മൂന്നാംവട്ടമെന്ന പ്രചരണം: ഒളിയമ്പും മുന്നറിയിപ്പുമായി എം എ ബേബി

Jaihind News Bureau
Sunday, March 9, 2025

പാര്‍ട്ടിക്കുള്ളിലെ പിണറായി അനുകൂലികളും പി.ആര്‍.ഏജന്‍സികളും ചേര്‍ന്ന് എല്‍ഡിഎഫ് തുടര്‍ച്ചയായി മൂന്നാം തവണയും അധികാരത്തിലേറുമെന്ന കൊണ്ടുപിടിച്ചുള്ള പ്രചരണം ശക്തമാക്കുന്നതിനിടെ മുന്നറിയിപ്പുമായി സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. സര്‍ക്കാരിന്റെ ഓരോ ചുവടുവയ്പ്പും ജനങ്ങളെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞാല്‍ മാത്രമെ വീണ്ടും അധികാരത്തിലെത്താന്‍ കഴിയൂവെന്നാണ് ബേബിയുടെ മുന്നറിയിപ്പ്. പൊതുമേഖല സ്ഥാപനങ്ങളുടെ നടത്തിപ്പില്‍ സ്വകാര്യ പങ്കാളിത്തം കൊണ്ടുവരാനുള്ള സംസ്ഥാന സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിച്ച നിര്‍ദ്ദേശത്തിനെതിരെയും ബേബിയുടെ ഒളിയമ്പുണ്ട്. മുതലാളിത്ത വ്യവസ്ഥിതി ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കുമ്പോള്‍ നടപടികളുടെ ആഘാതം എങ്ങനെ കുറയ്ക്കാം എന്നതിലായിരിക്കണം ശ്രദ്ധയെന്നാണ് ബേബിയുടെ ഒളിയമ്പ്.

ഒരു ദേശീയ ദിനപത്രത്തിനു നല്‍കിയ അഭിമുഖത്തിലാണ് എം എ ബേബി ഇതടക്കമുള്ള അഭിപ്രായ പ്രകടനം നടത്തിയിരിക്കുന്നത്. മൂന്നാം തവണയും അധികാരത്തിലെന്ന പ്രചരണം യാഥാര്‍ത്ഥ്യമാകണമെങ്കില്‍ ചെയ്യേണ്ടകാര്യങ്ങളാണ് മുന്നറിയിപ്പായി ബേബി മുന്നോട്ട് വയ്ക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പുകള്‍ക്കും നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്കും മുന്നോടിയായി, സര്‍ക്കാര്‍ സ്വീകരിക്കുന്ന ഓരോ ചുവടും ജനങ്ങളെ എല്‍ഡിഎഫിനെക്കുറിച്ച് അനുകൂലമായി ചിന്തിക്കാന്‍ കഴിയുന്നതരത്തിലായിരിക്കണം. മുഖ്യധാരാ മാധ്യമങ്ങള്‍ ഈ ഓരോ ചുവടുവെപ്പും പൊതുജനങ്ങള്‍ക്ക് എങ്ങനെ അവതരിപ്പിക്കുന്നു എന്നതും പ്രധാനമാണെന്ന് എം എ ബേബി പറയുന്നു. മാദ്ധ്യമങ്ങളിലൂടെ ഏറ്റവും കൂടുതല്‍ എത്തുന്ന വാര്‍ത്തകളും സര്‍ക്കാരിന്റെ പ്രതിച്ഛായയ്ക്ക് ഏറ്റവും കൂടുതല്‍ മങ്ങലേല്‍പ്പിച്ചതും പിണറായി വിജയനേയും കുടുംബത്തേയും കുറിച്ചാണെന്ന വസ്തുത നിലനില്‍ക്കെയാണ് ബേബിയുടെ ഈ ഓര്‍മ്മപ്പെടുത്തല്‍. മുഖ്യധാരാ മാധ്യമങ്ങള്‍ ഓരോ ഘട്ടങ്ങളും എങ്ങനെ പൊതുജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും മൂന്നാം തവണയും അധികാരത്തിലെത്തുകയെന്ന് അഭിപ്രായപ്പെടുമ്പോള്‍ പഴയകാല റിപ്പോര്‍ട്ടുകള്‍ പാര്‍ട്ടിക്കും സര്‍ക്കാരിനും ഭീഷണിയായേക്കുമെന്ന മുന്നറിയിപ്പു കൂടിയാണ് ബേബി നല്‍കുന്നത്.

ഭരണശൈലി തെരഞ്ഞെടുപ്പു മുന്നില്‍ കണ്ട് നവീകരിക്കണമെന്നാണ് അദ്ദേഹം പറഞ്ഞുവയ്ക്കുന്നത്. പതിറ്റാണ്ടുകള്‍ അധികാരത്തിലിരുന്ന് ബംഗാളില്‍ പാര്‍ട്ടിയുടെ ജീര്‍ണ്ണതയിലേക്ക് എങ്ങനെ നയിച്ചുവെന്ന് പാര്‍ട്ടി രേഖകളില്‍ വ്യക്തമാണ്. എന്നാല്‍ ഇ എംഎസ്.നമ്പൂതിരിപ്പാടിന്റെ കാലം മുതല്‍ക്കേ കേരളത്തില്‍ സി.പി.ഐ.എം പരിമിതമായ രീതിയിലാണെങ്കിലും സ്വയം നവീകരിക്കുകയാണ്. ജനകീയാസൂത്രണ പരിപാടി പോലെയുള്ള വിജയകരമായ പരീക്ഷണങ്ങള്‍ ഇതിന്റെ ഭാഗമാണ്. ഭരണ തുടര്‍ച്ച സംഘടന സംവിധാനത്തെ എങ്ങനെ ദുര്‍ബലപ്പെടുത്തുമെന്ന ചര്‍ച്ചകള്‍ പാര്‍ട്ടിക്കുള്ളിലുണ്ട്. ഇതേ കുറിച്ച് വിശദ ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്.

സംസ്ഥാന സമ്മേളനം മുന്നോട്ട് വച്ച പ്രധാന നയവ്യതിചലമായ നഷ്ടത്തിലായ പൊതുമേഖലാ യൂണിറ്റുകളെ രക്ഷിക്കാന്‍ പൊതുസ്വകാര്യ പങ്കാളിത്തം സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് എം.എം.ബേബിയുടെ പ്രതികരണം മുതലാളിത്ത വ്യവസ്ഥിതി ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കുമ്പോള്‍ നടപടികളുടെ ആഘാതം എങ്ങനെ കുറയ്ക്കാം എന്നതിലായിരിക്കണം ശ്രദ്ധ നനല്‍കേണ്ടതെന്നാണ്. ‘ഇന്നത്തെ സാഹചര്യവുമായി ഇടപഴകി പ്രതിസന്ധികളെ മറികടക്കാനുള്ള പരിപാടികള്‍ ആവിഷ്‌കരിക്കുകയുമാണ് വേണ്ടത്. കേരളം ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രമല്ല. ഇന്ത്യയില്‍ നിലനില്‍ക്കുന്ന സാമൂഹിക-സാമ്പത്തിക സാഹചര്യം കേരളത്തിലേക്കും വ്യാപിക്കുന്നു. ഇത് പരിഗണിച്ച്, മുതലാളിത്ത വ്യവസ്ഥയ്ക്കുള്ളില്‍ നിന്ന് ജനങ്ങളുടെ ക്ഷേമം ഉറപ്പുവരുത്തുന്ന ബദലുകളാണ് കാണേണ്ടത്. മുതലാളിത്ത വ്യവസ്ഥിതി ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കുന്ന നടപടികളുടെ ആഘാതം എങ്ങനെ കുറയ്ക്കാം എന്നതിലായിരിക്കണം ശ്രദ്ധ. ഈ പശ്ചാത്തലത്തെക്കുറിച്ച് തൊഴിലാളികളെ ബോധവത്കരിക്കുകയും വേണം-ബേബി മുന്നറിയിപ്പ് നല്‍കുന്നു.