പേരാവൂർ സൊസൈറ്റി തട്ടിപ്പ്; പണം നഷ്ടമായവർ റിലേ നിരാഹാര സമരം തുടങ്ങി

Jaihind Webdesk
Monday, October 11, 2021

 

കണ്ണൂർ : സിപിഎം നിയന്ത്രണത്തിലുള്ള പേരാവൂർ ഹൗസ് ബിൽഡിംഗ് സൊസൈറ്റിയിലെ ചിട്ടി തട്ടിപ്പ് പണം
നഷ്ടപ്പെട്ടവർ റിലേ നിരാഹാര സമരം ആരംഭിച്ചു. ഹൗസ് ബിൽഡിംഗ് സൊസൈറ്റിക്ക് മുന്നിലാണ് സമരം ആരംഭിച്ചത്. ചിട്ടിയിൽ നിക്ഷേപിച്ച തുക എത്രയും വേഗം തിരിച്ച് നൽകണമെന്നാവശ്യപ്പെട്ടാണ് സമരം.

അതേസമയം സിപിഎമ്മിന്‍റെ ഒത്തുതീർപ്പ് വ്യവസ്ഥയിൽ വിശ്വാസമില്ലെന്ന് സമരസമിതി പ്രവർത്തകർ വ്യക്തമാക്കി. പണം തിരിച്ച് നൽകുമെന്ന പാർട്ടി പ്രഖ്യാപനം തങ്ങളെ അറിയിച്ചില്ലെന്ന് സമര സമിതി പറഞ്ഞു. പത്രവാർത്തയിൽ കൂടിയാണ് ഇക്കാര്യമറിഞ്ഞതെന്ന് സമരസമിതി പ്രവർത്തകർ പറഞ്ഞു. സമരസമിതി കൺവീനർ സിബി മേച്ചേരിയാണ് പേരാവൂർ ഹൗസിംഗ് സൊസൈറ്റിക്ക് മുന്നിൽ നിരാഹാര സമരം ആരംഭിച്ചത്. ചിട്ടിയിൽ ചേർന്ന 432 ആളുകളുടെയും നിക്ഷേപതുക തിരിച്ച് നൽകണമെന്നാവശ്യപ്പെട്ടാണ് സമരം. നഷ്ടപ്പെട്ട പണം തിരിച്ച് ലഭിക്കുന്നത് വരെ ശക്തമായ സമരം നടത്താനാണ് സമരസമിതിയുടെ തീരുമാനം.

നിക്ഷേപ തട്ടിപ്പിൽ അന്വേഷണം ആവശ്യപ്പെട്ട് നിക്ഷേപകർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.  ഹൗസ് ബിൽഡിംസ് സൊസൈറ്റിയിലെ ക്രമക്കേട് സംബന്ധിച്ച് സിപിഎം ജില്ലാ-പ്രാദേശിക നേതാക്കൾ രണ്ട് തട്ടിലാണ്. പാർട്ടി അനുമതി ഇല്ലാതെയാണ് ചിട്ടി നടത്തിയതെന്ന് ജില്ലാ നേതൃത്വം ആവർത്തിക്കുമ്പോൾ അക്കാര്യം തങ്ങൾക്കറിയില്ലെന്നാണ് ലോക്കൽ സെക്രട്ടറിയുടെ പ്രതികരണം. പണം തിരിച്ച് നൽകാൻ നടപടി സ്വീകരിക്കുമെന്ന് സിപിഎം നേതൃത്വം പ്രഖ്യാപിച്ചിട്ടും സൊസൈറ്റിക്ക് മുന്നിൽ നിരാഹര സമരം ആരംഭിച്ചത് സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.