‘പട്ടേലിനെ നീക്കണം, ദ്വീപിലെ സമാധാനാന്തരീക്ഷം പുനഃസ്ഥാപിക്കണം’ ; രാഷ്ട്രപതിക്ക് ആന്‍റോ ആന്‍റണി എം.പിയുടെ കത്ത്

ലക്ഷദ്വീപ് പ്രശ്നത്തില്‍ അടിയന്തരമായി പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി, പ്രധാനമന്ത്രി, ആഭ്യന്ത്രമന്ത്രി എന്നിവര്‍ക്ക് ആന്‍റോ ആന്‍റണി എം.പിയുടെ കത്ത്. ദ്വീപ് നിവാസികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ട് ദ്വീപിൽ കാലാകാലങ്ങളായി നിലനിന്നിരുന്ന അവസ്ഥ പുനഃസ്ഥാപിക്കണമെന്നും അദ്ദേഹം കത്തില്‍ ആവശ്യപ്പെട്ടു.

അഡ്മിനിസ്ട്രേറ്ററായി ചുമതലയേറ്റതിന് ശേഷം ദ്വീപിലെ ജനങ്ങളെ ദുരിതത്തിലാക്കുന്ന നടപടികളാണ് പ്രഫുല്‍ പട്ടേലിന്‍റെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. ഒരു കൊവിഡ് കേസ് പോലും ഇല്ലാതിരുന്ന ദ്വീപില്‍ ഇപ്പോഴത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 60 ന് മുകളിലാണ്. ദ്വീപിലുണ്ടായിരുന്ന കൊവിഡ് മാനദണ്ഡങ്ങള്‍ തകിടം മറിച്ചതാണ് ഇത്തരത്തില്‍ രോഗവ്യാപനത്തിന് ഇടയാക്കിയതെന്ന് അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടി.

ഗോവധ നിരോധനം, ബീഫ് നിരോധനം തുടങ്ങി ദ്വീപ് നിവാസികളുടെ പ്രധാന ഉപജീവന മാര്‍ഗമായ മത്സ്യബന്ധനം പോലും കരിനിയമങ്ങള്‍ കാരണം പ്രതിസന്ധിയിലായി. കരാര്‍ ജീവനക്കാരെ പ്രത്യേകിച്ച് കാരണമില്ലാതെ പിരിച്ചുവിട്ടതും ജനജീവിതം ദുരിതത്തിലാക്കി. ഗുണ്ടാ ആക്ട് ഉള്‍പ്പെടെ ദ്വീപ് നിവാസികളുടെ മേല്‍ ഏകാധിപത്യരീതിയില്‍ അടിച്ചേല്‍പ്പിക്കുന്ന സ്ഥിതിയാണുള്ളത്. ഈ സാഹചര്യത്തില്‍ അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെ തിരിച്ചുവിളിക്കാനും ദ്വീപിലെ ജനങ്ങളുടെ സമാധാന ജീവിതം ഉറപ്പ് വരുത്താനുമുള്ള അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് ആന്‍റോ ആന്‍റണി എം.പി കത്തില്‍ ആവശ്യപ്പെട്ടു.

Comments (0)
Add Comment