വളർത്തുനായയെ സ്കൂട്ടറില്‍ കെട്ടിവലിച്ച സംഭവം ; പ്രതിയെ അറസ്റ്റ് ചെയ്ത് പൊലീസ്

 

മലപ്പുറം : എടക്കരയിൽ വളർത്തുനായയോട് കൊടും ക്രൂരത കാട്ടിയ ഉടമ കരുനെച്ചി സ്വദേശി സേവ്യറിനെ എടക്കര പൊലീസ് അറസ്റ്റ് ചെയ്തു. ചെരുപ്പ് കടിച്ചതിന് ഇരുചക്രവാഹനത്തിൽ മൂന്ന് കിലോമീറ്ററോളം ദൂരത്തിലാണ് സേവ്യര്‍ വളര്‍ത്തുനായയെ കെട്ടി വലിച്ചത്. സംഭവം വിവാദമായതോടെ സന്നദ്ധ സംഘടനകള്‍ നൽകിയ പരാതിയിൽ എടക്കര പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പൊലീസ് പിടിയിലായത്.

ഇന്നലെയാണ് എടക്കര കരുനെച്ചി സ്വദേശി സേവ്യർ വളര്‍ത്തുനായയോട് ഈ ക്രൂരത കാണിച്ചത്. പെരുങ്കുളം മുതൽ മുസ്ല്യാരങ്ങാടി വരെ 3 കിലോമീറ്ററോളം ദൂരത്തിലാണ് സേവ്യര്‍ വളര്‍ത്തുനായയെ സ്കൂട്ടറില്‍ കെട്ടി വലിച്ചത്. ക്രൂരത നാട്ടുകാരുടെ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് ചിലര്‍ പിന്തുടർന്ന് വിലക്കിയെങ്കിലും ഇയാള്‍ അവഗണിച്ച് വാഹനം മുന്നോട്ടു കൊണ്ടുപോയി. നായയെ ഉപേക്ഷിക്കാൻ കൊണ്ടുപോവുകയാണെന്നാണ് നാട്ടുകാരോട് ഇയാള്‍ പറഞ്ഞത്. ചെരുപ്പടക്കമുള്ള വീട്ടിലെ സാധനങ്ങള്‍ നായ കടിച്ചു നശിപ്പിച്ചെന്നും സേവ്യര്‍ നാട്ടുകാരോട് പറഞ്ഞു.

കൂടുതല്‍ നാട്ടുകാര്‍ സ്ഥലത്തെത്തിയതോടെ നായയെ സ്കൂട്ടറില്‍ നിന്ന് കെട്ടഴിച്ച് വിട്ട ഇയാള്‍ കൂടെയുണ്ടായിരുന്ന മകനെ സ്കൂട്ടിയില്‍ പറഞ്ഞുവിട്ടു. പരിക്കേറ്റ നായയെ സേവ്യര്‍ പിന്നീട് നടത്തിക്കൊണ്ടുപോയി. സംഭവം വിവാദമായതോടെ മൃഗസ്നേഹികളും ചില സന്നദ്ധ സംഘടനകള്‍ എടക്കര പൊലീസ് സ്റ്റേഷനിൽ പരാതി നല്‍കിയിരുന്നു. ഇതേ തുടർന്നാണ് ഇന്ന് ഇയാളെ എടക്കര പൊലീസ് അറസ്റ്റ് ചെയ്തത്.

Comments (0)
Add Comment