടുത്തി.

യോഗത്തില്‍ യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ പ്രൊഫ. എ.ഡി മുസ്തഫ അധ്യക്ഷതവഹിച്ചു. പി.എ തങ്ങള്‍, സി.എ അജീര്‍, കെ.പി താഹിര്‍, കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്‍റ് വി.പി അബ്ദുള്‍ റഷീദ്, ജോര്‍ജ് വടകര, സുരേഷ് ബാബു എളയാവൂര്‍, അഡ്വ. മനോജ് കുമാർ തുടങ്ങിയവര്‍ പ്രസംഗിച്ചു.