കേരളം ഭരിക്കുന്നത് വാചകമടിക്ക് ഓസ്കർ കൊടുക്കേണ്ട സർക്കാർ : രമേശ് ചെന്നിത്തല

തിരുവനന്തപുരം : വാചകമടിക്ക് ഓസ്കർ കൊടുക്കേണ്ട സർക്കാരാണ് ഇപ്പോൾ കേരളം ഭരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രളയം കഴിഞ്ഞ് ഒന്നര വർഷമായിട്ടും റീ ബിൽഡ് കേരള പദ്ധതിയ്ക്ക് രൂപരേഖ തയാറായില്ല. പദ്ധതിക്കായി ലോക ബാങ്കിൽ നിന്നും അനുവദിച്ച തുക വകമാറ്റി ചെലവഴിച്ചെന്നും പ്രതിപക്ഷം ആരോപിച്ചു. വിഷയങ്ങൾ ചൂണ്ടിക്കാട്ടി പി.കെ ബഷീർ നൽകിയ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭ വിട്ടിറങ്ങി.

നവ കേരള നിർമാണം യാഥാർത്ഥ്യമാക്കുമെന്ന് വീമ്പിളക്കുന്ന സർക്കാർ പ്രഖ്യാപനങ്ങൾക്കപ്പുറം ഒരു ചുവടും മുന്നോട്ട് പോയിട്ടില്ല. പ്രളയം തകർത്തെറിഞ്ഞ നിലമ്പൂരിനെ ബജറ്റിൽ പാടേ അവഗണിച്ചെന്ന വിമർശനങ്ങൾക്കിടെയാണ് പുനർനിർമാണത്തിലെ സർക്കാർ വീഴ്ചകൾ പ്രതിപക്ഷം സഭയിൽ അക്കമിട്ട് നിരത്തിയത്. വിഷയത്തിൽ പി.കെ ബഷീർ എം.എൽ.എയാണ് അവതരാണാനുമതി തേടിയത്. ഇപ്പോഴും പുനർനിർമാണ ചർച്ചകൾ മാത്രം നടക്കുന്നുവെന്നും പ്രളയ ഗുണഭോക്താക്കളുടെ ലിസ്റ്റ് പോലും ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ലെന്നും എം.എൽ.എ ചൂണ്ടിക്കാട്ടി.

പദ്ധതി പൂർത്തിയാക്കാൻ മൂന്ന് വർഷമെങ്കിലും വേണ്ടിവരും. ഒരു വർഷം കൊണ്ട് ഇത് പൂർത്തിയാക്കണമെന്ന് പറയുന്നത് ശരിയല്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. കാര്യപ്രാപ്തിയില്ലാത്ത സർക്കാർ ഭരിച്ചാൽ എന്ത് സംഭവിക്കുമെന്ന് ഇടതുസർക്കാർ കാണിച്ചുതരുന്നുവെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. ദുരിതമുണ്ടായാൽ അതിൽ നിന്ന് പാഠം ഉൾക്കൊള്ളണം. 223 ൽ പരം പുതിയ ക്വാറികൾക്ക് അനുമതി നൽകിയാണോ പരിസ്ഥിതി സംരക്ഷണമെന്നും അദ്ദേഹം ചോദിച്ചു. പ്രമേയം സഭ നിർത്തിവച്ച് ചെയ്യേണ്ടതില്ലെന്ന് സ്പീക്കർ അറിയച്ച തോടെ പ്രതിപക്ഷം സഭ വിട്ടിറങ്ങി.

Ramesh ChennithalaAssemblyKerala Niyamasabha
Comments (0)
Add Comment