തെക്കൻ ഫിലിപ്പീൻസിലെ ജോലോ ദ്വീപിൽ കത്തോലിക്കാ കത്തീഡ്രൽ പള്ളിയിൽ ഞായറാഴ്ച ദിവ്യബലിക്കിടെയുണ്ടായ ബോംബ് സ്‌ഫോടനങ്ങളിൽ 20 പേർ കൊല്ലപ്പെടുകയും 111 പേർക്കു പരിക്കേൽക്കുകയും ചെയ്തു. ജിഹാദി തീവ്രവാദികൾ അക്രമം അഴിച്ചുവിടുന്ന മേഖലകളിലൊന്നാണ് ജോലോ.
ഔർ ലേഡി ഓഫ് മൗണ്ട് കാർമൽ കത്തീഡ്രലിനുള്ളിലായിരുന്നു ആദ്യ സ്‌ഫോടനം. പുറത്ത് കാവലുണ്ടായിരുന്ന പട്ടാളവും പോലീസും ഓടി അകത്തേക്കു വരവേ ഒരു മിനിട്ടിനകം പ്രധാന കവാടത്തിൽ രണ്ടാമത്തെ സ്‌ഫോടനമുണ്ടായി. ഈ സ്‌ഫോടനത്തിലാണ് മരണങ്ങൾ.
മരിച്ചവരിൽ 14 സിവിലിയന്മാരും ആറു സൈനികരും ഉൾപ്പെടുന്നു. പരിക്കേറ്റവരിൽ 17 സൈനികരും രണ്ടു പോലീസുകാരും രണ്ടു തീരരക്ഷാസേനാംഗങ്ങളും ഉൾപ്പെടുന്നു. പരിക്കേറ്റവരെ ഹെലികോപ്റ്ററിലടക്കം ആശുപത്രികളിലെത്തിച്ചു. 27 പേർ മരിച്ചെന്നായിരുന്നു ആദ്യ റിപ്പോർട്ട്.
സുലു പ്രവിശ്യയിൽപ്പെടുന്ന ജോലോ ദ്വീപ് അബു സയാഫ് തീവ്രവാദികൾക്കു സ്വാധീനമുള്ള മേഖലയാണ്. സ്‌ഫോടനങ്ങളും തലവെട്ടലും തട്ടിക്കൊണ്ടുപോകലും വർഷങ്ങളായി ഇവർ നടത്തുന്നു. 1997ൽ ഈ കത്തീഡ്രലിനു പുറത്ത് കത്തോലിക്കാ ബിഷപ് ബെഞ്ചമിൻ ഡി ജീസസിനെ ഭീകരർ വെടിവച്ചു കൊലപ്പെടുത്തിയിരുന്നു. അമേരിക്കയും ഫിലിപ്പീൻസും ഈ സംഘടനയെ ഭീകരപട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
സംഭവത്തെ പോപ് ഫ്രാന്‍സിസ് മാര്‍പാപ്പയും അപലപിച്ചു.