കൊച്ചി : കെഎസ്ആർടിസിയുടെ മൂവാറ്റുപുഴ ഡിപ്പോയിലെ പെട്രോൾ പമ്പിൽ ജീവനക്കാർ നേരിടുന്നത് കനത്ത ദുരിതം. സർക്കാറിന്‍റെ പുതിയ പദ്ധതിയായ യാത്ര ഫ്യുവൽ പദ്ധതിയുടെ ഭാഗമായുള്ള പമ്പിലാണ് മേൽക്കൂര പോലും ഇല്ലാതെ മഴയും വെയിലുമേറ്റ് ജീവനക്കാർ ഇരുപത്തിനാല് മണിക്കൂറും ജോലി ചെയ്യുന്നത്.
പന്ത്രണ്ട് ജീവനക്കാർ മൂന്ന് ഷിഫ്റ്റായി ജോലിചെയ്യുന്ന പെട്രോൾ പമ്പിലാണ് ജീവനക്കാർ വെയിലും മഴയുമേറ്റ് ജോലി ചെയ്യുന്നത്. അധിക വരുമാനത്തിനായി കെഎസ്ആർടിസി നടപ്പാക്കിയതാണ് യാത്ര ഫ്യുവൽ എന്ന പദ്ധതി. എന്നാല്‍ വരുമാനത്തില്‍ മാത്രം കണ്ണുവെച്ചപ്പോള്‍ തൊഴിലാളികള്‍ക്ക് വേണ്ട അടിസ്ഥാനസൌകര്യങ്ങള്‍ ഒരുക്കുന്ന കാര്യം സൌകര്യപൂര്‍വം വിസ്മരിച്ചു.
നിരന്തരം അധികൃതരോട് മേൽക്കൂര ഉൾപ്പെടെ പണിത് ജോലി സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടിട്ടും ഒരു നടപടിയും ഇതുവരെ സ്വീകരിക്കാത്തതിൽ ജീവനക്കാർ കടുത്ത പ്രതിഷേധത്തിലാണ്. ദിനംപ്രതി മൂന്ന് ലക്ഷം രൂപയുടെ വരുമാനം ലഭിക്കുന്ന പമ്പിലെ ജീവനക്കാരാണ് ഈ സ്ഥിതി നേരിടുന്നത്. മെക്കാനിക്കൽ വിഭാഗത്തിൽ ഉൾപ്പെടെ ജോലി ചെയ്ത് വന്നിരുന്നവരാണ് ഇപ്പോൾ ഈ പമ്പിൽ ജോലി ചെയ്യുന്നത്. മറ്റ് വിഭാഗങ്ങളിൽ ജോലി ചെയ്യുന്നവരെ പെട്രോൾ പമ്പിൽ ജോലിക്ക് നിയമിച്ചതിനെതിരെ ജീവനക്കാർ നിലവിൽ കോടതിയെ സമീപിച്ചിട്ടുണ്ട്.
പ്രതിസന്ധികളിൽ നട്ടം തിരിയുന്ന കെഎസ്ആർടിസി ജീവനക്കാരോട് നാൽക്കാലികളോട് പോലും ചെയ്യാത്ത ക്രൂരതയാണ് അധികൃതർ മൂവാറ്റ് പുഴ ഡിപ്പോയിൽ ചെയ്ത് കൊണ്ടിരിക്കുന്നത്. ഓരോ മിനിറ്റിലും ആളുകൾ ഇന്ധനം അടിക്കാൻ എത്തുന്ന പമ്പിൽ ഇതുവരെ ഒരു സിസി ടിവി സ്ഥാപിക്കാൻ പോലും അധികൃതർ തയാറായിട്ടില്ല. മഴയും വെയിലുമേറ്റ് തളരുന്ന ജീവനക്കാർക്ക് അടിയന്തരമായി പമ്പിൽ മേൽക്കൂര സ്ഥാപിച്ച് ജോലി സുരക്ഷ ഉറപ്പുവരുത്തണമെന്ന് മാത്രമാണ് ഇവരുടെ ആവശ്യം.