വലിയ ഇടയന് വിട ; ഡോ.ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത കാലം ചെയ്തു

 

പത്തനതിട്ട : മലങ്കര മാർത്തോമ്മ സുറിയാനി സഭയുടെ വലിയ മെത്രാപ്പോലീത്ത പത്മഭൂഷൺ ഡോ.ഫിലിപ്പോസ് മാർ ക്രിസോസ്റ്റം തിരുമേനി കാലം ചെയ്തു. കുമ്പനാട് ഫെലോഷിപ് ആശുപത്രിയിൽ പുലർച്ചെ 1.15നായിരുന്നു അന്ത്യം. ഭൗതിക ശരീരം തിരുവല്ല അലക്സാണ്ടർ മാർത്തോമ്മാ സ്മാരക ഹാളിലേക്കു മാറ്റും. കബറടക്കം നാളെ.

ശാരീരിക ക്ഷീണത്തെ തുടർന്ന് വെള്ളിയാഴ്ച തിരുവല്ല ബിലീവേഴ്സ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത ഇന്നലെയാണ് ആശുപത്രി വിട്ടത്. ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ബിഷപ്പും ഇന്ത്യയിലെ ക്രൈസ്തവ സഭകളിൽ ഏറ്റവും കൂടുതൽ കാലം ബിഷപ്പായിരുന്ന ആത്മീയ ആചാര്യനുമായിരുന്നു അദ്ദേഹം. 2018ൽ രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചു. ക്രൈസ്തവസഭാ ആചാര്യന്‍മാരില്‍ ഈ ബഹുമതി ലഭിക്കുന്ന ആദ്യത്തെയാൾ കൂടിയാണ് ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത.

തിരുവല്ല ഇരവിപേരൂരിൽ അടങ്ങപ്പുറത്ത് കലമണ്ണിൽ കെ.ഇ. ഉമ്മൻ കശീശയുടെയും ശോശാമ്മയുടെയും മകനായി 1918 ഏപ്രിൽ 27-ന് ജനനം. ഫിലിപ്പ് ഉമ്മൻ എന്നായിരുന്നു ആദ്യ പേര്. മാരാമണ്‍ എബ്രഹാം മാര്‍ മല്‍പ്പാന്‍ സ്കൂളിലായിരുന്നു പ്രാഥമിക സ്കൂള്‍ വിദ്യാഭ്യാസം. കോഴഞ്ചേരി, മാരാമണ്‍, ഇരവിപേരൂര്‍ എന്നിവിടങ്ങളിലായി സ്കൂള്‍ പഠനം പൂര്‍ത്തിയാക്കിയ ശേഷം ബിരുദ പഠനം ആലുവ യു.സി കോളേജില്‍.

1944-ല്‍ ബാംഗ്ലൂര്‍ യുണൈറ്റഡ് തിയോളജിക്കല്‍ കോളേജില്‍ ദൈവശാസ്ത്രപഠനത്തിനു ചേര്‍ന്നു.1947-ല്‍ വൈദികനായി. 1953 മേയ് 21-ന് റമ്പാനായി. 1953 മേയ് 23-ന് മാര്‍ത്തോമസഭയില്‍ എപ്പിസ്കോപ്പയായി അഭിഷിക്തനായി. അതോടെ ജോണ്‍ ക്രിസോസ്റ്റം എന്ന വിശുദ്ധന്‍റെ പേര് സ്വീകരിച്ചു. 1978 മേയില്‍ സഫ്രഗൻ മെത്രോപ്പൊലീത്തയായി. ഡോ.അലക്സാണ്ടർ മെത്രാപ്പൊലീത്ത സ്ഥാനം ഒഴിഞ്ഞതോടെ 1999 ഒക്ടോബർ 23-ന് സഭയുടെ അമരക്കാരനായി. പരമാധ്യക്ഷസ്ഥാനത്തു നിന്നും വിരമിച്ച് 2007 ഒക്ടോബര്‍ 2-ന് അദ്ദേഹം വലിയ മെത്രോപ്പൊലീത്ത സ്ഥാനം ഏറ്റെടുത്തു. 2017 ഏപ്രിൽ 27-ന് ശതാഭിഷിക്തനായി. 2018-ൽ പത്മഭൂഷൻ നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു.

Comments (0)
Add Comment