‘വേട്ടക്കാര’നെയും ഇരയെയും ഒരു നൂലിൽ കെട്ടാൻ സിപിഎമ്മിനും ഡിവൈഎഫ്ഐക്കും അല്ലാതെ മറ്റാർക്ക് സാധിക്കും ?

കോഴിക്കോട്: സി.പി.എമ്മിൻറെ യുവജന സംഘടനയായ ഡി.വൈ.എഫ്.ഐയെ രൂക്ഷമായി വിമർശിച്ച് പി.സി. വിഷ്ണുനാഥ്. കൂത്തുപറമ്പ് രക്തസാക്ഷിത്വത്തിൻറെ ഇരുപത്തഞ്ചാം വാര്‍ഷികത്തില്‍ ചൂണ്ടയിടല്‍ മത്സരം സംഘടിപ്പിച്ച ഡി.വൈ.എഫ്.ഐയുടെ ഭാവന സമ്പന്നതയെ പരമാർശിച്ചുകൊണ്ടാണ് വിഷ്ണുനാഥിൻറെ ഫേസ്ബുക്ക് പോസ്റ്റ്.  ‘ഈ പാര്‍ട്ടിയെപ്പറ്റി നിങ്ങള്‍ക്ക് ഒരു ചുക്കും അറിയില്ല’ എന്ന തലക്കെട്ടോടെയായിരുന്നു കുറിപ്പ് തുടങ്ങുന്നത്.

ഡി.വൈ.എഫ്.ഐ തയ്യില്‍ യൂണിറ്റാണ് തയ്യില്‍മുക്ക് പുഴയില്‍ ചൂണ്ടയിടല്‍ മത്സരം സംഘടിപ്പിച്ചത്. രാവിലെ 10 മണിക്കായിരുന്നു മത്സരം. കൂത്തുപറമ്പ് രക്തസാക്ഷികളെ അവഹേളിക്കുന്ന പ്രവര്‍ത്തിയാണ് ഇതെന്നാരോപിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപക വിമര്‍ശനം ഉയര്‍ന്നുകഴിഞ്ഞു.

വിദ്യാഭ്യാസ മേഖലയിലെ സ്വകാര്യവത്കരണത്തിനെതിരെ സമരം ചെയ്താണ് കൂത്തുപറമ്പ് വെടിവെപ്പില്‍ അഞ്ച് ഡി.വൈ.എഫ്.ഐക്കാര്‍ രക്തസാക്ഷികളായതെന്നു ചൂണ്ടിക്കാട്ടിയ വിഷ്ണുനാഥ്, പിന്നീട് സി.പി.ഐ.എമ്മിന്റെ നേതൃത്വത്തില്‍ത്തന്നെ സ്വാശ്രയ കോളേജുകള്‍ അനുവദിച്ചതിനെയും ചൂണ്ടിക്കാട്ടുന്നു.

‘ചൂണ്ടയും ഇരയും മത്സരാര്‍ഥികള്‍ കൊണ്ടുവരേണ്ടതാണ്’ എന്ന നോട്ടീസിന്റെ താഴെ നല്‍കിയ നിര്‍ദ്ദേശത്തെ ‘വേട്ടക്കാരനെയും ഇരയെയും ഒരു നൂലില്‍ കെട്ടാന്‍ സി.പി.ഐ.എമ്മിനും ഡി.വൈ.എഫ്.ഐക്കും അല്ലാതെ മറ്റാര്‍ക്കു സാധിക്കുമെന്നു ചോദിച്ചാണു വിഷ്ണുനാഥ് ലേഖനം അവസാനിപ്പിച്ചത്.

ലേഖനത്തിൻറെ പൂർണ്ണരൂപം –

ഈ പാർട്ടിയെപ്പറ്റി നിങ്ങൾക്ക് ഒരു ചുക്കും അറിയില്ല ?

ഇത്രയും ഭാവനാസമ്പന്നമായി, വികാരനിർഭരമായി രക്തസാക്ഷികളെ അനുസ്മരിക്കുന്ന വേറെ ഏതൊരു പാർട്ടിയുണ്ട് ലോകത്ത്?!

വിദ്യാഭ്യാസത്തിന്റെ സ്വകാര്യവത്കരണം ആഗോളവത്കരണത്തിന്റെ അജണ്ടയാണെന്നും പ്രസ്തുത അജണ്ട നടപ്പിലാക്കാൻ എം വി രാഘവനെ അനുവദിക്കില്ലെന്നും പറഞ്ഞുകൊണ്ടാണ് രാഘവനെ തടയുന്ന സമരം ഡിവൈഎഫ്ഐ പ്രഖ്യാപിച്ചതും സമരത്തിന്റെ ഭാഗമായ് തെരുവുകൾ സംഘർഷഭരിതമായതും തുടർന്നുള്ള പോലീസ് വെടിവെപ്പിൽ 1994 നവംബർ 25 ന് അഞ്ച് ഡിവൈഎഫ്ഐ സഖാക്കൾ രക്തസാക്ഷികളായതും.

എന്നാൽ പിന്നീട്, അതേ പാർട്ടി തങ്ങളുടെ നേതൃത്വത്തിൽ തന്നെ സ്വാശ്രയ കോളേജുകൾ അനുവദിച്ചു. പരിയാരം കോളേജിൽ എം വി ജയരാജനെ പോലുള്ള നേതാക്കൾ ചെയർമാന്മാരായി തലപ്പത്തു വന്നു.

‘ജീവിച്ചിരിക്കുന്ന ‘രക്തസാക്ഷി പുഷ്പൻ ചൊക്ലിയിലെ വീട്ടിൽ അവശനായി കിടക്കുമ്പോൾ ആ കൺമുമ്പിലൂടെ നേതാക്കളുടെ മക്കൾ സ്വാശ്രയ സ്ഥാപനങ്ങളിൽ അഡ്മിഷൻ കരസ്ഥമാക്കി നടന്നുനീങ്ങിയതും നാം കണ്ടു.

പിന്നീട് ‘കരിങ്കാലി’ രാഘവന്റെ മകൻ പാർട്ടിയുടെ നിയമസഭാ സ്ഥാനാർത്ഥിയായപ്പോൾ അദ്ദേഹത്തിന് വോട്ടുപിടിക്കേണ്ട ദുര്യോഗവുമുണ്ടായി, ഡിവൈഎഫ്ഐ ക്ക്.

പിന്നെ ‘കൊലയാളി” രാഘവനെ പാർട്ടി തന്നെ അനുസ്മരിക്കാൻ തുടങ്ങി. അപ്പോഴും ബാക്ക് ഗ്രൗണ്ടിൽ ” പുഷ്പനെ അറിയാമോ
ഞങ്ങടെ പുഷ്പനെ അറിയാമോ സഖാവിനെ അറിയാമോ
ആ രണഗാഥ അറിയാമോ?”
എന്ന പാട്ട് ഇടുന്ന കാര്യം അവർ മറന്നില്ല. നിർബന്ധമായും ചെയ്യണമെന്ന് നിർദ്ദേശവും നൽകി.

ഇപ്പോൾ ഇതാ കൂത്തുപറമ്പ് രക്തസാക്ഷികളെ അനുസ്മരിക്കാൻ ചൂണ്ടയിടൽ മത്സരവും. ഏറ്റവും കൗതുകമായി തോന്നിയത് ചൂണ്ടയും ഇരയും മത്സരാർത്ഥികൾ തന്നെ കൊണ്ടുവരണമെന്ന സംഘടനയുടെ നിർദ്ദേശം തന്നെയാണ്.

‘വേട്ടക്കാര’നെയും ഇരയെയും ഒരു നൂലിൽ കെട്ടാൻ സിപിഎമ്മിനും ഡിവൈഎഫ്ഐക്കും അല്ലാതെ മറ്റാർക്ക് സാധിക്കും ? ?

എത്ര ഭാവനാസമ്പന്നമാണ് ആ സംഘടന !

– പി സി വിഷ്ണുനാഥ്

Comments (0)
Add Comment