‘കെ.സി വേണുഗോപാലിന് കേരളത്തിലെത്താന്‍ AKG സെന്ററില്‍ അപേക്ഷ കൊടുത്ത് അനുവാദം വാങ്ങണോ’?; എം.വി ഗോവിന്ദനെ വിമര്‍ശിച്ച് പി.സി വിഷ്ണുനാഥ്

Jaihind News Bureau
Saturday, November 15, 2025

ബിഹാര്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ എഐസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലിനെതിരെ നടത്തിയ പ്രസ്താവന രാഷ്ട്രിയ മര്യാദയുടെ ലംഘനമെന്ന് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് പി.സി.വിഷ്ണുനാഥ് എം എല്‍ എ. യഥാര്‍ത്ഥത്തില്‍ പിണറായി വിജയനോട് ചോദ്യം ചോദിക്കാനുള്ള ധൈര്യമില്ലായ്മയാണ് ഗോവിന്ദന്‍ മാസ്റ്ററെ ഈ പ്രസ്താവനയ്ക്ക് പ്രേരിപ്പിച്ചത്. കെ.സി വേണുഗോപാല്‍ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ 17 ദിവസം ബീഹാറില്‍ പ്രവര്‍ത്തിച്ച ആളാണ്. രാഹുല്‍ ഗാന്ധി നടത്തിയ വോട്ട് അധികാര്‍ യാത്രയുടെ മുഖ്യ സംഘാടകന്‍ ആയിരുന്നു അദ്ദേഹം. വോട്ട് അധികാര്‍ യാത്രയില്‍ ഇന്ത്യയിലെ ബിജെപി ഇതര മുഖ്യമന്ത്രിമാര്‍ എല്ലാവരും പങ്കെടുത്തു. തമിഴ്‌നാട്ടിലെ സ്റ്റാലിന്‍ ഉള്‍പ്പടെ വന്നു. അതില്‍ പങ്കെടുക്കാത്ത ബി ജെ പി ഇതര മുഖ്യമന്ത്രി പിണറായി വിജയന്‍ മാത്രമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ബീഹാറില്‍ മഹാ സഖ്യത്തിന്റെ ഭാഗമായി സിപിഎം നേതാക്കള്‍ സ്ഥാനാര്‍ത്ഥികളായി മത്സരിച്ചിരുന്നു. അവരടക്കം മത്സരിക്കുമ്പോള്‍ സിപിഎമ്മിന്റെ പോളിറ്റ് ബ്യൂറോ അംഗമായ പിണറായി വിജയന്‍ ബീഹാറില്‍ പോകാതെ ഗള്‍ഫ് സന്ദര്‍ശനം നടത്തുകയായിരുന്നു. അദ്ദേഹം ബീഹാറിലേക്ക് തിരിഞ്ഞ് നോക്കിയില്ല. അതിന് ശേഷം ഈ രൂപത്തിലുള്ള പ്രസ്താവന ഗോവിന്ദന്‍ മാസ്റ്റര്‍ നടത്തുന്നത് പിണറായി വിജയനോട് ചോദ്യങ്ങള്‍ ചോദിക്കാനുള്ള ധൈര്യമില്ലായ്മയുടെ പുറത്താണ്. കെ സി വേണുഗോപാല്‍ കേരളത്തില്‍ വരുന്നു എന്നതാണ് ഗോവിന്ദന്‍ മാസ്റ്ററുടെ പ്രശ്‌നം. കെ.സി വേണുഗോപാല്‍ കേരളത്തില്‍ നിന്ന് ജനങ്ങള്‍ തിരഞ്ഞെടുത്ത് അയച്ച എം പിയാണ്. അദ്ദേഹത്തിന് കേരളത്തില്‍ വരുന്നതിന് എ.കെ.ജി സെന്ററില്‍ അപേക്ഷ കൊടുത്ത് അനുവാദം വാങ്ങിക്കണമെന്ന് ഞങ്ങള്‍ക്കറിയില്ലായിരുന്നു. അദ്ദേഹം ഇനിയും കേരളത്തില്‍ വരും. ബീഹാര്‍ തിരഞ്ഞെടുപ്പ് സംബന്ധിച്ച് അനേകം ആശങ്കകള്‍ ഉണ്ട്. വോട്ടര്‍ പട്ടികയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഉണ്ട്. ഇതൊക്കെ നിലനില്‍ക്കെ അതിനെതിരെ ഒന്നും ശബ്ദിക്കാതെ ബി.ജെ.പിയുടെ വിജയത്തില്‍ ഗൂഢ ആനന്ദം കണ്ടെത്തി കെ.സി വേണുഗോപാലിനെ വിമര്‍ശിക്കാന്‍ പുറപ്പെട്ട ഗോവിന്ദന്‍ മാഷെ കേരളത്തിലെ ജനത വിലയിരുത്തുമെന്ന് പി സി വിഷ്ണുനാഥ് എംഎല്‍എ കണ്ണൂരില്‍ പറഞ്ഞു.