പയ്യന്നൂർ ഫണ്ട് തട്ടിപ്പ് അന്വേഷിക്കേണ്ടത് സിപിഎമ്മല്ല, പോലീസാണ്: പ്രതിപക്ഷ നേതാവ്

Jaihind Webdesk
Tuesday, June 21, 2022

കോഴിക്കോട്: പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് തട്ടിപ്പ് അന്വേഷിക്കേണ്ടത് സിപിഎമ്മല്ല, പോലീസാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. പൊതുജനങ്ങളില്‍ നിന്നും പിരിച്ചെടുത്ത പണമാണ് സിപിഎമ്മുകാര്‍ തട്ടിയെടുത്തത്. സ്വന്തം വീട്ടിലെ കാര്യം സംസാരിക്കുന്നത് പോലെയാണ് സിപിഎം ഇത് കൈകാര്യം ചെയ്യുന്നത്. പരാതി നല്‍കിയ ആളെയാണ് സിപിഎം ശിക്ഷിച്ചത്. കുറ്റം ചെയ്തയാള്‍ ഇപ്പോഴും ജനപ്രതിനിധിയായി നടക്കുകയാണ്. സിപിഎമ്മിന്‍റെ രക്തസാക്ഷി ഫണ്ട് പിരിവുകളൊക്കെ ഇങ്ങനെയാണോ എന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്‌നാ സുരേഷിനെ സ്വാധീനിക്കാനായി മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ അനുമതിയോട് കൂടിയാണ് പഴയകാല മാധ്യമ പ്രവര്‍ത്തകനെ ഉപകരണമാക്കി രണ്ട് എഡിജിപിമാര്‍ ഇടനിലക്കാരായത്. മുഖ്യമന്ത്രിക്ക് എതിരായ മൊഴി പിന്‍വലിപ്പിക്കാനും പണം കൊടുത്ത് സ്വാധീനിക്കാനുമായിരുന്നു ശ്രമം. അതിനൊന്നും വഴങ്ങില്ലെന്ന് കണ്ടപ്പോള്‍ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി പിന്‍മാറ്റിക്കാന്‍ ശ്രമിച്ചു. മൊഴിക്കെതിരെ നിയമപരമായ മാര്‍ഗങ്ങളൊന്നും തേടാന്‍ മുഖ്യമന്ത്രി ഇതുവരെ തയാറായിട്ടില്ല. കേരളത്തില്‍ കലാപാഹ്വാനം നല്‍കി ഈ വിഷയത്തില്‍ നിന്നും ശ്രദ്ധ തിരിച്ചുവിടാനാണ് സിപിഎം ശ്രമിക്കുന്നത്. ബിജെപിയും സിപിഎമ്മും തമ്മിലുണ്ടാക്കിയ ഒത്തുതീര്‍പ്പിന്‍റെ ഭാഗമായാണ് തെരഞ്ഞെടുപ്പിന് മുമ്പ് അന്വേഷണം അട്ടിമറിക്കപ്പെട്ടത്.

സ്വപ്ന ഇപ്പോള്‍ ബിജെപിയുടെ ഉപകരണമാണെന്നാണ് സിപിഎം പറയുന്നത്. നേരത്തെ ഇവരെ കൊണ്ടു നടന്നത് ആരായിരുന്നു? ഒരു യോഗ്യതയും ഇല്ലാതിരുന്നിട്ടും ലക്ഷക്കണക്കിന് രൂപ ശമ്പളം കിട്ടുന്ന ജോലിയില്‍ നിയമിച്ചത് ഐ.ടി വകുപ്പിന്‍റെ ചുമതലയുണ്ടായിരുന്ന മുഖ്യമന്ത്രിയുടെ അറിവോടെയാണ്. ശിവശങ്കര്‍ ഇപ്പോഴും സര്‍ക്കാരിന്‍റെ വിശ്വസ്തനായി ഒപ്പമുണ്ട്. മറ്റൊരു പ്രതിക്ക് ബിജെപിയുമായി ബന്ധമുണ്ടെന്ന് ഇപ്പോള്‍ പറയുന്നതില്‍ എന്ത് അര്‍ത്ഥമാണുള്ളത്? വെളിപ്പെടുത്തല്‍ നടത്താതിരിക്കാനാണ് ശിവശങ്കറിനെ സെറ്റില്‍ ചെയ്തത്. സ്വപ്‌നയുടെ മൊഴി സംബന്ധിച്ച് ഹൈക്കോടതിയുടെ നിരീക്ഷണത്തില്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണമെന്നാണ് യുഡിഎഫ് ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് രാഹുല്‍ ഗാന്ധിയെ അപമാനിച്ച് കോണ്‍ഗ്രസിനെ തകര്‍ക്കാനുള്ള മോദി സര്‍ക്കാരിന്‍റെ നീക്കത്തിനെതിരെ ഡല്‍ഹിയില്‍ നാളെ നടക്കുന്ന പ്രക്ഷോഭത്തില്‍ കേരളത്തില്‍ നിന്നുള്ള എംഎല്‍എമാരും അണിചേരുമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. എംഎല്‍എമാരും എംപിമാരും ഡല്‍ഹിയില്‍ പോകുന്നത് കൊണ്ടാണ് കോഴിക്കോട് ചേരാനിരുന്ന ചിന്തന്‍ ശിബിരം മാറ്റിവച്ചത്. പുനഃസംഘടന മുന്‍കൂട്ടി നിശ്ചയിച്ച സമയക്രമം അനുസരിച്ച് പൂര്‍ത്തിയാക്കുമെന്നും വി.ഡി സതീശന്‍ വ്യക്തമാക്കി.