‘മുഖ്യമന്ത്രിയുടെ കണ്ണിലും മനസിലും ഇരുട്ട്, അതാണ് കറുപ്പ് ഭയം’; പിണറായിയെ ഭയന്ന് ജനം വീട്ടില്‍ കഴിയേണ്ട സ്ഥിതി: വി.ഡി സതീശന്‍

Jaihind Webdesk
Sunday, June 12, 2022

 

കൊച്ചി: മുഖ്യമന്ത്രിയെ ഭയന്ന് ജനങ്ങള്‍ വാതിലടച്ച് വീടുകളില്‍ കഴിയേണ്ട സ്ഥിതിയാണ് കേരളത്തില്‍ നിലനില്‍ക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മുഖ്യമന്ത്രിയുടെ കണ്ണിലും മനസിലും ഇരുട്ട് കയറിയിരിക്കുന്നത് കൊണ്ടാണ് കറുപ്പ് കാണുമ്പോള്‍ ഭയക്കുന്നതെന്നും വി.ഡി സതീശൻ പറഞ്ഞു.

കേരളത്തിന്‍റെ ചരിത്രത്തില്‍ ഇന്നുവരെ കണ്ടിട്ടില്ലാത്ത രീതിയിലാണ് മുഖ്യമന്ത്രിയുടെ യാത്രയും സുരക്ഷാ സന്നാഹങ്ങളും. ജനങ്ങളെ ബന്ദികളാക്കി മുഖ്യമന്ത്രി എന്തിനാണ് ഇത്രയും ഭയപ്പെട്ട് ജീവിക്കുന്നത്. മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയില്‍ കറുത്തത് കാണാനേ പാടില്ല. മാര്‍ച്ച് ഏഴിന് പ്രധാനമന്ത്രി പൂനെ മെട്രോ റെയില്‍ ഉദ്ഘാടനത്തിന് വന്നപ്പോഴാണ് ഇന്ത്യ ആദ്യമായി ഇത്തരമൊരു സുരക്ഷാ സംവിധാനം കണ്ടത്. അവിടെ കറുത്ത മാസ്‌കുകളും കണ്ണടകളും ഉദ്യോഗസ്ഥര്‍ മാറ്റി. മുണ്ടുടുത്ത നരേന്ദ്ര മോദിയാണ് കേരളത്തിലെ പിണറായി വിജയനെന്ന പ്രതിപക്ഷത്തിന്‍റെ ആക്ഷേപം ശരിയാണെന്ന് തെളിഞ്ഞിരിക്കുകയാണെന്ന് വി.ഡി സതീശൻ പറഞ്ഞു.

മുഖ്യമന്ത്രിക്കും പാര്‍ട്ടി സെക്രട്ടറിക്കും എതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച വ്യക്തിയെ ചോദ്യം ചെയ്യാന്‍ പോലും വിളിപ്പിക്കാത്തത് എന്തുകൊണ്ടാണ്? എന്തിനാണ് ഇയാളെ വിജിലന്‍സ് ഡയറക്ടര്‍ വിളിച്ചത്. വിജിലന്‍സ് ഡയറക്ടറും ഉന്നതനായ പൊലീസ് ഉദ്യോഗസ്ഥനും ചേര്‍ന്ന് ഈ വ്യക്തിയെ എന്തിനാണ് സ്വര്‍ണ്ണക്കടത്ത് കേസ് പ്രതിയുടെ അടുത്തേക്ക് ഇടനിലക്കാരനായി വിട്ടത്? മുഖ്യമന്ത്രിയുടെ അറിവോടെയാണ് വിജിലന്‍സ് ഡയറക്ടര്‍ ഇടപെട്ടതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ബിജെപിയും സിപിഎമ്മും ചേര്‍ന്നുള്ള പ്രഹസനമാണ് ഇപ്പോൾ നടക്കുന്നത്. ഹൈക്കോടതിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നതാണ് യുഡിഎഫിന്‍റെ ആവശ്യം. കേസില്‍ അന്താരാഷ്ട്ര ബന്ധങ്ങള്‍ ഉള്ളതിനാല്‍ വിജിലന്‍സിന് അന്വേഷിക്കാനാകില്ല. സമരത്തിനൊപ്പം ഇക്കാര്യത്തില്‍ നിയമപരമായ വഴികളും യുഡിഎഫ് തേടുമെന്നും വി.ഡി സതീശൻ വ്യക്തമാക്കി.