പെട്ടിമുടി ദുരന്തത്തില്‍ മരണം 52 ആയി ; ഇനി കണ്ടെത്താനുള്ളത് 18 പേരെ, തെരച്ചില്‍ തുടരുന്നു

Jaihind News Bureau
Wednesday, August 12, 2020

മൂന്നാർ പെട്ടിമുടി ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 52 ആയി. 3 മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു. ഇന്നലെ നടത്തിയ തെരച്ചിലിൽ 3 മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു. ചെല്ലദുരൈ (55), രേഖ (27), രാജയ്യ (55) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. അതേസമയം ഇന്നും തെരച്ചില്‍ തുടരുകയാണ്.

ഇനി ദുരന്തത്തിൽ അകപ്പെട്ട 18 പേരെ കൂടി കണ്ടെത്താനുണ്ട്. ദുരന്തഭൂമിക്ക് സമീപത്ത് കൂടി ഒഴുകുന്ന പുഴയിൽ നിന്നുമാണ് ചൊവ്വാഴ്ച മൂന്ന് മൃതദേഹങ്ങളും കണ്ടെടുത്തത്. തിങ്കളാഴ്ച പുഴയിൽ നിന്നും 6 മൃതദേഹങ്ങൾ കണ്ടെടുത്തിരുന്നു. ശക്തി കുറഞ്ഞെങ്കിലും പെട്ടിമുടിയിൽ ചൊവ്വാഴ്ച പകലും ചാറ്റൽമഴയും കനത്ത മഞ്ഞും അനുഭവപ്പെട്ടു. പ്രതികൂല കാലാവസ്ഥയെ അതിജീവിച്ചായിരുന്നു ഇന്നലെയും തെരച്ചിൽ ജോലികൾ നടന്നത്. പത്ത് ചെറു സംഘങ്ങളായി തിരിഞ്ഞായിരുന്നു പുഴയിൽ തെരച്ചിൽ നടത്തിയത്. ദുരന്തഭൂമിയിലും മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് തെരച്ചിൽ തുടർന്നു.

ദുരന്തമുഖത്ത് നിന്ന് 5 കിലോമീറ്ററിലധികം ദൂരത്തിൽ പുഴയിൽ തെരച്ചിൽ നടത്തി. കൊവിഡ് ആശങ്ക ഉയർന്ന സാഹചര്യത്തിൽ രക്ഷാപ്രവർത്തകർ നിലയുറപ്പിച്ചിട്ടുള്ള ഭാഗത്തും മറ്റും രാവിലെ അണുനാശിനി തളിച്ച് ജാഗ്രത കടുപ്പിച്ചു. പെട്ടിമുടിയിൽ ദുരന്തത്തിൽ നിന്നും രക്ഷപ്പെട്ട ഒരു കുടുംബമുൾപ്പെടെ 65 കുടുംബങ്ങളെ സുരക്ഷിത ഇടത്തേക്ക് മാറ്റിയിട്ടുണ്ട്. ഇനി കണ്ടുകിട്ടാനുള്ള 18 പേരിൽ 9 പേരും കുട്ടികളാണെന്ന് തെരച്ചിലിന് നേതൃത്വം നൽകുന്ന ഡീൻ കുര്യാക്കോസ് എം.പി പറഞ്ഞു. ചൊവ്വാഴ്ചത്തെ തെരച്ചിൽ ജോലികൾക്ക് ശേഷം ജനപ്രതിനിധികൾ, ഉദ്യോഗസ്ഥ പ്രതിനിധികൾ എന്നിവരുടെ സാന്നിധ്യത്തിൽ പെട്ടിമുടിയിൽ യോഗം ചേർന്ന് സ്ഥിതിഗതി വിലയിരുത്തി. എൻ ഡി ആർ എഫ്, പോലീസ്, ഫയർഫോഴ്സ്,വനം വകുപ്പ്, റവന്യൂ, വിവിധ ജനപ്രതിനിധികൾ, സന്നദ്ധ പ്രവർത്തകർ എന്നിവരുടെ സംയുക്ത സഹകരണത്തിലാണ് പെട്ടിമുടിയിൽ തെരച്ചിൽ പുരോഗമിക്കുന്നത്.