ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയ ജനങ്ങളെ സര്‍ക്കാര്‍ പരിഹസിക്കരുത്: പി.സി. വിഷ്ണുനാഥ്

Jaihind News Bureau
Monday, August 19, 2019

നവകേരള നിര്‍മ്മാണത്തിനായി സംഭാവന നല്‍കിയ ജനങ്ങളെ സര്‍ക്കാര്‍ പരിഹസിക്കരുതെന്ന് എ.ഐ.സി.സി സെക്രട്ടറി പി.സി. വിഷ്ണുനാഥ്. വൈദ്യുതി വകുപ്പ് ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് സ്വരൂപിച്ച 136 കോടി രൂപ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാതെയിരിക്കുകയും ധര്‍മ്മജന്‍ ഉള്‍പ്പെടെയുള്ളവരുടെ ചോദ്യങ്ങളെ ഉയര്‍ത്തിക്കാട്ടിയാണ് പി.സി. വിഷ്ണുനാഥിന്‍റെ പോസ്റ്റ്.  ദുരിതാശ്വാസ നിധിയിലേക്ക് പിരിക്കുന്ന തുക ആ ഫണ്ടിലേക്കു എത്തുന്നില്ല എന്നതിന്റെ തെളിവാണ് പുറത്തുവരുന്നതെന്നും വിഷ്ണുനാഥ് തന്‍റെ പോസ്റ്റില്‍ പറയുന്നു.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

ധർമ്മജൻ ശരിയായിരുന്നു.

ദുരിതാശ്വാസ നിധി സമാഹരിക്കുന്നതിനുള്ള വേഗത അത് ജനങ്ങളിൽ എത്തിക്കുന്നതിൽ ഉണ്ടാകുന്നില്ല എന്ന പരാതിയാണ് ധർമ്മജൻ ബോൾഗാട്ടി ഉന്നയിച്ചത്.

എന്നാൽ ദുരിതാശ്വാസ നിധിയിലേക്ക് പിരിക്കുന്ന തുക ദുരിതാശ്വാസ നിധിയിലേക്ക് തന്നെ എത്തുന്നില്ല എന്നതിന്റെ ദൃഷ്ടാന്തങ്ങൾ ഒന്നൊന്നായി പുറത്ത് വരികയാണ്. കെ.എസ്.ഇ.ബി ജീവനക്കാർ സാലറി ചലഞ്ച് വഴി സ്വരൂപിച്ച 130 കോടി രൂപ ദുരിതാശ്വാസ നിധിയിലേക്ക് നൽകാതെ വകമാറ്റി ചെലവഴിച്ചു എന്ന വാർത്ത അതിലൊന്ന് മാത്രം.

ധർമ്മജനെ അപഹസിച്ചവർക്കും അദ്ദേഹത്തിന്റെ രാഷ്ട്രീയം ചികഞ്ഞവർക്കും ഇതിനെന്ത് മറുപടിയാണ് നൽകാനുള്ളത് ?

മുഖ്യമന്ത്രിയുടെ അറിവോടെയാണ് തുക വകമാറ്റിയതെന്നാണ് വാർത്തകൾ.

എല്ലാ ഭിന്നതയും മറന്ന് നവ കേരള നിർമ്മാണത്തിൽ പങ്കാളികളായവരെയെല്ലാം സർക്കാർ ഇങ്ങനെ പരിഹസിക്കരുത്

– PC വിഷ്ണുനാഥ്