പെരിയ ഇരട്ടക്കൊലപാതകം : സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം വിപിപി മുസ്തഫയെ സിബിഐ ചോദ്യം ചെയ്തു

Jaihind Webdesk
Tuesday, October 19, 2021

കാസർഗോഡ് : പെരിയ ഇരട്ടക്കൊലപാതക കേസിൽ തദ്ദേശവകുപ്പ് മന്ത്രി എംവി ഗോവിന്ദന്‍റെ പ്രൈവറ്റ് സെക്രട്ടറിയും
സിപിഎം കാസർഗോഡ് ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ വിപിപി മുസ്തഫയെ സിബിഐ ചോദ്യം ചെയ്തു. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷും ശരത് ലാലും കൊല്ലപ്പെടുന്നതിന് ഒരു മാസം മുമ്പ് കല്യോട്ട് നടന്ന സിപിഎം യോഗത്തിൽ മുസ്തഫ നടത്തിയ പ്രസംഗം വിവാദമായിരുന്നു.

”പാതാളത്തോളം ഞങ്ങള്‍ ക്ഷമിച്ചുകഴിഞ്ഞു. ഇനി ചവിട്ടാന്‍ വന്നാല്‍ പാതാളത്തില്‍ നിന്ന് റോക്കറ്റ് പോലെ കുതിച്ചുയരും. അതിന്‍റെ വഴിയില്‍ പിന്നെ കല്യോട്ടല്ല, ഗോവിന്ദന്‍നായരല്ല, ബാബുരാജല്ല ഒരൊറ്റയൊരെണ്ണം ചിതയില്‍ പെറുക്കിവെക്കാന്‍ ബാക്കിയില്ലാത്തവിധം ചിതറിപ്പോകും. അങ്ങനെ റോക്കറ്റ് പോലെ പാതാളത്തില്‍ നിന്നുയർന്നുവരാനുള്ള അവസരമുണ്ടാക്കരുത്” – ഇതായിരുന്നു മുസ്തഫയുടെ പ്രസംഗത്തിലെ വിവാദ പരാമർശങ്ങള്‍.

2019 ജനുവരി 7 ന് നടന്ന യോഗത്തിലായിരുന്നു മുസ്തഫയുടെ വിവാദ പ്രസംഗം. പ്രസംഗത്തിൽ പരാമർശിക്കുന്ന ഗോവിന്ദൻ നായർ കല്യോട്ട് സ്വദേശിയും യുഡിഎഫ് ജില്ലാ കൺവീനറുമായ കോൺഗ്രസ് നേതാവ് എ ഗോവിന്ദൻ നായരാണ്. ബാബുരാജ് കല്യോട്ടെ പ്രാദേശിക കോൺഗ്രസ് നേതാവും ഇപ്പോൾ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ എം.കെ ബാബുരാജും. പ്രസംഗം നടന്ന് 40 ദിവസങ്ങൾക്കു ശേഷം ഫെബ്രുവരി 17നാണ് കല്യോട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷും ശരത്‌ലാലും കൊല ചെയ്യപ്പെട്ടത്.

കൊലപാതകം നടന്നതിന്‍റെ പിറ്റേന്നു മുതൽ മുസ്തഫയുടെ പ്രസംഗത്തിന്‍റെ വീഡിയോയും ഓഡിയോയും വ്യാപകമായി നവ മാധ്യമങ്ങളിലുൾപ്പെടെ പ്രചരിക്കുകയും ചെയ്തു. ഈ പ്രസംഗത്തിന്റെ പേരിൽ ആദ്യം കേസന്വേഷിച്ച ക്രൈം ബ്രാഞ്ച് സംഘവും മുസ്തഫയെ ചോദ്യം ചെയ്തിരുന്നു. ക്രൈം ബ്രാഞ്ച് കുറ്റപത്രത്തിൽ മുസ്തഫയെ സാക്ഷിയാക്കുകയും ചെയ്തു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഡിവൈഎസ്പി ടിപി അനന്തകൃഷ്ണന്‍റെ നേതൃത്വത്തിലുള്ള സിബിഐ സംഘം ഇന്നലെ മുസ്തഫയെ ചോദ്യം ചെയ്തത്.