പവന്‍ ഖേരയ്ക്ക് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീം കോടതി; ബിജെപിയുടെ പ്രതികാര രാഷ്ട്രീയ നീക്കത്തിന് തിരിച്ചടി

Jaihind Webdesk
Thursday, February 23, 2023

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ചെന്ന പേരില്‍ വിമാനയാത്ര നിഷേധിക്കുകയും പിന്നാലെ അസം പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്ത കോൺഗ്രസ് വക്താവ് പവൻ ഖേരയ്ക്ക് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. 28 വരെയാണ് ജാമ്യം. കോണ്‍ഗ്രസ് നേതാവും അഭിഭാഷകനുമായ അഭിഷേക് സിംഗ്‌വിയാണ് സുപ്രീം കോടതിയില്‍ ഹാജരായത്. കേന്ദ്ര സർക്കാരിന്‍റെ രാഷ്ട്രീയ പകപോക്കലാണെന്ന് അറസ്റ്റിന് പിന്നിലെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

കോൺഗ്രസ് പ്ലീനറി സമ്മേളനത്തിൽ പങ്കെടുക്കാനായി ഛത്തീസ്ഗഢ് തലസ്ഥാനമായ റായ്പൂരിലേക്ക് പോകാൻ ഡൽഹി വിമാനത്താവളത്തിൽ എത്തിയപ്പോഴായിരുന്നു നാടകീയ സംഭവ വികാസങ്ങള്‍. ഇന്‍ഡിഗോ വിമാനത്തില്‍ നിന്ന് പുറത്തിറക്കിയ പവന്‍ ഖേരയെ അസം പോലീസാണ് അറസ്റ്റ് ചെയ്യുകയായിരുന്നു. ലഗേജ് പരിശോധിക്കണം എന്നായിരുന്നു ആവശ്യം. കേസുള്ളതിനാൽ യാത്ര അനുവദിക്കാനാവില്ലെന്നും ഇൻഡിഗോ വിമാനക്കമ്പനി അറിയിച്ചു. പവൻ ഖേരയ്ക്ക് എതിരായ നടപടിയിൽ അൻപതോളം കോൺഗ്രസ് നേതാക്കൾ വിമാനത്താവളത്തിൽ പ്രതിഷേധിച്ചു. ഇതോടെ ഒപ്പമുണ്ടായിരുന്ന എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എംപി ഉള്‍പ്പെടെയുള്ളവർ ശക്തമായ പ്രതിഷേധമുയർത്തി. വ്യക്തമായ കാരണമില്ലാതെയുള്ള അറസ്റ്റ് നടപടി അംഗീകരിക്കാനാവില്ലെന്ന് കെ.സി വേണുഗോപാല്‍ പറഞ്ഞു. തുടർന്ന് നേതാക്കള്‍ വിമാനത്താവളത്തില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിച്ചെന്ന പരാതിയിൽ പവൻ ഖേരയ്ക്കെതിരെ യുപി പൊലീസ് കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. ഗൗതം അദാനി വിഷയവുമായി ബന്ധപ്പെട്ടുള്ള വാർത്താസമ്മേളനത്തിനിടെ നടത്തിയ പരാമർശമാണ് കേസിനാധാരം. പരാമർശം ആക്ഷേപകരമാണെന്ന് കാട്ടി ലക്നൗവിലെ ബിജെപി നേതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് റജിസ്റ്റർ ചെയ്തത്. അസമിലെ ഹഫ്‍ലോംഗ് സ്റ്റേഷനിലാണ് കേസ്. വാരണസി, ലഖ്‌നൗ, അസം എന്നിവിടങ്ങളിൽ പവൻ ഖേരക്കെതിരെ എഫ്ഐആർ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിന് പിന്നാലെയായിരുന്നു നാടകീയമായ സംഭവവികാസങ്ങള്‍. എഫ്ഐആറുകള്‍ ഒന്നിച്ചാക്കണമെന്ന പവൻ ഖേരയുടെ ആവശ്യം കോടതി അംഗീകരിച്ചു.