തേങ്ങയും ഓലയും പറമ്പിലിടരുത് ; ലക്ഷദ്വീപില്‍ പട്ടേലിന്‍റെ വിചിത്ര ഉത്തരവ്

 

ലക്ഷദ്വീപില്‍ വിചിത്ര  ഉത്തരവുമായി അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍. ഇനി മുതല്‍ തേങ്ങയും ഓലയും പറമ്പിലിടരുതെന്നാണ് അഡ്മിനിസ്‌ട്രേറ്ററുടെ പുതിയ ഉത്തരവില്‍ പറയുന്നത്. പറമ്പില്‍ ഓലയോ തേങ്ങയോ കണ്ടാല്‍ പിഴയും ശിക്ഷയുമുണ്ടാവും. ഖരമാലിന്യങ്ങള്‍ കത്തിക്കാന്‍ പാടില്ലെന്നും നിര്‍ദേശമുണ്ട്.

ദ്വീപ് മാലിന്യമുക്തമാക്കുക എന്നതാണ് പുതിയ പരിഷ്കാരംകൊണ്ട് ഉദ്ദേശിക്കുന്നതെന്നാണ് ന്യായീകരണം.  അതേസമയം ദ്വീപ് നിവാസികള്‍ക്കെതിരെ കേസെടുക്കാനുള്ള നീക്കമാണ് പുതിയ ഉത്തരവിന് പിന്നിലെന്ന് വിമര്‍ശനമുണ്ട്. ദ്വീപിലെ എല്ലാ മത്സ്യ ബന്ധന ബോട്ടുകളിലും സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ നിയോഗിക്കണമെന്ന് നേരത്തെ ഉത്തരവിറങ്ങിയിരുന്നു. ബെര്‍ത്തിംഗ് പോയിന്‍റുകളില്‍ സി.സി ടി.വി സ്ഥാപിക്കാനും നിര്‍ദ്ദേശമുണ്ട്. സുരക്ഷ വര്‍ധിപ്പിക്കാനാണ് പുതിയ നടപടി എന്നാണ് വിശദീകരണം.

ലക്ഷദ്വീപില്‍ ഏര്‍പ്പെടുത്തിയ കരി നിയമങ്ങള്‍ക്കെതിരെ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് കൂടുതല്‍ വിവാദ നടപടികളുമായി അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ മുന്നോട്ടുപോകുന്നത്.

Comments (0)
Add Comment