പത്മ പുരസ്‌കാരം നല്‍കുന്നതില്‍ പുനഃപരിശോധന വേണം; വെള്ളാപ്പള്ളിക്കെതിരെ സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി; രാഷ്ട്രപതിക്ക് നിവേദനം നല്‍കി

Jaihind News Bureau
Tuesday, January 27, 2026

എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പത്മഭൂഷണ്‍ പുരസ്‌കാരം നല്‍കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കടുത്ത പ്രതിഷേധവുമായി സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി രംഗത്തെത്തി. മുന്‍പ് പത്മ പുരസ്‌കാരങ്ങളെ പരസ്യമായി അധിക്ഷേപിച്ച വ്യക്തിക്ക് അത്തരമൊരു ഉന്നത ബഹുമതി നല്‍കുന്നത് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സമിതി രാഷ്ട്രപതിക്ക് നിവേദനം നല്‍കി. ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഒരാള്‍ക്ക് രാഷ്ട്രത്തിന്റെ ആദരം നല്‍കുന്നത് ഉചിതമല്ലെന്ന് കമ്മിറ്റി ചൂണ്ടിക്കാട്ടി.

കേന്ദ്ര സര്‍ക്കാരിന്റെ പ്രത്യേക പദ്ധതി പ്രകാരം ദരിദ്രരേഖയ്ക്ക് താഴെയുള്ളവര്‍ക്ക് മൈക്രോ ഫിനാന്‍സിലൂടെ നല്‍കേണ്ട കോടിക്കണക്കിന് രൂപയില്‍ തിരിമറി നടത്തിയതുള്‍പ്പെടെ 127 ക്രിമിനല്‍ കേസുകളില്‍ വെള്ളാപ്പള്ളി പ്രതിയാണെന്ന് നിവേദനത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഒരു കൊലപാതക കേസ് ഉള്‍പ്പെടെയുള്ളവയില്‍ പ്രതിചേര്‍ക്കപ്പെട്ട ഇദ്ദേഹത്തിനെതിരെ 21 കേസുകളില്‍ നിലവില്‍ കുറ്റപത്രം നല്‍കുന്ന ഘട്ടത്തിലാണ്. സംസ്ഥാനത്തെ രാഷ്ട്രീയ സ്വാധീനത്തിന്റെ തണലിലാണ് ഈ കേസുകള്‍ നീണ്ടുപോകുന്നതെന്നും സമിതി ആരോപിക്കുന്നു.

രണ്ട് വര്‍ഷം മുന്‍പ് വെള്ളാപ്പള്ളി നടേശന് ഓണററി ഡോക്ടറേറ്റ് നല്‍കാനുള്ള നിര്‍ദ്ദേശം കാലിക്കറ്റ് സര്‍വ്വകലാശാല തന്നെ തള്ളിയിരുന്നു. അക്കാദമിക് രംഗത്ത് പോലും അംഗീകരിക്കപ്പെടാത്ത ഒരു വ്യക്തിയെ പത്മ പുരസ്‌കാരം നല്‍കി ആദരിക്കുന്നത് ഇതിനകം ഈ ബഹുമതി നേടിയവരോടുള്ള അനാദരവാണെന്ന് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി ചെയര്‍മാന്‍ ആര്‍.എസ്. ശശികുമാര്‍ ആരോപിച്ചു. അര്‍ഹരായവര്‍ക്ക് ലഭിക്കേണ്ട വായ്പാ തുകകള്‍ നഷ്ടപ്പെടുത്തിയ ഒരാളെ ആദരിക്കുന്നത് നീതിക്ക് നിരക്കാത്തതാണെന്നും നിവേദനത്തില്‍ വ്യക്തമാക്കുന്നു.