അക്രമിയെ പോലീസ് പിന്തുടരാഞ്ഞതെന്ത്? പോലീസിനെ അമിതമായി രാഷ്ട്രീയവത്ക്കരിക്കുന്ന അതീവ ഗുരുതര അവസ്ഥ; ആഭ്യന്തരമന്ത്രി വിശദീകരിക്കണം: പി.സി വിഷ്ണുനാഥ്

 

തിരുവനന്തപുരം: എകെജി സെന്‍റർ ആക്രമിച്ച സംഭവത്തിൽ അടിമുടി ദുരൂഹതയെന്ന് ചൂണ്ടിക്കാട്ടി ചോദ്യങ്ങളുമായി പി.സി വിഷ്ണുനാഥ്. സിസി ടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നതിൽ ദുരൂഹമായ മെല്ലെപോക്കാണ് പോലീസ് കാണിക്കുന്നതെന്ന് പി.സി വിഷ്ണുനാഥ്. പോലീസിനെ അമിതമായി രാഷ്ട്രീയവത്ക്കരിക്കുന്ന അപകടകരമായ അവസ്ഥയാണ് സംസ്ഥാനത്തുള്ളതെന്ന് വിഷ്ണുനാഥ് ചൂണ്ടിക്കാട്ടി. എകെജി സെന്‍റർ സംഭവത്തിന് പിന്നാലെ കോൺഗ്രസ് ഓഫീസുകൾ വ്യാപകമായി ആക്രമിക്കപ്പെട്ട സാഹചര്യം ചൂണ്ടിക്കാട്ടി അടിയന്തരപ്രമേയ നോട്ടീസ് അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു പി.സി വിഷ്ണുനാഥ്.

എകെജി സെന്‍റർ ആക്രമണം നടന്ന് നാല് ദിവസമായിട്ടും പ്രതിയെ പിടിക്കാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം നടക്കുന്നു. ഗാന്ധി പ്രതിമകൾക്ക് നേരെ ആക്രമണം. സംസ്ഥാനത്ത് സിപിഎം കൊലവിളി മുദ്രവാക്യം വിളികൾ. പോലീസിന്‍റെ കാവൽ ഉണ്ടായിട്ടാണ് എകെജി സെന്‍ററിന് നേരെ ആക്രമണം നടന്നത്. നിരപരാധിയുടെ തലയിൽ കേസ് കെട്ടിവെക്കാൻ ശ്രമിക്കുന്നു.

അതീവ സുരക്ഷാമേഖലയിലാണ് എകെജി സെന്‍റർ. പോലീസ് നിരീക്ഷണമുണ്ട്. ക്യാമറാ നിരീക്ഷണമുണ്ട്. എന്തുകൊണ്ട് പ്രതിയെ പിന്തുടർന്നില്ല? സിസി ടിവി പരിശോധിക്കുന്നതിൽ പോലീസ് കാണിച്ചത് ദുരൂഹമായ മെല്ലെപ്പോക്കാണ്. നിരവധി ട്രാഫിക് സ്റ്റേഷനുകളുടെ മധ്യഭാഗത്താണ് എകെജി സെന്‍റർ സ്ഥിതിചെയ്യുന്നത്. എന്തുകൊണ്ട് പ്രതിയെ പിടികൂടാൻ സാധിക്കുന്നില്ല.

സംസ്ഥാനത്ത് പോലീസിനെ അമിതമായി രാഷ്ട്രീയവത്ക്കരിക്കുന്ന അപകടകരമായ അവസ്ഥയാണുള്ളത്. കെപിസിസി ഓഫീസ് ആക്രമിച്ചിട്ട് എന്ത് നടപടിയെടുത്തു. പ്രതിപക്ഷ നേതാവിന്‍റെ ഔദ്യോഗിക വസതിയിൽ അതിക്രമിച്ചുകയറിയ ആളുകളെ സ്‌റ്റേഷൻ ജാമ്യത്തിൽ വിട്ടു. കൊലവിളി പ്രസംഗത്തിൽ എന്ത് നടപടിയെടുത്തു. അത്യന്തം അപകടകരമായ അവസ്ഥയാണ് പോലീസിനെ രാഷ്ട്രീയവത്ക്കരിക്കുന്നതിലൂടെ ഇപ്പോൾ ഉണ്ടായിരിക്കുന്നത്.

എകെജി സെന്‍റർ ആക്രമിക്കപ്പെട്ടതിന്‍റെ പേരിൽ ഗുണ്ടാ സംഘങ്ങൾ അഴിഞ്ഞാടുകയാണ്. എകെജി സെന്‍ററിന് പോലീസിന്‍റെ കാവൽ ഉള്ളപ്പോൾ എങ്ങനെ ഈ സംഭവം ഉണ്ടായെന്ന് വിഷ്ണുനാഥ് ചോദിച്ചു. അക്രമിയെ പിന്തുടരാൻ പൊലീസ് തയാറാകാത്തത് ആഭ്യന്തരമന്ത്രി വിശദീകരിക്കണം. എകെജി സെന്‍ററിലെ മതിലിന് താഴെയുള്ള കരിയിലയും കടലാസും പോലും കത്താത്ത, മതിലിലെ മൂന്നു കല്ലുകളെ ലക്ഷ്യം വെച്ചുള്ള നാനോ ഭീകരാക്രമണമാണ് നടന്നതെന്നും വിഷ്ണുനാഥ് പരിഹസിച്ചു.

 

Comments (0)
Add Comment