പട്ടേല്‍ പ്രതിമ ഒ.എല്‍.എക്സില്‍ വില്‍പനയ്ക്ക്; കേസെടുത്ത് ഗുജറാത്ത് പൊലീസ്‌

Jaihind News Bureau
Monday, April 6, 2020

 

ഗുജറാത്ത്: സർദാർ വല്ലഭായ് പട്ടേലിന്‍റെ പ്രതിമ ഒ.എൽ.എക്സിൽ വില്‍പ്പനയ്ക്ക് പരസ്യം. 30,000 കോടി രൂപയ്ക്കാണ് പട്ടേല്‍ പ്രതിമ വിൽപ്പനയ്ക്ക് ഒ.എല്‍.എക്സില്‍ പരസ്യം ചെയ്തിരിക്കുന്നത്. കൊവിഡ്-19 ന് എതിരായ പോരാട്ടത്തിന് പണം കണ്ടെത്താനാണ് പ്രതിമ വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്നതെന്നാണ് വിശദീകരണം. സംഭവത്തില്‍ ഗുജറാത്ത് പൊലീസ് കേസെടുത്തു.

ശനിയാഴ്ചയാണ് ഒ.എൽ.എക്സിൽ പരസ്യം ചെയ്തിരിക്കുന്നത്. പിന്നില്‍ ആരെന്ന് കണ്ടെത്താനായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. കൊറോണയെ പ്രതിരോധിക്കാൻ സർക്കാരിന് പണം കണ്ടെത്താൻ വേണ്ടിയാണ് വിൽപ്പനയെന്ന് പരസ്യത്തിൽ പറയുന്നു. പരസ്യത്തെക്കുറിച്ച് പത്രവാര്‍ത്ത വന്നതിന് പിന്നാലെ അധികൃതര്‍ പരാതി നല്‍കുകയായിരുന്നു.

വാർത്തയായതിന് പിന്നാലെ ഒ.എൽ.എക്സിൽ നിന്ന് പരസ്യം  പിൻവലിച്ചു. സര്‍ക്കാർ മുതല്‍ വില്‍പനയ്ക്ക് വെച്ചതിനും സർക്കാരിനെ അപകീര്‍ത്തിപ്പെടുത്തുന്നതുമാണ് ഒ.എല്‍.എക്സിലെ പരസ്യമെന്ന്  ഐക്യ പ്രതിമ ചീഫ് അഡ്മിനിസ്ട്രേറ്റർ പറഞ്ഞു. 2018 ലാണ്  82 മീറ്റർ ഉയരമുള്ള പട്ടേല്‍ പ്രതിമ പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തത്. 3000 കോടി ചെലവഴിച്ച് പ്രതിമ നിര്‍മിച്ചതിനെതിരെ വലിയ വിമര്‍ശനമാണ് മോദി സർക്കാരിനെതിരെ ഉയർന്നത്.