അധ്യാപക നിയമനത്തിനുള്ള അഡ്മിറ്റ് കാര്‍ഡില്‍ സണ്ണി ലിയോണി; അന്വേഷണത്തിന് ഉത്തരവ്

Jaihind Webdesk
Wednesday, November 9, 2022

കര്‍ണാടകയില്‍ അധ്യാപന നിയമനത്തിനുള്ള പരീക്ഷ അഡ്മിറ്റ് കാര്‍ഡില്‍ ബോളിവുഡ് താരം സണ്ണി ലിയോണിയുടെ ചിത്രം. സംസ്ഥാന സ്‌കൂള്‍ വിദ്യാഭ്യാസ വകുപ്പ് നടത്തിയ കര്‍ണാടക ടീച്ചേഴ്‌സ് എലിജിബിലിറ്റി ടെസ്റ്റിന്റെ അഡ്മിറ്റ് കാര്‍ഡില്‍ ഒരു ഉദ്യോഗാര്‍ത്ഥിയുടെ ഫോട്ടോയ്ക്ക് പകരം സണ്ണി ലിയോണിയുടെ ചിത്രം അച്ചടിച്ചു വരികയായിരുന്നു.
കര്‍ണാടക കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ ചെയര്‍പേഴ്‌സണ്‍ ബിആര്‍ നായിഡുവാണ് അഡ്മിറ്റ് കാര്‍ഡ് ട്വീറ്റ് ചെയ്തത്.

ഹാള്‍ ടിക്കറ്റിന്റെ സ്‌ക്രീന്‍ഷോട്ട് സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ സംഭവത്തില്‍ കര്‍ണാടക വിദ്യഭ്യാസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിറക്കി. അതേസമയം, പരീക്ഷയ്ക്ക് വേണ്ടി അപേക്ഷിക്കുമ്പോള്‍ നിര്‍ബന്ധമായും ഫോട്ടോ അപ്ലോഡ് ചെയ്യണമെന്നും ആ ചിത്രമായിരിക്കും അഡ്മിറ്റ് കാര്‍ഡ്  അച്ചടിക്കുക എന്നും  വിദ്യഭ്യാസ വകുപ്പ് പ്രതികരിച്ചു.
സംഭവത്തില്‍ വിദ്യാഭ്യാസമന്ത്രി ബിസി നാഗേഷ് പ്രസ്താവന ഇറക്കി. സംഭവത്തില്‍ പോലീസ് അന്വേഷണത്തിന് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടിട്ടുണ്ടെന്നും കുറ്റക്കാര്‍ക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കുമെന്നും പ്രസ്താവനയില്‍ പറയുന്നു.