തെരഞ്ഞെടുപ്പ് പ്രചാരണവുമായി നരേന്ദ്ര മോദി കേരളം സന്ദര്‍ശിക്കുമ്പോള്‍ ക്യാപ്റ്റന്‍ രാജുവിന്‍റെ കഥാപാത്രം പവനായിയുമായി ബന്ധപ്പെടുത്തിയുള്ള ട്രോളുകള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമാവുകയാണ്. പവനായി മോഡിയായി (#pavanayiMODIayi ) എന്നുള്ള ഹാഷ് ടാഗാണ് ഇത്തവണ വൈറലാകുന്നത്. നേരത്തെ പോമോനെ മോദി (#PoMoneModi) എന്ന ഹാഷ് ടാഗ് മലയാളികള്‍ വൈറലാക്കിയിരുന്നു.
സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത നടോടിക്കാറ്റ് സിനിമയിലെ ക്യാപ്റ്റൻ രാജു അഭിനയിച്ച പ്രശസ്തമായ കഥാപാത്രമാണ് പവനായി. താൻ എന്തോ സംഭവമാണെന്ന് തള്ളി തള്ളി പി.വി നാരായണൻ എന്ന സ്വന്തം പേര് പോലും മാറ്റി പവനായി എന്നാക്കി ദാസനെയും വിജയനെയും കൊല്ലാൻ ബോംബെ അധോലോകത്തിൽ നിന്നും വരുന്ന കൊലയാളിയായാണ് ക്യാപ്റ്റന്‍ രാജു ചിത്രത്തില്‍ എത്തുന്നത്. കോട്ടും സൂട്ടും ധരിച്ച് എത്തുന്ന പവനായി പക്ഷേ തന്‍റെ ഓരോ സീനിലും ചിരി പടര്‍ത്തുന്നു. നാടൻ മലപ്പുറം കത്തി മുതൽ മെഷീൻ ഗൺ വരെയുണ്ട് എന്നൊക്കെ തള്ളി ദാസനെയും വിജയനയും കൊല്ലും കൊല്ലും എന്ന് ഭീക്ഷണിപ്പെടുത്തി എങ്ങനെയുള്ള മരണം വേണമെന്ന് തിരഞ്ഞെടുക്കാൻ ദാസനും വിജയനും അവസരം നല്‍കുന്ന പവനായി ഒടുവിൽ കെട്ടിടത്തിന് മുകളിൽ നിന്നും സ്വയം തെന്നി വീണ് മരിക്കുകയാണ്.
ഒടുവിൽ താൻ ബോംബെയിൽ നിന്നും ഇറക്കിയ പവനായി വെറും പാഴെന്ന് ബോധ്യമാകുന്ന തിലകന്‍റെ കഥാപാത്രമായ അനന്തൻ നമ്പ്യാർ പറയുന്ന ” എന്തൊക്കെ ബഹളം ആയിരുന്നു…. മലപ്പുറം കത്തി , അമ്പും വില്ലും , മെഷീൻ ഗൺ, അങ്ങന പവനായി ശവമായി….” എക്കാലവും മലയാളികളുടെ നാവിന്‍തുമ്പില്‍ നില്‍ക്കുന്ന ഹിറ്റ് ഡയലോഗാണ്.
പവനായിയുടെ തള്ളുകള്‍ക്ക് സമാനമായ രീതിയിലുള്ള മോദിയുടെ പ്രവര്‍ത്തികളെ ട്രോളിയാണ് ഇത്തവണ ഹാഷ് ടാഗ് എത്തിയിരിക്കുന്നത്. 2014 തെരഞ്ഞെടുപ്പിലും മറ്റ് പല സന്ദര്‍ഭങ്ങളിലും മോദി തന്‍റെ കോട്ടും സൂട്ടും ധരിച്ച് താൻ എന്തോ സംഭവം ആണെന്ന മട്ടില്‍ ജനങ്ങള്‍ക്ക് മുന്നില്‍ നടത്തിയ പൊള്ള വാഗ്ദാനങ്ങളെ ശക്തമായ ഭാഷയില്‍ ട്രോളുന്നുണ്ട് സമൂഹ മാധ്യമങ്ങള്‍. 15 ലക്ഷം രൂപ അക്കൗണ്ടിൽ ഇട്ട് തരും എന്ന വാഗ്ദാനവും അര്‍ദ്ധരാത്രി പൊതുജനങ്ങളുടെ വയറ്റത്തടിച്ച് നടപ്പാക്കിയ നോട്ട് നിരോധനവും കള്ളപ്പണം തടയിടാൻ ചിപ്പുള്ള പുതിയ 2000 രൂപയുടെ നോട്ട് എന്ന വാദങ്ങളും ജിഎസ്ടി നടപ്പാക്കലും തുടങ്ങിയുള്ള മോദിയുടെ ഓരോ ഭരണപരാജയങ്ങളും പൊള്ള വാഗ്ദാനങ്ങളും സമൂഹ മാധ്യമങ്ങള്‍ ട്രോളിന് വിഷയമാക്കുന്നു. വലിയ ബഹളങ്ങള്‍ ഉണ്ടാക്കി ഇന്ത്യാക്കരുടെ മുഴുവൻ ശ്രദ്ധയും പ്രീതിയും പിടിച്ചുപറ്റാം എന്ന് കരുതിയ മോദിയെ അഭിനവ പവനായി എന്നല്ലാതെ എന്ത് പറയാന്‍. അഞ്ച് വർഷം കഴിഞ്ഞും തനിക്ക് ഒന്നും ചെയ്യാൻ കഴിയുന്നില്ലെന്ന തിരിച്ചറിവില്‍ എല്ലാ പരാജയങ്ങളുടെയും ഉത്തരവാദിത്തം ആദ്യ പ്രധാനമന്ത്രിയായ ജവഹര്‍ലാല്‍ നെഹ്റുവില്‍ ആരോപിക്കുന്ന മോദിയുടെ രീതികള്‍ ആത്മഹത്യാപരമെന്നാണ് സമൂഹമാധ്യമങ്ങളുടെ വിലയിരുത്തല്‍.
ഏറ്റവും ഒടുവിലായി എത്തിയ റഫേൽ വിഷയത്തിൽ കാവൽക്കാരൻ തന്നെ ഒരു കള്ളൻ ആണെന്ന് തിരിച്ചറിഞ്ഞ ഇന്ത്യന്‍ വോട്ടര്‍മാരുടെ മനസ്സിലും ” അനന്തന്‍ നമ്പ്യാര്‍” പറഞ്ഞതു പോലുള്ള വാക്കുകളാണെന്ന് ട്വീറ്റുകള്‍ പറയുന്നു. ” എന്തൊക്കെ ബഹളമായിരുന്നു അക്കൗണ്ടിൽ 15 ലക്ഷം രൂപ , കള്ളപ്പണം പിടിച്ചെടുക്കാന്‍ നോട്ട് നിരോധനം , ചിപ്പുള്ള പുതിയ 2000 രൂപ നോട്ട് , ജിഎസ്ടി… അവസാനം പവനായി മോദിയായി (#pavanayiMODIayi). ഏതായാലും പോമോനെ മോദി(#PoMoneModi)യ്ക്ക് പിന്നാലെ പവനായി മോഡിയായി (#pavanayiMODIayi ) എന്ന ഹാഷ് ടാഗും ട്വിറ്ററിലും ഫേസ്ബുക്കിലും തരംഗം ആകുകയാണ്.