ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്: കളക്ഷൻ ഏജന്‍റായ സിപിഎം വനിതാ നേതാവിനെതിരെ പൊലീസ് കേസ്

 

കണ്ണൂർ പായത്ത് വ്യാജ ഒപ്പിട്ട് പെൻഷൻ തുക തട്ടിയെടുത്ത സംഭവത്തില്‍ ഇരിട്ടി റൂറൽ ബാങ്കിലെ കളക്ഷന്‍ ഏജന്‍റും ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാവുമായ കെ.പി സ്വപ്നക്കെതിരെ  കേസെടുത്തു.  സി.പി.എം നേതാവും പായം പഞ്ചായത്ത് പ്രസിഡന്‍റുമായ എൻ അശോകന്‍റെ ഭാര്യയും ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ അടുത്ത ബന്ധുവുമാണ് സ്വപ്ന.

പായം അളപ്രയിൽ മാർച്ച് 9 ന് അന്തരിച്ച കൗസു എന്ന സ്ത്രീയുടെ പെൻഷൻ തുക വ്യാജ ഒപ്പിട്ട് തട്ടിയെടുത്തു എന്നാണ് കേസ്. ഇവരുടെ മക്കളാണ്  ഇരിട്ടി പൊലീസിൽ ഇതു സംബന്ധിച്ച പരാതി നൽകിയത്. ഇന്നലെ കൗസുവിന്‍റെ മക്കളുടെ മൊഴി എടുത്ത പൊലീസ് കേസ് രജിസ്റ്റർ ചെയ്യാത്തത് വിമർശനത്തിന് കാരണമായിരുന്നു. ഇതിനിടയിലാണ് പെൻഷൻ വിതരണത്തിന്‍റെ ചുമതല ഉണ്ടായിരുന്ന കളക്ഷൻ ഏജന്‍റ് കൂടിയായ സ്വപ്നക്കെതിരെ കേസെടുത്തിരിക്കുന്നത്. പെൻഷൻ തട്ടിപ്പ് പരാതി ഉയർന്നതോടെ മുഖം രക്ഷിക്കാനുള്ള നടപടികളുമായി ബാങ്ക് ഭരണസമിതിയും സി.പി.എമ്മും രംഗത്തെത്തിയിരുന്നു.

നടപടികളുടെ ഭാഗമായി  സ്വപ്നയെ ബാങ്കിൽ നിന്ന് അന്വേഷണ വിധേയമായി കഴിഞ്ഞദിവസം സസ്പെൻഡ് ചെയ്തിരുന്നു. എന്നാൽ പെൻഷൻ തുക തട്ടിപ്പ് നടത്തിയ സംഭവത്തിൽ പായം പഞ്ചായത്ത് പ്രസിഡന്‍റിനെ സംരക്ഷിക്കുന്ന നിലപാടാണ് സി.പി.എമ്മിനുള്ളത്. സ്വപ്നയ്ക്കൊപ്പം പെൻഷൻ വിതരണത്തിന്‍റെ ചുമതല ഉണ്ടായിരുന്ന വാർഡ് മെമ്പർ വിമല, സി.പി.എം പ്രവർത്തകൻ സുരേന്ദ്രൻ എന്നിവർക്കും തട്ടിപ്പില്‍ പങ്കില്ലെന്നാണ് പാർട്ടി നിലപാട്. പെൻഷൻ തുക വിതരണം ചെയ്യുന്നതിൽ ക്രമക്കേടോ വീഴ്ചയോ ഉണ്ടായെങ്കിൽ അതിന്‍റെ പൂർണ ഉത്തരവാദിത്തം ഇരിട്ടി റൂറൽ ബാങ്കിനാണെന്നാണ് പഞ്ചായത്ത് പ്രസിഡന്‍റ് എൻ അശോനും പറയുന്നത്.

സ്വന്തം ഭാര്യയായ ബാങ്കിലെ കളക്ഷൻ ഏജന്‍റും, സ്വന്തം പാർട്ടിയിലെ വാർഡ് മെമ്പറും, സി.പി.എം പ്രവർത്തകനും ചേർന്ന് നടത്തിയ വൻ തട്ടിപ്പ് ബാങ്കിന്‍റെ തലയിൽ കെട്ടിവെച്ച് രക്ഷപ്പെടാനാണ് പഞ്ചായത്ത് പ്രസിഡന്‍റ് അശോകന്‍റെ ശ്രമം. മരിച്ചുപോയവരുടെ പെൻഷൻ വാങ്ങിയതുമായി ബന്ധപ്പെട്ട് കൂടുതൽ പരാതി ഉയർന്നു വരാൻ സാധ്യത ഉള്ളതിനാൽ മരണമടഞ്ഞ മറ്റ് ചിലരുടെ കുടുംബങ്ങളുമായും സി.പി.എം നേതാക്കൾ ബന്ധപ്പെട്ടതായും സൂചനയുണ്ട്.

Comments (0)
Add Comment