വനിതാ മതിലിൽ എൻ.എസ്.എസിനും യുവതീ പ്രവേശത്തിൽ ദേവസ്വംമന്ത്രിക്കും മുഖ്യമന്ത്രിയുടെ വിമർശനം

വനിതാ മതിലുമായി ബന്ധപ്പെട്ട് എൻ.എസ്.എസിനെ പേരെടുത്ത് പറയാതെ വിമർശിച്ച് മുഖ്യമന്ത്രി. സമദൂരം എന്ന നിലപാട് ഇരട്ടത്താപ്പാണെന്നും ഏതിൽ നിന്നെല്ലാമാണ് സമദൂരം പാലിക്കുന്നതെന്ന കാര്യം ആലോചിക്കണമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനത്തിന്‍റെ കാതൽ. മതനിരപേക്ഷത തകർക്കാനുള്ള നീക്കത്തിന്‍റെ കൂടെ നവോത്ഥാന പാരമ്പര്യമുള്ള സംഘടന തന്നെ ചേരാൻ പാടുണ്ടായിരുന്നോ എന്ന് ആർ.എസ്.എസ് സംഘടിപ്പിച്ച അയ്യപ്പ ജ്യോതിയിൽ പങ്കെടുത്തവർ ഗൗരവമായി ചിന്തിക്കണം. വർഗീയതയ്ക്ക് എതിരെ നവോത്ഥാനത്തിനൊപ്പം ചേരലല്ലാതെ അതിനിടയിൽ ഒരു സമദൂരത്തിന്‍റെ ഇടമുണ്ടോ എന്ന് പരിശോധിക്കേണ്ടതാണ്. ഏതിൽനിന്നെല്ലാം സമദൂരം പാലിക്കുന്നു എന്നത് സ്വയം ചിന്തിക്കണം. ഇത്തരം നിലപാടിൽ ഇരട്ടത്താപ്പ് ഉണ്ട് എന്നാണ് സാധാരണക്കാർക്ക് മനസിലാക്കാനാകുന്നത്. മരുമക്കത്തായ സമ്പ്രദായങ്ങൾ അടക്കമുള്ള അനാചാരങ്ങൾക്കെതിരെ മന്നത്ത് പത്മനാഭനെപ്പോലുള്ളവർ നടത്തിയ പ്രക്ഷോഭങ്ങൾ മറക്കാറായിട്ടില്ല. മന്നത്തിനേപ്പോലുള്ള സമൂഹ്യ പരിഷ്‌കർത്താക്കളുടെ പ്രവർത്തനങ്ങൾ ഇന്നും പ്രസക്തമാണ്. സുപ്രീം കോടതിയുടെ വിധിപോലും അംഗീകരിക്കുന്നില്ലെന്ന് പറയുന്നവർ ഭരണഘടനയേയും പൗരാവകാശങ്ങളെയും മതേതരത്വ മൂല്യങ്ങളെയുമാണ് നിഷേധിക്കുന്നതെന്ന് മനസിലാക്കണമെന്നുമായിരുന്നു പിണറായിയുടെ വിമർശനം.

സർക്കാർ സന്നാഹങ്ങളും സകലവിധ സമ്മർദങ്ങളും ഉപയോഗിച്ച് ഒരു മതിൽ പണിതാൽ അത് എങ്ങനെ നവോത്ഥാനമാകുന്നതെങ്ങനെയെന്ന് എൻ.എസ്.എസ് വിമർശിച്ചിരുന്നു. നായർ സമുദായത്തിൽപ്പെട്ട ഭരണപക്ഷത്തെ പ്രബലരായ നേതാക്കളെക്കൊണ്ട് സമദൂരത്തെ വിമർശിച്ചാൽ അത്തരം പരിപ്പൊന്നും എൻ.എസ്.എസിൽ വേകുകയില്ലെന്നും ജനറൽ സെക്രട്ടറി സുകുമാരൻ നായർ വ്യക്തമാക്കിയിരുന്നു. ഇതിന് മറുപടി നൽകിക്കൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനമെന്നതും ശ്രദ്ധേയമാണ്.

എൻ.എസ്.എസിന് പുറമേ ശബരിമല യുവതീപ്രവേശനത്തിൽ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെയും ദേവസ്വം ബോർഡ് അധ്യക്ഷൻ എ പത്മകുമാറിനെതിരെയും വിമർശനമുയർന്നു. ശബരിമലയിൽ യുവതികൾ ദർശനം നടത്തരുതെന്ന് പറയാൻ ആര്‍ക്കും അധികാരമില്ല. സ്ത്രീകളെ ശബരിമലയിൽ കയറ്റുക സർക്കാരിന്‍റെ അജണ്ടയല്ല. അവിടെയെത്തിയ സ്ത്രീകൾ സ്വയം തിരിച്ചു പേവുകയായിരുന്നുവെന്നും അവർ ദർശനം നടത്താൻ തീരുമാനിച്ചാൽ പൊലീസ് സംരക്ഷണം നൽകുമായിരുന്നു. സ്ത്രീകൾ അവിടെയെത്തരുതെന്നു പറയാൻ ഒരു മന്ത്രിക്കും അവകാശമില്ല. അങ്ങനെ ആരെങ്കിലും പറയുമെന്ന് കരുതുന്നില്ല. ഈ വിഷയത്തിൽ സർക്കാരിന് വ്യക്തമായ നിലപാടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ശബരിമലയിൽ നിരവധി ആചാരങ്ങൾ മാറി. 1949ൽ ദേവസ്വം ബോർഡ് രൂപീകരിച്ചു. മണ്ഡല മകരവിളക്കിന് മാത്രമേ ആദ്യമൊക്കെ നട തുറന്നിരുന്നുള്ളൂ. മലയാളമാസത്തിലും ഓണത്തിനും നടതുറക്കാൻ പിന്നീട് തീരുമാനിച്ചു. നേരത്തെയുള്ള ആചാരത്തിൽനിന്നുള്ള മാറ്റമാണ്. അത് തിരക്ക് കുറയ്ക്കുന്നതിലും സൗകര്യപ്രദമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്ത്രീകളുടെ പ്രശ്നങ്ങൾ പരിഹരിക്കുക എന്നത് വർഗസമരത്തിന്‍റെ ഭാഗമല്ല എന്ന നിലപാട് ശരിയല്ല. സ്ത്രീകളുടെ പ്രശ്നങ്ങൾ പരിഹരിക്കുക എന്നത് വർഗസമരത്തിന്‍റെ ഭാഗമായിത്തന്നെയാണ് കാണുന്നതെന്നും പിണറായി വിജയൻ വ്യക്തമാക്കി. ഇന്നത്തെ സാഹചര്യത്തിൽ വനിതാ മതിൽ അനിവാര്യമാണ്. ശബരിമലയിൽ സ്ത്രീകൾ പോകണോ വേണ്ടയോ എന്നതു മാത്രമല്ല വനിതാ മതിലിന്‍റെ വിഷയം. കൂടുതൽ വിശാലമായാണ് വനിതാ മതിൽ എന്ന ആശയത്തെ കാണേണ്ടത്. ശബരിമലയിൽ പുരുഷന് തുല്യമായ അവകാശം നൽകണമെന്ന കോടതി വിധി നടപ്പാക്കുന്നത് സ്ത്രീപുരുഷ സമത്വത്തിന്‍റെ പ്രശ്നമാണ്. ഈ സമത്വം എന്ന ആശയത്തിനുവേണ്ടിയാണ് വനിതാ മതിൽ തീർക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

പിണറായി നിലപാട് കടുപ്പിച്ച് വീണ്ടും രംഗത്ത് വന്നതോടെ ശബരിമല യുവതീപ്രവേശത്തിൽ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും പ്രസിഡന്‍റ് എ പത്മകുമാറിനും കൈപൊള്ളി. വനിതാമതിലിൽ വി.എസിന്‍റെ പ്രസ്താവനയെയും തള്ളിയ മുഖ്യമന്ത്രി ഇടതുപക്ഷമുന്നണിയുടെ നിലപാടുകൾക്കൊപ്പമാണ് താനെന്നത് അസന്നിഗ്ധമായി പ്രഖ്യാപിക്കുക കൂടിയായിരുന്നു.

women wallNair Service Society (NSS)pinarayi vijayan
Comments (0)
Add Comment