അനുനയനീക്കം വീണ്ടും പാളി; വി സി നിയമനത്തില്‍ സര്‍ക്കാര്‍ ഗവര്‍ണര്‍ തര്‍ക്കം ഒത്തുതീര്‍പ്പായില്ല; മുഖ്യമന്ത്രി വരാത്തത് എന്തെന്ന് ഗവര്‍ണര്‍ മന്ത്രിമാരോട്

Jaihind News Bureau
Wednesday, December 10, 2025

തിരുവനന്തപുരം: സര്‍വ്വകലാശാലകളിലെ വൈസ് ചാന്‍സലര്‍ നിയമന വിവാദത്തില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറുമായി മന്ത്രിമാര്‍ നടത്തിയ അനുനയ ശ്രമം പരാജയപ്പെട്ടു. മന്ത്രിമാരായ പി. രാജീവും ആര്‍. ബിന്ദുവും ലോക്ഭവനില്‍ എത്തി ഗവര്‍ണറുമായി ചര്‍ച്ച നടത്തിയെങ്കിലും, താന്‍ തെരഞ്ഞെടുത്ത പേരുകളാണ് യോഗ്യമെന്ന നിലപാട് ഗവര്‍ണര്‍ മാറ്റാതെ തുടരുന്നു. കൂടാതെ, ചര്‍ച്ചക്ക് തന്നെ മുഖ്യമന്ത്രി നേരിട്ട് എത്താത്തതെന്തെന്ന് ഗവര്‍ണര്‍ ചോദ്യം ഉയര്‍ത്തുകയും ചെയ്തു.

സുപ്രീം കോടതിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഗവര്‍ണറുമായി സമവായ ശ്രമം നടത്തിയത്. ഇരുവരും ഒത്തു തീര്‍പ്പിലെത്താനാകാതെ പോകുകയാണെങ്കില്‍ വി.സി നിയമനം നേരിട്ട് കോടതി നിര്‍ദേശിക്കുമെന്ന് ജസ്റ്റിസുമാരായ ജെ.ബി. പര്‍ദിവാലയും പ്രസന്ന ബി. വരാലെയും ചെയ്ത ബെഞ്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഡിജിറ്റല്‍ സര്‍വകലാശാലക്കും സാങ്കേതിക സര്‍വകലാശാലക്കും വേണ്ടി റിട്ടയേര്‍ഡ് സുപ്രീം കോടതി ജഡ്ജി സുധാന്‍ഷു ധൂലിയയുടെ നേതൃത്വത്തില്‍ രണ്ട് സെര്‍ച്ച് കമ്മിറ്റികള്‍ രൂപീകരിച്ചിരുന്നു. ഈ കമ്മിറ്റികള്‍ നല്‍കിയ പട്ടികയിലാണ് ഇപ്പോഴത്തെ തര്‍ക്കം കേന്ദ്രീകരിച്ചിരിക്കുന്നത്.

ഡിജിറ്റല്‍ സര്‍വകലാശാലയ്ക്കായി മുഖ്യമന്ത്രിയുടെ പട്ടികയില്‍ ഡോ. ജിന്‍ ജോസും ഡോ. പ്രിയ ചന്ദ്രനും മൂന്നും നാലും സ്ഥാനത്താണ്. സാങ്കേതിക സര്‍വകലാശാലയ്ക്ക് ഡോ. ജി.ആര്‍. ബിന്ദുവും ഡോ. പ്രിയ ചന്ദ്രനും രണ്ടും മൂന്നും സ്ഥാനത്ത് ഉള്‍പ്പെടുത്തി. എന്നാല്‍ ഡോ. സിസ് തോമസിനെയും ഡോ. പ്രിയ ചന്ദ്രനെയുമാണ് നിയമിക്കണമെന്ന് ഗവര്‍ണറുടെ നിലപാട്. ഇതാണ് പ്രശ്നം കൂടുതല്‍ മൂര്‍ച്ഛിക്കാന്‍ കാരണമായത്.