കലശം വരവിൽ പി.ജയരാജൻ്റെ ചിത്രങ്ങള്‍; പാർട്ടി നേതൃത്വത്തിൻ്റെ നിർദേശം കാറ്റിൽ പറത്തി കതിരൂരിലെ സഖാക്കൾ

Jaihind Webdesk
Thursday, March 16, 2023

കണ്ണൂര്‍: വ്യക്തി ആരാധനയില്‍ പാർട്ടി നേതൃത്വത്തിൻ്റെ നിർദേശം കാറ്റിൽ പറത്തി കണ്ണൂർ കതിരൂരിലെ സഖാക്കൾ. കതിരൂർ പുല്യോട് കൂർമ്പക്കാവ് താലപ്പൊലി മഹോത്സവത്തോടനുബന്ധിച്ച് നടന്ന കലശം വരവിൽ പി.ജയരാജൻ്റെ ചിത്രങ്ങളും. പാട്യം നഗറിലെ കലശത്തിലാണ് പി ജയരാജൻ്റെ ചിത്രവും ഉൾപ്പെട്ടത്. പി. ജയരാജൻ്റെ ചിത്രം പ്രദർശിപ്പിച്ച് കൊണ്ടുള്ള കലശത്തെ തള്ളിപറഞ്ഞ് സി പി എം കണ്ണൂർ ജില്ല സെക്രട്ടറി എംവി ജയരാജൻ.

ഇക്കഴിഞ്ഞ ഞായർ തിങ്കൾ, ചൊവ്വ ദിവസങ്ങളിലാണ് കതിരൂർ പുല്യോട് കൂർമ്പക്കാവ് താലപ്പൊലി മഹോത്സവം നടന്നത്.പതിമൂന്നാം തിയ്യതിയിൽ വിവിധ ദേശങ്ങളിൽ നിന്ന് കാവിലേക്കുള്ള കലശം വരവിൽ സി പി എം സമ്മേളനത്തെ വെല്ലുന്ന ഛായ ചിത്രവുമായുള്ള കലശവുമായാണ് പാട്യം നഗറിലെ സഖാക്കൾ എത്തിയത്. ചെഗുവേരയുടെ ചിത്രവും, അരിവാൾ ചുറ്റിക ഉൾപ്പടെ കലശത്തിനൊപ്പം ക്ഷേത്രത്തിലേക്ക് നിരവധി പേരുടെ അകമ്പടിയോടെ ആനയിക്കപ്പെട്ടു.

പി.ജയരാജൻ്റെ ആരാധകരായ പാർട്ടി സഖാക്കളാണ് ഇതിന് ചുക്കാൻ പിടിച്ചത് എന്നാണ് സൂചന. വ്യക്ത്യാരാധാന വിഷയത്തിൽ കടുത്ത വിമർശനങ്ങൾ പി.ജയരാജന് എതിരെ പാർട്ടിക്കുള്ളിൽ നിന്ന് ഉയർന്നിരുന്നു. പാർട്ടി നേതത്വത്തിൻ്റെ സമർദ്ദത്തെ തുടർന്ന് വ്യക്തി ആരാധനയെ പി.ജയരാജൻ തന്നെ തള്ളി പറയേണ്ടി വരികയും ചെയ്തിരുന്നു. തുടർന്ന് ഒരു ഇടവേളയ്ക്ക് ശേഷമാണ് വ്യക്ത്യാരാധന കലശത്തിൻ്റെ രൂപത്തിൽ എത്തുന്നത്. എന്നാൽ പിജയരാജൻ്റെ ചിത്രം പ്രദർശിപ്പിച്ച് കൊണ്ടുള്ള കലശത്തെ തള്ളിപറഞ്ഞ് സി പി എം കണ്ണൂർ ജില്ല സെക്രട്ടറി എംവി ജയരാജൻ രംഗത്ത് വന്നു.

കതിരൂർ പുല്യോട്ട്കാവിലെ പി.ജയരാജൻ്റെ ചിത്രം പ്രദർശിപ്പിച്ച് കൊണ്ടുള്ള കലശം സി പി എം നേതാകൾക്കിടയിൽ ചർച്ച ആയിട്ടുണ്ട്. അത് വരും ദിവസങ്ങളിൽ മറനീക്കി പുറത്ത് വരും.